കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് (എം) ന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയെങ്കിലും കോട്ടയത്ത് മത്സരിക്കാന്‍ ഉറച്ച് പി.ജെ. ജോസഫ്. ഇത് കേരള കോണ്‍ഗ്രസ് മാണിക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലാക്കി.
രണ്ടു സീറ്റെന്ന വാശി മാറ്റാനാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തന്നെ പി.ജെ. ജോസഫിനെ സമീപിച്ച് ചര്‍ച്ച നടത്തിയിരുന്നു. ജോസഫിന്റെ നിലപാട് മുന്നണിയുടെ ജയസാധ്യതയെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജോസഫ് പിന്മാറാന് തയാറായില്ല. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ ലോക്സഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ച് നിന്നു.
കേരള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസില്‍ ഏറെ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ജോസഫിന്റെ എതിര്‍പ്പ് മറ്റു ജില്ലകളിലും പ്രശ്നമുണ്ടാക്കുമെന്നാണ് ആശങ്ക. പ്രശ്നങ്ങള്‍ അവര്‍ തന്നെ ഇനി പരിഹരിക്കട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കങ്ങള്‍ പി.ജെ. ജോസഫ് ആരംഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി മകന്റെ പേരില്‍ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി രുപീകരിച്ച ജോസഫ് ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ആയിരം രൂപ നല്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കെ.എം. മാണി തന്റെ അടുപ്പക്കാരുമായി ചര്‍ച്ച തുടങ്ങി. പതിനഞ്ചോളം പേര് സ്ഥാനാര്‍ഥി കുപ്പായം പ്രതീക്ഷിച്ച് മാണിക്ക് ചുറ്റുമുണ്ട്. കെ.എം. മാണിക്കും ജോസ് കെ. മാണിക്കും വിധേയരായവര്ക്കായിരിക്കും സ്ഥാനാര്‍ഥിത്വം ലഭിക്കുകയെന്നത് ഉറപ്പാണ്. തുടക്കത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചെങ്കിലും അവസാന നിമിഷം നിഷാ ജോസിനെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: