അങ്ങനെ അതും സംഭവിക്കുന്നു. കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ത്തും കെട്ടിപ്പിടിച്ചും മത്സരിക്കാനിറങ്ങുന്നു. ബംഗാളിലാണു കൊടിമൂത്തസഖ്യം. ഒഡീഷയടക്കം നാലു സംസ്ഥാനങ്ങലില്ക്കൂടി ഇതുണ്ടാകുമെന്നാണു കേള്‍വി. ഒരുകാര്യത്തില്‍മാത്രം ഇരുപാര്‍ട്ടിക്കും നിര്‍ബന്ധമുണ്ട്. ഇതിനെ സഖ്യമെന്നുവിളിക്കരുത്. നീക്കുപോക്കെന്നോ പരസ്പര സഹായസംഘമെന്നോ ഒക്കെ തരംപോലെ വിളിക്കാം. മുങ്ങിച്ചാകാന്‍ പോകുന്നവര്‍ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പരസ്പരം കെട്ടിപ്പിടിക്കാറുണ്ട്. അതിനേയൊന്നും ആരും സഖ്യമെന്നു വിളിച്ചുകേട്ടിട്ടില്ലല്ലോ. കമിതാക്കള്‍ ഒരുകയറില്‍ ജീവനൊടുക്കിയാല്‍ അതു സഖ്യമാണോ? കോണ്‍ഗ്രസ്സും സിപിഎമ്മും കമിതാക്കളാണോ എന്നും ചോദിക്കരുത്. മുങ്ങാന്‍ പോവുകയാണെന്നതുസത്യം. ഇരുവരും പെട്ടിരിക്കുന്നതില് ഏറ്റവും ആഴമുള്ള കയം ബംഗാളാണ്. അതുകൊണ്ട് അവിടെയാണു മുഖ്യസഖ്യം. അവിടെ ഒരുസീറ്റിലും പരസ്പരം മത്സരിക്കില്ല. സീറ്റിന്റെ കാര്യത്തി ല്‍ അത്യാവശ്യം ധാരണയൊക്കെയുണ്ടാകും.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ പലതും ചെയ്തിട്ടുള്ള പാര്‍ട്ടികളാണു രണ്ടും. ഇതൊരു പുതിയ ചരിത്രമാവും. ചരിത്രപരമായ വിഢിത്തംവരെ ചെയ്തിട്ടുള്ള കക്ഷിയാണല്ലോ സിപിഎം. സ്വന്തം നേതാവിനെ പ്രധാനമന്ത്രിയാക്കാന്‍ അവസരം കിട്ടിയിട്ടും കോണ്‍ഗ്രസ്സിന്റെ സഹായം വാങ്ങാന്‍ അറച്ചിട്ട് അതുവേണ്ടെന്നുവച്ച ചരിത്രമുണ്ട്. അന്നു പ്രധാനമന്ത്രിപദം നഷ്ടപ്പെട്ട ജ്യോതിബസുവാണ് അതിനെ ചരിത്രപരമായ വിഢിത്തമെന്നു വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ്സിനെ തോല്പിക്കാന് ഏതു ചെകുത്താനേയും കൂട്ടുപിടിക്കും എന്നുപറഞ്ഞതു പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടാണ്. ഇപ്പോള്‍ ചെകുത്താനും കടലിനും നടുവില്പ്പെട്ടപ്പോള് തത്ക്കാലം ചെകുത്താന് തന്നെമതിയെന്ന് ആ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു.
വായില്‍ത്തോന്നിയതു പറഞ്ഞുനടക്കുന്ന സ്വഭാവമാണു രണ്ടുപാര്‍ട്ടിക്കും. ഒരിക്കല്‍ പറഞ്ഞതു മായ്ച്ചുകളയാനും വിഴുങ്ങാനും അതിനു കടകവിരുദ്ധമായി പ്രര്ത്തിക്കാനുമുള്ള മിടുക്കു പലതവണകാണിച്ചിട്ടുമുണ്ട്. ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്ന കൊടുക്കല്‍വാങ്ങല്‍ ഇപ്പോള്‍ നാലാളറിഞ്ഞു നടത്തുന്നു എന്നതിനപ്പുറമൊന്നും ഈ ബാന്ധവത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലതാനും. ബംഗാളിലും ഒഡീഷയിലുമൊന്നും ഇതുകൊണ്ടു പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നുമില്ല. ബംഗാളില്‍ രണ്ടു പാര്‍ട്ടികളേയും മഷിയിട്ടുനോക്കിയാലും കാണാനില്ലാത്ത അവസ്ഥയായിക്കഴിഞ്ഞു. ഒഡീഷയില്‍ കോണ്‍ഗ്രസ്സിനു നിവര്ന്നുനില്ക്കാന് കഴിയുമായിരിക്കും. പക്ഷേ, സിപിഎം സഖ്യംകൊണ്ട് അവര്‍ക്കു പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. കുറെ ചുവന്ന കൊടികള്‍ക്കപ്പുറം അവിടെ സിപിഎമ്മിന്റെസാന്നിധ്യം ഉള്ളതായി അറിവില്ല.
അവിടൊക്കെ കെട്ടിപ്പിടിച്ച് മുന്നേറുമ്പോള്‍ പ്രശ്നം കേരളത്തിലാണ്. കൊണ്ഗ്രസ്സ് ബന്ധം ബംഗാളിലായാല്പ്പോലും സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു സിപിഎം കേരളഘടകം. പോളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഇക്കാര്യത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞു വാദിക്കുകയും ചെയ്തിരുന്നു. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എങ്കില്‍ കോണ്‍ഗ്രസ് എന്ന തീരുമാനത്തിലാണു പാര്‍ട്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ആ നിലപാടിനു മുന്‍തൂക്കം കിട്ടിയപ്പോള്‍ കേരളഘടകത്തിനും വഴങ്ങാതെ വഴിയില്ലെന്നായി. പക്ഷേ, ഇവിടെ പരസ്പരം പഴിപറഞ്ഞ് ഏറ്റുമുട്ടുന്നവരോടു വോട്ടര്‍മാരുടെ ഒരു ചോദ്യമുണ്ടാകും. എങ്കില്‍പ്പിന്നെ ഇവിടെയും അതുപോരെ? ആര്‍ക്കുവേണ്ടിയാണ് ഈ മത്സരപ്രഹസനം? ആചോദ്യത്തിനു മറുപടി പറയാന്‍ ഇരുപാര്‍ട്ടികളും വിയര്‍ക്കും. പ്രത്യേകിച്ചു ശബരിമല പ്രശ്നത്തിന്റെയും പ്രളയത്തിന്റെയും പേരിയ ഇരട്ടക്കൊലപാതകത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍. ഏതായാലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സഖ്യപ്രഖ്യാപനം കേരള സിപിഎമ്മിനുള്ള മുന്നറിയിപ്പുകൂടിയായി കണക്കാക്കാം. ശക്തികേന്ദ്രമായിരുന്ന ബംഗാളില്‍ പിടിച്ചുനില്ക്കാന് കച്ചിത്തുരുമ്പ് തേടുന്നെങ്കില്‍ നാളെ ഇതു കേരളത്തിലും സംഭവിച്ചുകൂടെന്നില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: