കൊച്ചി: കമ്യൂണിസ്റ്റുകള്‍ കരുത്തരുടേയും സമ്പന്നരുടേയും കൂടെയായെന്നും അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. ആലപ്പാട്ടെ കരിമണല്‍ ഖനനം ഒരു ജനതയെ ഇല്ലാതാക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കുന്നതും ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര വനസംരക്ഷണ നിയമം പോലെ സമുദ്ര-നദീ തീരങ്ങള്‍ സംരക്ഷിക്കാനുള്ള അധികാരം അതത് പ്രദേശത്തെ യഥാര്‍ഥ അവകാശികളെ ഏല്‍പ്പിക്കാന്‍ നിയമം വേണമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധന മേഖലയില്‍ സാങ്കേതികതയും ആധുനികവല്‍ക്കരണവും വ്യവസായത്തെ വളര്‍ത്തി, പക്ഷേ, പാരമ്പര്യ മത്സ്യ ബന്ധന മേഖലയെയും സമുദ്ര സമ്പത്തിനേയും ഇല്ലാതാക്കി. തൊഴില്‍ മേഖലയിലെ വര്‍ധനക്കണക്ക് വ്യവസായ മേഖലയിലാണ്. പാരമ്പര്യ തൊഴില്‍ രംഗത്ത് തൊഴില്‍ ഇല്ലാതായി, അദ്ദേഹം പറഞ്ഞു.
തീര സംരക്ഷണ നിയമത്തിലെ ദൂരപരിധി കുറച്ചത് തീരവാസികളായ സാധാരണക്കാര്‍ക്ക് ഗുണമല്ലേ?
ഗുണമാണ്. പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടരുത്. യഥാര്‍ഥ അവകാശികളെ കണ്ടെത്തി വേണം ഈ ആനുകൂല്യം നല്‍കാന്‍. മത്സ്യബന്ധന സമൂഹത്തിന് ഈ രംഗത്ത് കൂടുതല്‍ അധികാരം കിട്ടണം.
കേരളം പോലെ ടൂറിസം വ്യവസായമായ സംസ്ഥാനത്തിന് പ്രത്യേക പരിഗണന വേണ്ടേ?
കേരളത്തിന് ഇപ്പോഴത്തെ നിലയിലുള്ള ടൂറിസം അല്ല വേണ്ടത്. കൂറ്റന്‍ ഹോട്ടല്‍-റിസോര്‍ട്ട് നിര്‍മാണമല്ല ടൂറിസം. സിക്കിമിലെപ്പോലെ ടൂറിസത്തിന് പുതിയ വഴികളും രീതികളും കണ്ടെത്തണം. ഇന്ന് പല സ്ഥലങ്ങളിലും ടൂറിസം കൊണ്ടുവന്നിരിക്കുന്നത് ലഹരിയും ലൈംഗികത്തൊഴിലാളിപ്പെരുപ്പവുമാണ്. കേരളവും ആ മാര്‍ഗത്തില്‍ പോകണ്ടതില്ല.
ഇടുക്കിപോലെ പരിസ്ഥിതി പ്രശ്‌നം ഏറെയുള്ള സ്ഥലങ്ങളില്‍ ഭൂമികൈയേറ്റ കേസിലെ പ്രതികളെ സ്ഥാനാര്‍ത്ഥിയാക്കുന്നല്ലോ?
തികച്ചും ഖേദകരമാണ്. കുറ്റവാളികള്‍ക്ക് സീറ്റുകൊടുക്കുന്നതും വിജയിപ്പിക്കുന്നതും കൂടിയിരിക്കുന്നു. 30 ശതമാനം എംപിമാര്‍ കുറ്റവാളികളാണെന്ന് ഒരു കണക്കു കണ്ടിരുന്നു. കമ്യൂണിസ്റ്റുകള്‍ പറയുന്നല്ല പ്രവര്‍ത്തിക്കുന്നത്. എന്റെ ഒരു വിദ്യാര്‍ഥി മുമ്പ് പറഞ്ഞതോര്‍ക്കുന്നു. 50 വര്‍ഷം കമ്യൂണിസ്റ്റുപാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച 70 വയസായ വീട്ടമ്മ, ബംഗാളിലെ പാര്‍ട്ടിയോട് സഹായം ചോദിച്ചപ്പോള്‍ കൈക്കൂലി ചോദിച്ചുവെന്ന്.
പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള താങ്കളുടെ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്താണല്ലോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്?
വെള്ളം ചേര്‍ത്തതല്ല, എന്റെ റിപ്പോര്‍ട്ട് വികൃതപ്പെടുത്തിയതാണത്. ഉദ്യോഗസ്ഥരുടെ ദുരധികാരമാണ് ആ റിപ്പോര്‍ട്ട്. കസ്തൂരി രംഗനെപ്പോലൊരാള്‍ ഭണണഘടനയ്‌ക്കും 73-ാം ഭരണഘടനാ ഭേദഗതിക്കും എതിരായി നില്‍ക്കരുതായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ എഴുതിയ തുറന്ന കത്തിന് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല.
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്), മത്സ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികൡ പങ്കെടുക്കാനാണ് ഡോ. ഗാഡ്ഗില്‍ കൊച്ചിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: