തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ഒഴികെ എല്‍ഡിഎഫിലെ മറ്റ് ഘടക കക്ഷികളെയെല്ലാം ഒഴിവാക്കി ബാക്കിയുള്ള എല്ലാ സീറ്റിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ.
പതിനാറ് സീറ്റിലും സിപിഎം സ്ഥാനാര്‍ത്ഥികളോ സിപിഎം നിശ്ചയിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോ മത്സരിക്കും. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിനെ ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാതെ ഇക്കുറി ഒഴിവാക്കി. സീറ്റ് മോഹം ഉന്നയിച്ചിരുന്ന മറ്റ് ഘടക കക്ഷികളെയും സിപിഎം ക്ഷണിച്ചില്ല. എന്നാല്‍ കേരളകോണ്‍ഗ്രസില്‍ നിന്നും പി.ജെ. ജോസഫ് രാജി വച്ച് വന്നാല്‍ ഇടത് പിന്തുണയോടെ മത്സരിപ്പിക്കാനും ധാരണയിലെത്തി.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തിലും ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ച് എല്‍ഡിഎഫില്‍ കലഹം തുടങ്ങി. എന്‍സിപിയും എല്‍ജെഡിയും ജനതാദള്‍ എസും സീറ്റ് വേണമെന്ന നിലപാടിലാണ്. കഴിഞ്ഞ തവണ സിപി എം 15 സീറ്റിലായിരുന്നു മത്സരിച്ചത്. സിപിഐ നാലിടത്തും. ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥിയായി മാത്യു ടി. തോമസ് കോട്ടയത്തും മത്സരിച്ചു. ഈ സീറ്റ് സിപിഎം ഏറ്റെടുത്തു. എല്‍ഡിഎഫ് യോഗത്തില്‍ തിരുവനന്തപുരമോ എറണാകുളമോ വേണമെന്ന് ജെഡി എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് വ്യക്തമാക്കിയത്, എല്ലാ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്തശേഷമേ സീറ്റ് വിഭജനം ഉണ്ടാകൂ എന്നാണ്. എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ സിപിഐ ഒഴികെ എല്‍ഡിഎഫിലെ മറ്റ് കക്ഷികളെയൊന്നും ക്ഷണിച്ചിരുന്നില്ല. മലബാര്‍ മേഖലയില്‍ മുസ്ലിം ലീഗിനെ പ്രതിരോധിക്കാന്‍ ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ എടുത്തെങ്കിലും മേഖലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കൂടിയാലോചനകള്‍ പോലും ഐഎന്‍എല്ലുമായി നടത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: