”ഈ ആക്രമണത്തിന് രാജ്യം ഉചിതമായ മറുപടി നല്‍കും. സ്ഥലവും സമയവും രീതിയും തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്കുന്നു”. ‘ഫിദായീന്‍ ആക്രമണ’-ത്തിലൂടെ ജെയ്ഷെ മുഹമ്മദ് നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരെ ചിന്നിച്ചിതറിച്ചതിന്റെ പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്കിയ ഉറപ്പാണിത്. സ്വതന്ത്ര ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയാണ് മോദി. അയല്‍രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്ത ആദ്യത്തെ പ്രധാനമന്ത്രിയും. ’56 ഇഞ്ച് ഭീരുത്വം’ എന്നായിരുന്നു പുല്‍വാമയുടെ പിറ്റേന്ന് മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ അദ്ദേഹത്തെ എക്കാലവും എതിര്‍ത്തുപോരുന്ന ഒരു പ്രാദേശിക പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന്റെ അടിക്കുറിപ്പ്. ബലാകോട്ടിലെ ഭീകരകേന്ദ്രം വ്യോമസേന ബോംബിട്ട് തകര്‍ത്തതിന് പിറ്റേന്ന് അതേ പത്രം അതേ പേജില്‍ മറ്റൊരു കാര്‍ട്ടൂണ്‍ വരച്ചു- ’56 ഇഞ്ച് വീരത്വം’ എന്ന വിശേഷണത്തോടെ.
ജിഹാദികളുടെ ഭീഷണിക്കും ബ്രിട്ടീഷുകാരുടെ വഞ്ചനക്കും അടിയറവ് പറഞ്ഞ് വെട്ടിമുറിച്ച് സ്വതന്ത്രമാക്കപ്പെട്ട ഭാരതം ചെറുതും വലുതുമായ പതിനായിരത്തോളം ഭീകരാക്രമണങ്ങള്‍ക്കാണ് ഇരയായിട്ടുള്ളത്. പാക്ക് ഭീകരതയും വടക്കു കിഴക്കന്‍ മേഖലയിലെയും പഞ്ചാബിലെയും വിഘടനവാദവും ചേര്‍ന്ന് ഇരുപതിനായിരത്തോളം ജീവന് അപഹരിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍നിന്നെത്തിയ മതഭീകരര്‍ ഇരുനൂറോളം പേരെ കൊന്നൊടുക്കി. പ്രധാനമന്ത്രിയുടെ ഭീരുത്വമെന്ന് ഒരു പത്രവും അന്ന് കാര്‍ട്ടൂണ്‍ വരച്ചില്ല. തിരിച്ചടിക്കണമെന്ന ഒറ്റപ്പെട്ട ശബ്ദം പോലും ഉയര്ന്നുമില്ല. ആക്രമണത്തിന് തയ്യാറായിരുന്ന വ്യോമസേന, ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പിന്‍വാങ്ങി. അപലപിക്കലും ഞെട്ടല്‍ രേഖപ്പെടുത്തലുമായി ഓരോ ഭീകരാക്രമണവും കടന്നുപോയി. സൈനികരെയും സാധാരണക്കാരെയും കൂട്ടക്കുരുതി നടത്തുന്നവര്‍ക്ക് മറുപടി നല്‍കണമെന്ന് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയത് 2016ലെ മിന്നലാക്രമണത്തോടെയാണ്. ”മുംബൈ കത്തിയപ്പോള്‍ ഇന്ത്യ മെഴുകുതിരി കത്തിച്ചു. ഉറിയില്‍ ആക്രമിച്ചപ്പോള്‍ ഇന്ത്യ മിന്നലാക്രമണം നടത്തി. ഇത് പുതിയ ഇന്ത്യയാണ്. ഭീകരര്‍ക്ക് പലിശ സഹിതം തിരിച്ചുകൊടുക്കുന്ന നയാ ഹിന്ദുസ്ഥാന്‍”- മോദി പറയുന്നു.
അമേരിക്ക മുതല്‍ ചൈന വരെ
പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജവാന്മാരാണ് പുല്‍വാമയില്‍ പൊലിഞ്ഞത്. പ്രതികാരത്തിനായി മുറവിളി ഉയര്‍ന്നു. നയതന്ത്ര സമ്മര്‍ദ്ദവും സംയമനം പാലിക്കലും ഉപദേശിക്കാറുള്ള വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പോലും തിരിച്ചടിക്കണമെന്ന വികാരമായിരുന്നു പങ്കുവെച്ചത്. പുല്‍വാമയിലെ അടിക്ക് ബലാകോട്ടില്‍ തിരിച്ചടി നല്‍കാനെടുത്ത പന്ത്രണ്ട് ദിവസം കേന്ദ്ര സര്‍ക്കാരും സൈന്യവും കടന്നുപോയത് രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത അസാധാരണ സാഹചര്യങ്ങളിലൂടെയായിരുന്നു. നയതന്ത്രപരമായും സൈനികമായും മറുപടി നല്‍കുകയെന്ന ദ്വിമുഖ പോരാട്ടത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ”മറുപടി അനിവാര്യമാണ്. എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം”. ആക്രമണത്തിന് പിറ്റേന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വ്യോമാക്രമണത്തിന് മുന്‍പായി അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി വിദേശകാര്യ മന്ത്രാലയം മുന്നിട്ടിറങ്ങി. ആക്രമണത്തെ അപലപിച്ചുകൊണ്ടു യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ആദ്യ ദിവസം തന്നെ ട്വീറ്റ് ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി ബന്ധപ്പെട്ട മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാര്‍ പ്രസ്താവനയിറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി.
മുംബൈ, ഉറി ഭീകരാക്രമണ കാലത്തും ആക്രമണോത്സുക നയതന്ത്രം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അന്നത്തേക്കാള്‍ പിന്തുണ ഉറപ്പാക്കേണ്ടിയിരുന്നു. യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളുടേയും (ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ്) ജി 20ലെ ഭൂരിഭാഗം രാജ്യങ്ങളുടെയും അംബാസഡര്‍മാരുമായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കൂടിക്കാഴ്ച നടത്തി. 110 രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചും ആക്രമണത്തെ അപലപിച്ചും പ്രസ്താവനയിറക്കി. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്ന സൗദി അറേബ്യ, തുര്‍ക്കി, ഇറാന്, യുഎഇ എന്നിവരും പിന്തുണയറിച്ചത് ഇന്ത്യക്ക് വലിയ നേട്ടമായി.
അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) ജോണ്‍ ബോള്‍ട്ടണ്‍ അജിത് ദോവലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത് പ്രത്യാക്രമണത്തിനുള്ള പിന്തുണ കൂടിയായിരുന്നു. ഡൊണാള്‍ഡ് ട്രംപുമായി മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന അടുത്ത ബന്ധം ജോണ്‍ ബോള്‍ട്ടന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട അമേരിക്ക ഇന്ത്യയോട് സംയമനം പാലിക്കാനും നിര്‍ദ്ദേശിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിന് ഉപാധികളില്ലാത്ത പിന്തുണ നല്‍കുന്നുവെന്ന ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മാല്‍ക്കയുടെ വാക്കുകള്‍ പല തലങ്ങളില്‍ വായിക്കാവുന്നതായിരുന്നു.
യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈനയെ ഇന്ത്യന്‍ നിലപാടിന് അനുകൂലമാക്കാന്‍ സാധിച്ചതും വിജയമായി. അമേരിക്കയെ ഉപയോഗിച്ചാണ് ചൈനയെ ഇന്ത്യ വരുതിയിലാക്കിയത്. യുഎന്‍ സുരക്ഷാ സമിതി ഫെബ്രുവരി 19ന് ജെയ്ഷെ മുഹമ്മദിനെ പരാമര്‍ശിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ ‘ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ക്കെതിരായ ആക്രമണം’ എന്ന് എടുത്തുപറഞ്ഞു. ജമ്മു കശ്മീര്‍ തര്‍ക്ക പ്രദേശമായാണ് യുഎന്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭീകരാക്രമണങ്ങളെ നിര്‍വ്വചിക്കുന്നതില്‍ പൊതുധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. ജമ്മു കശ്മീരിലെ ആക്രമണം എന്ന് മാത്രം മതിയെന്ന ചൈനയുടെ നിലപാടിനെ ഇന്ത്യ എതിര്‍ത്തു. ശക്തമായി അപലപിക്കണമെന്ന സന്ദേശം ദല്‍ഹി സമിതിയിലെ അംഗങ്ങളെ അറിയിച്ചു. ‘ഇന്ത്യന്‍ അധിനിവേശ ജമ്മു കശ്മീര്‍’ എന്ന് പരാമര്‍ശിക്കണമെന്ന ആവശ്യവും മറ്റ് രാജ്യങ്ങള്‍ തള്ളിയതോടെ ചൈന അയഞ്ഞു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്) തങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഇന്ത്യ ആദ്യമായി പങ്കെടുത്തതും പാക്കിസ്ഥാന് ക്ഷീണമായി. 1969ല്‍ ഒഐസി രൂപീകരണ സമ്മേളനത്തില്‍ ക്ഷണം ലഭിച്ചതനുസരിച്ച് മൊറോക്കോയിലെത്തിയ കേന്ദ്രമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദിന് പാക്കിസ്ഥാന്റെ എതിര്‍പ്പ് കാരണം പങ്കെടുക്കാതെ അപമാനിതനായി മടങ്ങേണ്ടി വന്നിരുന്നു. അമ്പത് വര്‍ഷത്തിന് ശേഷം ഇന്ത്യ പങ്കെടുക്കുന്നത് കാരണം പാക്കിസ്ഥാന് സമ്മേളനം ബഹിഷ്കരിക്കേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതി.
പുല്‍വാമയില്‍ നിന്നും ബലാകോട്ടിലേക്ക്
സസ്പെന്‍സ് നഷ്ടപ്പെട്ടതിനാല്‍ മിന്നലാക്രമണം ആവര്‍ത്തിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തല്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നിരുന്നു. പുല്‍വാമയിലെ നഷ്ടം വലുതാണെന്നതിനാല്‍ മിന്നലാക്രമണത്തേക്കാള്‍ ശക്തമായിരിക്കണം മറുപടിയെന്ന് സൈന്യവും സര്‍ക്കാരും തീരുമാനിച്ചു. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും സര്‍ക്കാര്‍ സൈന്യത്തിന്മേല് ചെലുത്തിയില്ല. അസാധ്യമായത് ചെയ്യാന്‍ ആവശ്യപ്പെട്ടതുമില്ല. മറിച്ച്, പൊതുവികാരത്തിനടിപ്പെട്ട് വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. ആറാഴ്ചയാണ് പ്രധാനമന്ത്രി സൈന്യത്തിന് നല്‍കിയത്. രണ്ടാഴ്ച തികയുന്നതിന് മുന്‍പ്, 1971ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖ കടന്ന് ബലാകോട്ടിലെത്തി കരുത്തറിയിച്ചു.
സൈനിക നടപടിയല്ലെന്നും ഭീകരാക്രമണം നേരത്തെ അറിഞ്ഞ് പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യ ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തി. സൈനിക കേന്ദ്രങ്ങളെയോ ജനവാസ മേഖലകളെയോ ആക്രമണം ബാധിച്ചില്ല. ഭീകരരെ മാത്രം കൊന്നൊടുക്കുകയെന്ന ലക്ഷ്യമായിരുന്നു ഇന്ത്യയ്ക്ക്. അതുകൊണ്ടാണ്, ഭവല്‍പ്പൂരിലെ ജെയ്ഷെ ആസ്ഥാനവും കറാച്ചിയിലും ലാഹോറിലുള്ള പരിശീലന കേന്ദ്രങ്ങളും ഒഴിവാക്കി ബലാകോട്ടെ കുന്നിന്മുകള് തെരഞ്ഞെടുക്കാന്‍ സൈന്യത്തെ പ്രേരിപ്പിച്ചത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമ്പോഴും പ്രത്യാക്രമണത്തില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിക്കാറുണ്ട്. 2016ലെ മിന്നലാക്രമണം പത്രസമ്മേളനത്തിലൂടെ ലോകത്തെ അറിയിച്ചത് സൈന്യമായിരുന്നെങ്കില് വിദേശകാര്യ സെക്രട്ടറിയായിരുന്നു വ്യോമാക്രമണം വിശദീകരിച്ചത്. സൈനിക നടപടിയല്ലെന്ന് സൂചിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇതും. പാക്കിസ്ഥാന്റെ മറുപടി ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പാക്ക് യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന് മുന്നില്‍ അടിയറവ് പറഞ്ഞ് മടങ്ങേണ്ടി വന്നു.
കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ മാതൃകയില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഉപയോഗിച്ച് വിലപേശാനായിരുന്നു പിന്നീട് പാക്ക് നീക്കം. 1999ല്‍ ബന്ദികളാക്കപ്പെട്ട 173 യാത്രക്കാരെ രക്ഷിക്കുന്നതിനായി ജെയ്ഷെ തലവന്‍ അസര്‍ ഉള്‍പ്പെടെ മൂന്ന് കൊടുംഭീകരരെ അന്നത്തെ സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നിരുന്നു. അന്നു സൈന്യം കമാന്‍ഡോ ഓപ്പറേഷന് പദ്ധതിയിടുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ യാത്രക്കാരുടെ കുടുംബാംഗങ്ങളെ ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിച്ച് സോണിയയും ബൃന്ദാ കാരാട്ടും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. തീരുമാനമെടുക്കുന്നതിന് മുന്‍പായി പ്രധാനമന്ത്രി വാജ്പേയ് സര്‍വ്വകക്ഷിയോഗം വിളിച്ചു. ഭീകരരെ വിട്ടുകൊടുത്ത് യാത്രക്കാരെ മോചിപ്പിക്കണമെന്നായിരുന്നു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മന്മോഹന് സിങ്ങും ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിന്റെ പൊതുവികാരം. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തവണ അവസരം ലഭിച്ചില്ല. ഇമ്രാന് ഖാനെ പുകഴ്ത്തിയും മോദിയെ ഇകഴ്ത്തിയും സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണത്തിനപ്പുറം രാജ്യവിരുദ്ധര്‍ക്ക് പാക്കിസ്ഥാന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല.
വിലപേശലിന് മുന്നോടിയായാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന പാക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. വാഗ്ദാനം തള്ളിയ ഇന്ത്യ അഭിനന്ദനെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. യുദ്ധഭീതിയിലായിരുന്നു പാക്കിസ്ഥാന്. എന്നാല്‍ ഇന്ത്യയില്‍ എല്ലാം പതിവ് പോലെ നടന്നു. പ്രധാനമന്ത്രി പാര്‍ട്ടി പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്ത് വ്യക്തമായ സന്ദേശം നല്കി. വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്കി സമയം കളയാന്‍ അദ്ദേഹം തയ്യാറായില്ല. ”രാജ്യത്തിന്റെ കുതിപ്പ് തടയുകയെന്നതാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം. അതിന് കീഴടങ്ങാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ല”. പുല്‍വാമ ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ മോദി വ്യക്തമാക്കിയിരുന്നു. ഇമ്രാന്ഖാന് മൂന്ന് തവണ ശ്രമിച്ചിട്ടും മോദി സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. മൂന്ന് തലത്തിലുള്ള ആക്രമണത്തിന് ഇന്ത്യ പദ്ധതിയിട്ടതായി വിവരം ലഭിച്ചതോടെയാണ് ഉപാധികളില്ലാതെ വിട്ടയക്കാന്‍ ഇമ്രാന് സമ്മതിച്ചത്. സമാധാന സന്ദേശമെന്ന് വിശേഷിപ്പിച്ച് ജാള്യത മറക്കാനുള്ള അവരുടെ ശ്രമം കമ്യൂണിസ്റ്റുകളും ജിഹാദികളും മാത്രമാണ് മുഖവിലക്കെടുത്തത്.
ജനങ്ങളെയും സൈനികരെയും സംരക്ഷിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന തുറന്നപ്രഖ്യാപനമാണ് മോദിയുടേത്. അതിര്‍ത്തിയും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും വഴിയിലാണ് ഇന്ത്യ. അതിര്‍ത്തികടന്നുള്ള ഭീകരതക്കെതിരായ പോരാട്ടത്തില്‍ നിയന്ത്രണ രേഖയെന്നത് സാങ്കല്പ്പികം മാത്രമായിരിക്കുമെന്നാണ് ബലാകോട്ട് പാക്കിസ്ഥാന് നല്കുന്ന മുന്നറിയിപ്പ്. ആക്രമണത്തെ പ്രത്യാക്രമണത്തിലൂടെ പ്രതിരോധിക്കുകയെന്ന പുതിയ കീഴ്വഴക്കം മോദി സൃഷ്ടിച്ചു. മന്മോഹന് സിങ്ങിനെപ്പോലുള്ള പാവ പ്രധാനമന്ത്രിമാര്‍ ഭരിച്ചാലും രാജ്യത്തിന്റെ പൊതുവികാരത്തെ തൃപ്തിപ്പെടുത്തുന്ന മിന്നലാക്രമണങ്ങള്‍ക്ക് ഇനി അനുമതി നല്‍കേണ്ടി വരും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം കശ്മീരല്ലെന്നും അതിര്‍ത്തികടന്നുള്ള ഭീകരതയാണെന്നും ലോകത്തെ ബോധ്യപ്പെടുത്താനും മോദിക്ക് സാധിച്ചു. ”നമ്മള് ആരുടെയും ഭൂമിയില്‍ കണ്ണുവെക്കുന്നില്ല. എന്നാല്‍ നമ്മുടെ പരമാധികാരത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടിക്കും”. പുതിയ ഇന്ത്യയുടെ നയം മോദി വ്യക്തമാക്കുന്നു.
(വിവരങ്ങള്‍ക്ക് കടപ്പാട്:
ഇന്ത്യന്‍ എക്സ്പ്രസ്,
ടൈംസ് ഓഫ് ഇന്ത്യ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: