തിരുവനന്തപുരം: മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും യുഡിഎഫിലെ സീറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. ഘടകകഷികളായ കേരളകോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റാതായതോടെ കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ചയും വഴിമുട്ടി. പ്രശ്നപരിഹാരത്തിന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഇടപെടണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് 15 , മുസ്ലിം ലീഗ് 2, കേരളകോണ്‍ഗ്രസ് 1, ആര്‍എസ്പി 1, വീരേന്ദ്രകുമാറിന്റെ ദള്‍ 1 എന്നിങ്ങനെയായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജനം. ഇക്കുറി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പക്ഷത്ത് ചേക്കേറി. ഈ സീറ്റിനെച്ചൊല്ലിയാണ് ഘടകകക്ഷികള്‍ തമ്മില്‍ പോര് മുറുകുന്നത്.
കേരളകോണ്‍ഗ്രസിലെ പി.ജെ. ജോസഫ് കടുത്ത പോരുമായി രംഗത്തുണ്ട്. മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മറുകണ്ടം ചാടും എന്ന നിലപാടിലാണ് ജോസഫ്. കേരളകോണ്‍ഗ്രസിലെ സിറ്റിംഗ് സീറ്റായ കോട്ടയത്ത് ജോസ്.കെ.മാണി ലോക്സഭാ സ്ഥാനം രാജി വച്ച് രാജ്യസഭാംഗമായി. യുഡിഎഫ് വിട്ട മാണിയെ അനുനയിപ്പിച്ച് വീണ്ടും മുന്നണിയില്‍ കൊണ്ടു വന്നതിനുശേഷം നടന്ന വിലപേശലിലാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കേണ്ടി വന്നത്.
ലോക്സഭാ സീറ്റ് ചര്‍ച്ചയില്‍ കഴിഞ്ഞ തവണത്തേതു പോലെ ഒരു സീറ്റ് നല്‍കാനും കോണ്‍ഗ്രസ് സമ്മതിച്ചു. മാണിക്ക് ഇത് സമ്മതമാണെങ്കിലും തന്റെ മരുമകളെ മത്സരിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ചതോടെയാണ് കേരള കോണ്‍ഗ്രസില്‍ കലഹം തുടങ്ങിയത്. അധികം സീറ്റ് ലഭിക്കില്ലെന്ന് അറിയാമെങ്കിലും ജോസഫിനെ സാന്ത്വനപ്പെടുത്താന്‍ രണ്ട് സീറ്റ് വേണമെന്ന അവകാശവാദവുമായി കേരള കോണ്‍ഗ്രസും രംഗത്ത് ഇറങ്ങി.
പി.ജെ. ജോസഫ് വിഭാഗം മാണിയുമായി ലയിച്ചപ്പോള്‍ ലഭിച്ച ഉറപ്പുകള്‍ ഒന്നും പാലിച്ചില്ലെന്നും അതിനാല്‍ കേരളകോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ താന്‍ മത്സരിക്കുമെന്നുമുള്ള നിലപാടിലാണ് പി.ജെ. ജോസഫ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫിലേക്ക് ചേക്കേറാനും ജോസഫ് മടിക്കില്ല. വി.എസിനെ മാത്രമെ ജോസഫിന് അതൃപ്തിയുള്ളൂ. വിഎസിന് ഇപ്പോള്‍ മുന്നണിയില്‍ കാര്യമായ സ്വാധീനം ഇല്ലാത്തതിനാല്‍ എല്‍ഡിഎഫിലേക്ക് പോകുന്നതില്‍ ജോസഫിന് വൈമനസ്യമില്ല.
സീറ്റ് ലഭിക്കില്ലെന്ന് അറിയാമെങ്കിലും കേരളകോണ്‍ഗ്രസിന് മറുമരുന്നായി മുസ്ലിം ലീഗും ഒരു സീറ്റ് കൂടി അധികം വേണമെന്ന വാദം ഉന്നയിക്കുന്നുണ്ട്. പതിവു പോലെ പാണക്കാട് തങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ച് സീറ്റില്ലായെന്ന് ധാരണയിലെത്തും. ആര്‍എസ്പി കൊല്ലം സീറ്റുകൊണ്ട് തൃപ്തരാണ്. സിറ്റിംഗ് എംപി എന്‍.കെ. പ്രേമചന്ദ്രന് പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
കേരള കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രശ്നം പരിഹരിക്കാത്തതിനാല്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പട്ടികയിലും തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ല. തിരുവനന്തപുരം ഒഴികെ മറ്റ് എല്ലാ സീറ്റിലും ഒന്നിലധികം പേരുകള്‍ അതാത് ഡിസിസികള്‍ നല്‍കിയിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാനേപ്പോലുള്ളവര് വനിതകള്‍ക്കുള്ള സീറ്റിനുവേണ്ടി വാദിക്കുന്നു. 14ന് കേരളത്തില്‍ എത്തുന്ന രാഹുല്‍ഗാന്ധിയുമായി അന്തിമ ചര്‍ച്ച നടത്തിയതിനു ശേഷം 15ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: