കോട്ടയം: ഗുരുവായൂര്‍ ക്ഷേത്രത്തിനുചുറ്റും 100 മീറ്റര്‍ സ്ഥലം പൊന്നുംവില നല്‍കി അക്വിസിഷന്‍ നടത്തിയെടുക്കുന്നതിനുള്ള ദേവസ്വം ഭരണസമിതി തീരുമാനം ക്ഷേത്രത്തിന്റെ നിലനില്‍പ്പിനു ദോഷകരവും വലിയ സാമ്പത്തികബാദ്ധ്യത വരുത്തുന്നതുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
മുന്‍കാലങ്ങളില്‍ പൊന്നുംവിലയും അധികനഷ്ടപരിഹാരവും നല്‍കി കൈവശപ്പെടുത്തിയ ഏക്കര്‍കണക്കിന് ഭൂമി ഉപയോഗയോഗ്യമാക്കാതെ ഇപ്പോഴും അനാഥമായി കിടക്കുകയാണ്. ഇത്തരമുള്ള അധികബാദ്ധ്യത ദേവസ്വത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുമെന്നതിനാല്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേണ്ടെന്ന് മുന്‍ ദേവസ്വം കമ്മറ്റി തീരുമാനിച്ചിരുന്നതാണ്. അത് കണക്കിലെടുക്കാതെ ഇപ്പോഴത്തെ ഭരണസമിതി ഏകപക്ഷീയമായി അക്വിസിഷന്‍ നടപടിയുമായി മുന്നോട്ടുപോകുന്നത് ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മുന്‍സര്‍ക്കാരിന്റെയും ദേവസ്വം ഭരണസമിതിയുടെയും തീരുമാനങ്ങളും കോടതിവിധികളും കണക്കിലെടുക്കാതെയാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനം നടത്തുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടി ക്യൂകോംപ്ലക്‌സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്ന സ്ഥലത്ത് ഇപ്പോഴത്തെ ഭരണസമിതി, വ്യാപാരികള്‍ക്കുവേണ്ടി കടമുറികള്‍ നിര്‍മിച്ചുനല്‍കിയതും പുതുതായി ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ തീരുമാനിച്ചതും നിരുത്തരവാദപരമാണ്.
ഭക്തജനങ്ങളുടെ കാണിക്കത്തുകയാണ് പുതിയ വികസനത്തിന്റെ പേരില്‍ ദേവസ്വം ഭരണസമിതി ദുരുപയോഗം ചെയ്യുന്നത്. ഈശ്വരവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യത്തിനും വിലകല്‍പ്പിക്കാതെ, വളരെ അപക്വവും നിരുത്തരവാദപരവുമായ നടപടികളുമായി മുമ്പോട്ടുപോകുന്നത് കോടിക്കണക്കിനുള്ള ഭക്തജനങ്ങളുടെ മനസ്സിന് മുറിവേല്‍പ്പിക്കുന്നതാണെന്നുള്ള കാര്യം ദേവസ്വം ഭരണസമിതിയും സംസ്ഥാനസര്‍ക്കാരും ഓര്‍ക്കണം. അല്ലാത്തപക്ഷം ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും എന്‍എസ്എസ്സ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
















