കോട്ടയം: കോട്ടയം ലോക്സഭ സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ പാര്‍ട്ടി തീരുമാനിച്ചു. സിപിഎമ്മിന്റെ ജനകീയ മുഖമായ സുരേഷ്കുറുപ്പിനെ വെട്ടിയാണ് വാസവന്റെ പേര് മാത്രം നിര്‍ദ്ദേശിച്ചത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രംഗത്തുവന്ന സുരേഷ്കുറുപ്പിനുള്ള സ്വാധീനം വാസവനില്ല.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി. കെ. ഹരികുമാര്‍, അഡ്വ. കെ. സുരേഷ് കുറുപ്പ്, വി.എന്‍. വാസവന് എന്നീ പേരുകളാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിച്ച് പാര്‍ലമെന്റ് കമ്മറ്റിക്ക് ചര്‍ച്ചക്കായി അയച്ചുകൊടുത്തത്. എന്നാല്‍ മറ്റ് രണ്ടുപേരുകളും ഒഴിവാക്കി വാസവന്റെ പേരുമാത്രം നല്കി സീറ്റ് ഉറപ്പിക്കുകയായിരുന്നു.
കോട്ടയംകാരനല്ലാത്ത അജയ് തറയിലിനെ കഷ്ടിച്ച് തോല്‍പ്പിച്ചാണ് വാസവന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരുതവണ ജയിച്ചത്. അതും കോണ്‍ഗ്രസുകാര്‍ കാലുവാരിയിട്ടും. എന്നാല്‍ രണ്ടാമത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ടു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടും സിപിഎം കണ്ണൂര്‍ ലോബിയോടും അടുത്ത ബന്ധമുള്ള കോട്ടയത്തെ പ്രമുഖ വ്യവസായിയുമായുള്ള അടുപ്പവുമാണ് വാസവന് തുണയായത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സീറ്റിനായി വാസവന് ചരടുവലികള്‍ നടത്തിയെങ്കിലും സുരേഷ്കുറുപ്പിന് സീറ്റ് ലഭിക്കുകയായിരുന്നു. കോടിയേരി-പിണറായി കൂട്ടുകെട്ടിന്റെ മധ്യകേരളത്തിലെ വിശ്വസ്തനായ വാസവന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: