പ്രപഞ്ചത്തില്‍ തങ്ങള്‍മാത്രമാണ് ശരി എന്നു വിശ്വസിക്കുന്ന ഒരുസംഘം സിപിഎം നേതാക്കളും ബുദ്ധിജീവികളെന്ന് ഭാവിക്കുന്ന കലാ-സാംസ്‌കാരിക നായകന്മാരും ട്രേഡ് യൂണിയന്‍ നേതാക്കളുമാണ് ഈ നാടിന്റെയും ഇവിടുത്തെ ജനങ്ങളുടേയും ശാപം. അതിന്റ അവസാന ഉദാഹരണമാണു പെരിയയിലെ ഇരട്ടക്കൊലപാതകം. മുന്‍പു ജയകൃഷ്ണന്‍ എന്ന അധ്യാപകനെ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് വെട്ടിനുറുക്കിയപ്പോള്‍ ചീറ്റിത്തെറിച്ച രക്തം ദേഹത്ത് പുരണ്ട കുരുന്നുകളുടെ മനോനിലതന്നെ തെറ്റിപ്പോയ സംഭവം, വലതുകൈ വെട്ടിമാറ്റപ്പെട്ട പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ അവസ്ഥ, 51 വെട്ടേറ്റ് നിഷ്‌കരുണം കൊല ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍, കൈ അറപ്പില്ലാതെ സിപിഎം കൊന്നുതളളിയ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍…. ഇതൊക്കെ നടന്നത് നമ്മുടെ കേരളത്തിലാണ്. ഇതെല്ലാം ഒറ്റപ്പെട്ടതോ അല്ലെങ്കില്‍ പ്രാദേശികമായ പ്രത്യേക സാഹചര്യങ്ങളില്‍ സംഭവിച്ചതോ ആണെന്ന തരത്തില്‍ ലഘൂകരിച്ച് പൊതുജനമദ്ധ്യത്തില്‍ അവതരിപ്പിക്കാനാണ് നിക്ഷിപ്ത താത്പര്യക്കാരായ ഒരു പ്രബലവിഭാഗം ശ്രമിക്കുന്നതെന്ന് തിരിച്ചറിയണം.
വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്ത്യന്‍ ഭരണഘടനയ്‌ക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും ജനാധിപത്യ പ്രക്രിയകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥരാണല്ലോ. എന്നാല്‍ തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് സിപിഎമ്മിന്റെ പോക്ക്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത വ്യക്തികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, നീതിന്യായ കോടതികള്‍, ഔദ്യോഗിക സംവിധാനങ്ങള്‍ തുടങ്ങിയവ നാട്ടില്‍ വേണ്ടെന്ന ചിന്തയാണവരെ നയിക്കുന്നത്. അവയെ ഉന്മൂലനം ചെയ്യുക എന്ന കിരാതനടപടിയാണ് അധികാരം ആസ്വദിച്ച് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്നും വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും ധ്വംസിക്കപ്പെടുന്നുവെന്നും മുറവിളികൂട്ടുന്ന ഇവര്‍ തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഇവ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തട്ടെ.
രാഷ്‌ട്രീയ ഫാസിസത്തിന്റെ ഏറ്റവും ഭീകര അവസ്ഥയാണ് കേരളത്തില്‍ സമസ്തമേഖലകളിലും അനുഭവപ്പെടുന്നത്. ഭീഷണിപ്പെടുത്തി വരുതിയിലാക്കുക, വ്യക്തിസ്വാതന്ത്ര്യം തകര്‍ക്കുക, പ്രാണഭയം സൃഷ്ടിച്ചു സാധാരണക്കാരെ നിശ്ശബ്ദരാക്കുക, നിര്‍ബന്ധിത പണപ്പിരിവുനടത്തുക, ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തി വന്‍തുകകള്‍ വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും തട്ടിയെടുക്കുക, കൂടാതെ ഹുണ്ടികപ്പിരിവുകളും സഹായനിധികളും. ശതകോടികളുടെ ആസ്തിയുടെ ഉടമകളായിരിക്കുന്നു തൊഴിലാളിപ്പാര്‍ട്ടി. അഭിമന്യുവധത്തിന്റെ പേരില്‍ കോടികള്‍ പിരിച്ച് ലക്ഷങ്ങള്‍ ചെലവാക്കി. ആയിനത്തില്‍ കോടികള്‍ ബാക്കി പാര്‍ട്ടി ഫണ്ടാക്കി.
തങ്ങള്‍ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളെ സംരക്ഷിക്കാനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനുമായി പൊതുഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ വാരിക്കോരി ചെലവഴിക്കുന്നു. ഇതെല്ലാം തങ്ങള്‍ നല്‍കുന്ന നികുതിപ്പണമാണെന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കേണ്ടകാലം അതിക്രമിച്ചു. ഫലപ്രദമായി പ്രതികരിക്കാനുള്ള ആര്‍ജ്ജവം പ്രതിപക്ഷ പാര്‍ട്ടി കാണിക്കുന്നില്ല. പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിക്കുന്നു.
ഇത് പൊതുസമൂഹത്തില്‍ അരാജകത്വവും അരക്ഷിത ബോധവും അധാര്‍മ്മികതയും സൃഷ്ടിക്കുന്നു. ജനാധിപത്യം അപകടത്തിലാകുന്നു. പുതുതലമുറയില്‍ രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളോട് ഒരുതരം നിസ്സംഗത വളര്‍ന്നുവരുന്നു. ഫലമായി വികസന മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും സംജാതമാകുന്നു. ഇതിനെതിരെ രാജ്യസ്നേഹമുള്ള പൗരബോധമുള്ള പൊതുസമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ത്യ അതിര്‍ത്തി കടന്ന് ശക്തമായ മറുപടി പാക്കിസ്ഥാന് കൊടുത്തപ്പോള്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റേയും സിപിഎം കേരള സെക്രട്ടറി കോടിയേരിയുടേയും സ്വരം ഒരേ പോലെയായത് യാദൃച്ഛികമല്ല. ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഇസ്രയലിനെതിരെ കേരളത്തില്‍ പ്രകടനം നടത്തുന്നവര്‍, പാക്കിസ്ഥാന്‍ നമ്മുടെ ജവാന്‍മരെ കൊന്നൊടുക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ തെരുവിലിറങ്ങി കണ്ടില്ല. ഇവരുടെ കരാളഹസ്തങ്ങളില്‍ നിന്നും ത്രിപുരയും, ബംഗാളും മോചിതരായി. കേരളത്തെ ബാധിച്ചിരിക്കുന്ന ഈ രാഷ്‌ട്രവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തുവാന്‍ മുഴുവന്‍ ജനാധിപത്യശക്തികളും ഒന്നിച്ച് നില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: