ചങ്ങനാശ്ശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ നിന്നും പണം മോഷ്ടിച്ചു. പള്ളിയിലെ ഓഫീസ് മുറി തകര്‍ത്ത് മോഷ്ടാക്കള്‍ പണം അപഹരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. പള്ളിയില്‍നിന്നും വൈദിക മന്ദിരത്തിലേക്കുള്ള ഗ്രില്‍ തുറന്ന് ഗ്ലാസ് ഡോറിന്റെ താഴെയുള്ള പ്ലൈവുഡ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചു. അതിനുശേഷം വികാരിയുടെയും അസിസ്റ്റന്റ് വികാരിയുടെയും ഒന്നാം നിലയിലുള്ള മറ്റൊരു അസിസ്റ്റന്റ് വികാരിയുടെയും ഡീക്കന്റെയും മുറികള്‍ ഓടാമ്പലിട്ട് പൂട്ടി പള്ളിയുടെ ഓഫീസിലെത്തിയാണ് മോഷണം നടത്തിയത്.
പള്ളിമുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഒരു സ്റ്റീല്‍ അലമാരയും ഒരു തടി അലമാരയും പൊളിച്ചു. സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. എന്നാല്‍ ഇത് എത്രയുണ്ടെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്.
സ്റ്റീല്‍ അലമാരയുടെ വാതില്‍ തകര്‍ത്ത് ലോക്കറുകളെല്ലാം തുറന്നിട്ട നിലയിലാണ്. വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയില്‍ ഉണ്ടായിരുന്ന രേഖകളും പണവും ഓഫീസിലുണ്ടായിരുന്ന ചെക്കുകളും മോഷണം പോയതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ കുര്‍ബാനയ്‌ക്കായി പള്ളിയിലേക്കു പോകാന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് എല്ലാ വൈദികരുടെയും മുറികള്‍ ഓടാമ്പലിട്ട് പൂട്ടിയനിലയില്‍ കണ്ടെത്തിയത്. പിന്നീട് സെക്യൂരിട്ടിയെ വിളിപ്പിച്ച് മുറി തുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈദിക മന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള പള്ളിയുടെ ഓഫീസും അലമാരകളും പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
















