ആലപ്പുഴ: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനൊപ്പം നിന്ന് ഭക്തരെ വേട്ടയാടിയ, വനിതാ നവോത്ഥാനത്തിനായി മതില് കെട്ടിയ സിപിഐയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു സ്ത്രീ പോലുമില്ല. ലിംഗസമത്വവും, നവോത്ഥാനവും ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ മാത്രം മതി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആണുങ്ങളുണ്ട് എന്ന നിലപാടിലൂടെ സിപിഐയുടെ കാപട്യം പുറത്തുവന്നു.
തങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ ഉറപ്പായി വനിതയുണ്ടാകുമെന്ന് നേരത്തെ പ്രചരിപ്പിച്ച പാര്‍ട്ടി നേതൃത്വത്തിന് കാര്യത്തോട് അടുത്തപ്പോള്‍ സമ്പൂര്‍ണ പുരുഷാധിപത്യം. വയനാട്ടില്‍ സി.കെ. ജാനുവിനേയും, തിരുവനന്തപുരത്ത് ദേശീയ നേതാവ് ആനിരാജയേയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വനവാസികള്‍ക്കിടയില്‍ നിന്നുള്ള പ്രമുഖ നേതാവായ ജാനുവിന് കടുത്ത മത്സരം കാഴ്ചവയ്ക്കാനാകുമെന്നും വിലയിരുത്തലുണ്ടായി.
തിരുവനന്തപുരത്ത് ദേശീയ മഹിളാ ഫെഡറേഷന്റെ അഖിലേന്ത്യാ സെക്രട്ടറി ആനിരാജയെ മത്സരിപ്പിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മാനക്കേട് ഒഴിവാക്കുന്നതിന് സഹായിക്കുമെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍, സംസ്ഥാന കൗണ്‍സിലില്‍ തീരുമാനങ്ങളെല്ലാം മാറി. വനിതകളെ പൂര്‍ണമായും വെട്ടിനിരത്തിയുള്ള പട്ടികയ്ക്ക് അംഗീകാരം നല്കി പുരുഷാധിപത്യ നിലപാട് വ്യക്തമാക്കി സിപിഐ. ഇനി ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥികളില്‍ വനിതകളെ ഉള്‍ക്കൊള്ളിക്കേണ്ട ബാധ്യത സമര്‍ത്ഥമായി സിപിഎമ്മിന് മേല്‍ അടിച്ചേല്‍പ്പിക്കാനും സിപിഐക്ക് കഴിഞ്ഞു.
എല്ലാക്കാലത്തും ഇത്തരത്തില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ബാധ്യത സിപിഎമ്മിന് മേല്‍ ചാരി രക്ഷപ്പെടുന്ന തന്ത്രമാണ് സിപിഐ വിജയകരമായി പയറ്റുന്നത്. നിലവില്‍ വനിതാ എംഎല്‍എമാരുണ്ടെങ്കിലും സിപിഐയുടെ മന്ത്രിമാര്‍ എല്ലാവരും പുരുഷന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: