ഗ്വാളിയോര്‍: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ഗ്വാളിയോറില്‍ തുടങ്ങി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭം കുറിച്ചു. ശബരിമലയില്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച കിരാത നടപടികളെ അപലപിച്ച് പ്രത്യേക പ്രമേയം ഇന്ന് പാസാക്കുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്നലെയും ഇന്നുമായാണ് പ്രമേയങ്ങളിലെ ചര്‍ച്ച. ഭാരതീയ കുടുംബ സംവിധാനത്തെപ്പറ്റിയുള്ള പ്രമേയവും ചര്‍ച്ചയാവും. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ എബിപിഎസ് ചേര്‍ന്നാണ് സംഘത്തിന്റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഒരു വര്‍ഷം വടക്കേ ഇന്ത്യയിലും ഒരു വര്‍ഷം തെക്കെ ഇന്ത്യയിലും മൂന്നാം വര്‍ഷം നാഗ്പൂരിലുമാണ് എബിപിഎസ് ചേരുന്നത്. രണ്ടായിരം സക്രിയ സ്വയം സേവകരുടെ പ്രതിനിധി എന്ന നിലയില്‍ ഒരാള്‍ വീതമാണ് പങ്കെടുക്കുക.
അഖില ഭാരതീയ അധികാരികളുടെ ഒരു വര്‍ഷത്തെ യാത്രകള്‍, സംഘത്തിന്റെ പ്രത്യേക പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, ഭാവി പ്രവര്‍ത്തനങ്ങള്‍, വിവിധ സംഘ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളിലെ പ്രമേയങ്ങള്‍, സംഘ പ്രവര്‍ത്തന അനുഭവങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും സഹ സര്‍കാര്യവാഹ് അറിയിച്ചു.
അയോധ്യയിലെ രാമജന്മഭൂമി കേസില്‍ മധ്യസ്ഥതയ്‌ക്കുള്ള കോടതി നീക്കത്തെപ്പറ്റി പ്രതികരിക്കാന്‍ സഹ സര്‍കാര്യവാഹ് വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേസിലെ കക്ഷികള്‍ എല്ലാവരുടെയും അഭിപ്രായം കോടതി കേട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനവും കോടതി പറയട്ടെ, മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കശ്മീരിലെ പന്ത്രണ്ടു ജില്ലകളിലും സംഘപ്രവര്‍ത്തനം ശക്തമായി ആരംഭിച്ചതായും ഇതാദ്യമായി സംഘ നേതൃത്വം വെളിപ്പെടുത്തി. കശ്മീരി സമൂഹത്തെ ദേശീയ ധാരയിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് സംഘം കശ്മീര്‍ താഴ് വരയില്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: