തൃശൂര്‍: പ്രാദേശിക എതിര്‍പ്പിനെ മറികടന്ന് ഇന്നസെന്റിനെ ചാലക്കുടിയില്‍ നിര്‍ത്താന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ആലത്തൂരില്‍ ബിജുവിന് പകരം കെ. രാധാകൃഷണന് വേണമെന്ന് പ്രാദേശിക നേതൃത്വം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയുള്ള അതൃപ്തി വ്യാപകമാവുകയാണ്.
ആലത്തൂരില്‍ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജില്ലാ-സംസ്ഥാന നേതൃത്വത്തിന് കത്ത് നല്കി. രാധാകൃഷ്ണന്റെ നിയമസഭ മണ്ഡലമായ ചേലക്കരയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്. ആലത്തൂരില്‍ പി.കെ. ബിജുവിനെ മൂന്നാംവട്ടവും മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
ബിജു മണ്ഡലത്തില്‍ സജീവമല്ലെന്നും എം.പിയെ കാണാന്‍ പോലും കിട്ടുന്നില്ലെന്നും നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം തന്നെയാണ് ബിജുവിനെതിരെ ഇപ്പോഴും ഉന്നയിക്കുന്നത്. പത്തുവര്‍ഷം എം.പിയായിരുന്നിട്ടും മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും സ്വീകാര്യനായില്ല എന്നാണ് ബിജുവിനെതിരായ വിമര്‍ശനം. വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നാക്കം നില്ക്കുന്ന മണ്ഡലം കൂടിയാണ് ആലത്തൂര്‍.
അതേസമയം ആരോഗ്യ സര്‍വ്വകലാശാല, തൃശൂര്‍ മെഡിക്കല്‍ കോളേജ്, അത്താണി വ്യവസായ എസ്റ്റേറ്റ്, കോള്‍ കൃഷി നിലങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രധാന കേന്ദ്രങ്ങള്‍ മണ്ഡലത്തിലുണ്ട്. എം.പി എന്ന നിലയില്‍ ഇവിടെയൊന്നും കാര്യമായ ഇടപെടല്‍ നടത്താന്‍ ബിജുവിനായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബിജുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
പ്രാദേശിക ഘടകങ്ങളുടെ പ്രതിഷേധം ഉണ്ടെങ്കിലും ഇന്നസെന്റിന്റെയും ബിജുവിന്റെയും കാര്യത്തില്‍ പുനഃപരിശോധന ഉണ്ടാകില്ല എന്ന സൂചനയാണ് സംസ്ഥാന നേതൃത്വം നല്‍കുന്നത്. പിണറായിയുടെ താത്പര്യപ്രകാരമാണ് ഇരുവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. പാര്‍ട്ടിയിലെ ഇപ്പോഴത്തെ സാഹചര്യം വച്ച് പിണറായി തീരുമാനിച്ചാലല്ലാതെ ഇതില്‍ മാറ്റമുണ്ടാകില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും കഴിഞ്ഞ് ശനിയാഴ്ചയേ അന്തിമ തീരുമാനമാകൂ എന്നാണ് നേതൃത്വം പറയുന്നതെങ്കിലും മാറ്റമുണ്ടാകാനുള്ള സാധ്യത വിരളമാണ്.
എംഎല്‍എമാരെ മത്സരിപ്പിക്കാനുള്ള നീക്കത്തിലും വ്യാപക എതിര്‍പ്പാണുയരുന്നത്. നിലവില്‍ അഞ്ച് എല്‍ഡിഎഫ് എംഎല്‍എമാരാണ് ലിസ്റ്റില്‍ കയറിക്കൂടിയിട്ടുള്ളത്. സിപിഎമ്മില്‍ നിന്ന് ആരിഫും വീണ ജോര്‍ജും പ്രദീപ് കുമാറും സിപിഐയില്‍ നിന്ന് സി. ദിവാകരനും ചിറ്റയം ഗോപകുമാറും. ഇത് നേതൃദാരിദ്ര്യം ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുമെന്നും പുതിയവര്‍ക്ക് അവസരം നഷ്ടപ്പെടുത്തുമെന്നും പരാതിക്കാര്‍ പറയുന്നു.
മാത്രമല്ല ഇവര്‍ തെരഞ്ഞടുക്കപ്പെട്ടാല്‍ നിയമസഭാംഗത്വം രാജിവക്കണം. ഉപതെരഞ്ഞെടുപ്പിന് കോടികള്‍ ചെലവാക്കണം. പൊതു ഖജനാവിന് വന്‍നഷ്ടമാണ് ഉണ്ടാകുക. അഞ്ച് വര്‍ഷത്തേക്ക് നിയമസഭാംഗമായി ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ഇടയില്‍ പാര്‍ലമെന്റിലേക്ക് ജനവിധി തേടുന്നത് ധാര്‍മികതയല്ല എന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാന്‍ സിപിഎം, സിപിഐ നേതൃത്വങ്ങള്‍ തയ്യാറല്ല. ജയസാധ്യത മാത്രമാണ് പരിഗണിക്കുന്നതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: