തൃശൂര്‍: സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നതോടെ എല്‍ഡിഎഫില്‍ അസംതൃപ്തരുടെ പടയൊരുക്കം. സിറ്റിങ് സീറ്റുകള്‍ ഉറപ്പിച്ച പല എംപിമാര്‍ക്കും ആദ്യം നേരിടേണ്ടി വരിക പാര്‍ട്ടിയിലെ അസംതൃപ്തരെയാകും. ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും രംഗത്തുവന്നു. ഈ കുരിശിനെ ഇനിയും ചുമക്കാന്‍ വയ്യ എന്നാണ് ഒരു പ്രാദേശിക നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.
രണ്ടാമൂഴത്തിനില്ല എന്ന് നേരത്തെ വ്യക്തമാക്കിയ ഇന്നസെന്റ് പിണറായിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നിലപാട് മാറ്റിയത്. ഇന്നസെന്റിനെതിരെ സിപിഎം ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം സമിതി പ്രതിഷേധമറിയിച്ചിട്ടുണ്ട്. ജയസാധ്യതയില്ലെന്നും ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും മണ്ഡലം സമിതി ഇന്നലെ നേതൃത്വത്തെ അറിയിച്ചു.
പിണറായി വിജയന്റെ താത്പര്യമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ഇന്നസെന്റിനെ ഒഴിവാക്കി ചാലക്കുടിയില്‍ പി. രാജീവും എറണാകുളത്ത് കെ. ചന്ദ്രന് പിള്ളയും സ്ഥാനാര്‍ഥിയാവുമെന്ന് കരുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരായി. കഴിഞ്ഞ തവണ രാജ്യസഭയിലേക്ക് ചന്ദ്രന്‍പിള്ളയുടെ പേര് ഉയര്‍ന്നുവെങ്കിലും അന്നും പിണറായി വെട്ടുകയായിരുന്നു. എറണാകുളത്ത് പി. രാജീവിന്റെ പേരാണ് പരിഗണിക്കുന്നത്.
എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത് എന്നിവര്‍ ദല്‍ഹിയിലെ പിണറായി ബ്രിഗേഡാണ്. രണ്ട് പ്രാവശ്യം ജയിച്ചവരെ ഒഴിവാക്കുക എന്ന തത്വം ഇവരുടെ കാര്യത്തില്‍ ബാധകമാകാത്തതിന് കാരണവും ഇതുതന്നെ.
സിറ്റിങ് എംപിമാരില്‍ തന്നെ മാത്രം ഒഴിവാക്കിയതില്‍ പി. കരുണാകരന് അതൃപ്തനാണ്. ലോക്സഭയിലെ സിപിഎം കക്ഷിനേതാവാണ് കരുണാകരന്. കേന്ദ്രക്കമ്മിറ്റിയംഗങ്ങളാണ് സാധാരണ ഈ ചുമതല നിര്‍വഹിക്കുക. ഇക്കുറി സ്ഥാനാര്‍ഥിപ്പട്ടികയിലുള്ള ഏക കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയാണ്. കാസര്‍കോട് കെ.പി. സതീഷ് ചന്ദ്രന്റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിണറായിയുടെ നിര്‍ദേശ പ്രകാരം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ പേര് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം.എ. ബേബിയോട് കൊല്ലത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ബേബി തയാറായില്ല. പിണറായിയുമായി രൂക്ഷമായ ഭിന്നതയിലാണ് ബേബി. ആലത്തൂരില്‍ പരിഗണിച്ചിരുന്ന മറ്റൊരു കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണന് ആദ്യപട്ടികയിലില്ല. ഇന്നസെന്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമായാല്‍ ചാലക്കുടിയില്‍ രാധാകൃഷ്ണനെ രംഗത്തിറക്കാന്‍ പാര്‍ട്ടി തയാറായേക്കും.
കോഴിക്കോടും ആലപ്പുഴയിലും പത്തനംതിട്ടയിലും സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത പ്രതിഷേധമുണ്ട്. പാര്‍ട്ടിക്ക് കൊള്ളാവുന്ന സ്ഥാനാര്‍ഥികളെ കിട്ടാനില്ല എന്ന പ്രതീതി സൃഷ്ടിക്കുന്നതാണ് നീക്കമെന്നും അര്‍ഹതപ്പെട്ടവരെ തഴയുകയാണെന്നും വിമര്‍ശനമുയരുന്നു. പത്തനംതിട്ടയില്‍ പിണറായിയുടെ താത്പര്യപ്രകാരം ആറന്മുള എംഎല്‍എ വീണാജോര്‍ജിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രാദേശിക എതിര്‍പ്പിന് കാരണമായിട്ടുണ്ട്. സീനിയര്‍ നേതാക്കളെ തഴഞ്ഞാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയം പോലുമില്ലാത്ത വീണയെ പരിഗണിക്കുന്നതെന്നാണ് വിമര്‍ശനം.
ഇടുക്കിയില്‍ മലയോര സംരക്ഷണ മുന്നണിയുടെ പ്രതിനിധിയായാണ് ജോയ്സ് ജോര്‍ജ് കഴിഞ്ഞ തവണ വിജയിച്ചത്. ഭൂമി കൈയേറ്റം ഉള്‍പ്പെടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ജോയ്സിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് താത്പര്യമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലയില്‍ ഉയര്‍ന്ന വികാരമാണ് കഴിഞ്ഞ തവണ ജോയ്സിനെ തുണച്ചത്. ഇക്കുറി അതുണ്ടാവില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
കണ്ണൂരില്‍ പി. ജയരാജന് വേണ്ടെന്ന തീരുമാനം പിണറായിയുടേതാണ്. ഇടഞ്ഞുനില്‍ക്കുന്ന ജയരാജന് വടകര നല്‍കിയേക്കും. ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയം ഉള്‍പ്പെടുന്ന വടകരയില്‍ ജയരാജന് സ്ഥാനാര്‍ഥിയാകുന്നത് കൊലപാതക രാഷ്ട്രീയം സജീവ ചര്ച്ചയിലെത്തിക്കുമെന്ന് വിമര്‍ശനവുമുണ്ട്.
ജനതാദളിന് സീറ്റ് നിഷേധിച്ചതില്‍ ആ പാര്‍ട്ടി കടുത്ത എതിര്‍പ്പിലാണ്. കോട്ടയത്തിന് പകരം അവര്‍ എറണാകുളം ആവശ്യപ്പെട്ടിരുന്നു. അതേസമയം പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് പിളര്‍ത്തി പുറത്തുവന്നാല്‍ കോട്ടയം സീറ്റ് നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതും ജനതാദളിനെ ചൊടിപ്പിക്കുന്നു. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും നിരാശയിലാണ്.
സിപിഐക്കുളളിലും സ്ഥാനാര്‍ഥി നിര്‍ണയം പൊട്ടിത്തെറി സൃഷ്ടിക്കുകയാണ്. തൃശൂരില്‍ രാജാജി മാത്യു തോമസ് പ്രചാരണം തുടങ്ങി. സീറ്റ് നിഷേധിക്കപ്പെട്ട സി.എന്‍. ജയദേവന് ഇവിടെ കടുത്ത പ്രതിഷേധത്തിലാണ്. തനിക്ക് സീറ്റ് നിഷേധിക്കാനുള്ള കാരണം പാര്‍ട്ടി ജനങ്ങളോട് വിശദീകരിക്കണമെന്ന് ജയദേവന് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് സി. ദിവാകരനെതിരെയും എതിര്‍പ്പുണ്ട്. കാനം വിരുദ്ധ പക്ഷത്ത് നില്ക്കുന്ന ദിവാകരന് പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തുന്നുവെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ തെരഞ്ഞടുപ്പിലെ പേയ്മെന്റ് സീറ്റ് വിവാദവും ദിവാകരനെ വേട്ടയാടുന്നു. കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാനം രാജേന്ദ്രനും കൂട്ടരും ദിവാകരനെ ബലിയാടാക്കുകയാണെന്നും വിശ്വസിക്കുന്നവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: