പുല്‍വാമയില്‍ പാക്കിസ്ഥാന് ആസൂത്രണം ചെയ്ത ഭീകരാക്രമണത്തെ ലോകം മുഴുവന്‍ അപലപിച്ചിട്ടുണ്ട്. അക്രമത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാജ്യം ഒന്നടങ്കം ഒരുമിച്ചുനിന്നതുമാണ്. 41 ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരിച്ചടിക്കാനുള്ള തീരുമാനത്തെ സര്‍വകക്ഷിയോഗവും പിന്തുണച്ചിരുന്നു. ജവാന്മാരുടെ ചോരയ്ക്ക് പകരംവീട്ടാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് കേന്ദ്രം നല്‍കുകയും ചെയ്തു.
ഇത്തരം രാഷ്ട്രീയസ്വാതന്ത്ര്യം സൈന്യത്തിന് നല്‍കുന്നത് അപൂര്‍വസംഭവമാണ്. പ്രതികാരം ചെയ്യുന്നത് എങ്ങനെവേണമെന്ന് രാഷ്ട്രീയനേതൃത്വം നിര്‍ദ്ദേശിച്ചിട്ടില്ല. എങ്ങനെ വേണം, എപ്പോള്‍ വേണം എവിടെ തിരിച്ചടിക്കണമെന്നൊക്കെ തീരുമാനിച്ചത് സൈന്യമാണ്. സൈന്യത്തിന് പൂര്‍ണ പിന്തുണനല്‍കിയതിനെ സ്വാഗതംചെയ്ത ചില പ്രതിപക്ഷപാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കാന്‍ ഉപായങ്ങള്‍ കണ്ടെത്തുകയാണ്.
രാജ്യം ഒന്നടങ്കം സൈനികര്‍ക്കൊപ്പം നില്ക്കുമ്പോള് പാക്കിസ്ഥാനെ സന്തോഷിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. വ്യോമാക്രമണം രാഷ്ട്രീയനേട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് നേരത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കുറ്റപ്പെടുത്തിയിരുന്നു. ഇത് പാക്കിസ്ഥാനിലെ മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും ഇന്ത്യക്കെതിരെ ആയുധമാക്കുന്നുണ്ട്.
പ്രതിപക്ഷത്തിന്റെ വാക്കുകള്‍ പാക്കിസ്ഥാന് കൈയടികളോടെ സ്വീകരിച്ചിരിക്കുകയാണ്. നേരത്തെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസ് വ്യോമാക്രമണത്തെയും സംശയിക്കുകയാണ്.
സൈന്യത്തിന്റെ ആത്മവീര്യം നശിപ്പിക്കാനാണ് നീക്കം. സൈന്യത്തിനെതിരെയല്ല, ഭീകരര്‍ക്കെതിരെയാണ് നിലപാടെടുക്കേണ്ടത്. ശത്രുക്കളെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് തുടരുന്നു. ഇതൊന്നും ജനങ്ങള്‍ മറക്കില്ല. വ്യോമാക്രമണത്തിന് തെളിവുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ചോദിച്ചിരിക്കുകയാണ്. ഇത് ഹിസ്മാസ്റ്റേഴ്സ് വോയിസ് ആണെന്നതില്‍ സംശയമില്ല.
അഴിമതി കേസിലടക്കംപെട്ട് കോടതിവിളിയും കാത്തുനില്ക്കുന്ന ഒരു കുടുംബമാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. നരേന്ദ്രമോദി ഭരണം തുടര്‍ന്നാല്‍ ഇവരുടെ സ്ഥാനം തടവറയിലാകുമെന്നുറപ്പാണ്. അതിന്റെ വിറളിയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. കാവല്‍ക്കാരനെ അവഹേളിക്കാനുള്ള മത്സരമാണ് നടക്കുന്നത്. കൂടുതല്‍ ജാഗ്രതയോടെയാണ് കാവല്ക്കാരന് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ മനസിലാക്കണം. ജവാന്മാരുടെ വീരമൃത്യു നിശ്ശബ്ദമായി ഇന്ത്യ പൊറുക്കില്ല.
രാജ്യത്തിന്റെ ഐക്യം അകത്തും പുറത്തുമുള്ള ശത്രുക്കളില്‍ ഭയം ഉണ്ടാക്കിയിട്ടുണ്ട്. ശത്രുക്കള്‍ ഇന്ത്യയുടെ ധൈര്യവും ഭീകരവാദത്തിന്റെ സംരക്ഷകര്‍ സൈന്യത്തിന്റെ ഉശിരും ഭയക്കുന്നത് നല്ലതാണ്. സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടപ്പോള്‍ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സൈനികരുടെ ഓരോ തുള്ളി ചോരയും ഈ സര്‍ക്കാരിന് വിലപ്പെട്ടതാണ്. ഭയമില്ലാത്ത, നിശ്ചയദാര്‍ഢ്യമുള്ള പുതിയ ഇന്ത്യയാണ് ഇപ്പോഴുള്ളത്. ഒരാളും നമ്മളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടില്ല. രാജ്യം മുഴുവന്‍ സൈന്യത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നിലകൊണ്ടപ്പോള്‍ ചിലയാളുകള്‍ രാജ്യത്തിന്റെ അതിര്‍ത്തിയും അഭിമാനവും കാത്തുസൂക്ഷിക്കുന്ന സൈന്യത്തെ കുറ്റപ്പെടത്താന് ശ്രമിക്കുന്നത് ജനങ്ങള്‍ പൊറുക്കില്ല.
ഒരുവശത്ത് ലോകം മുഴുവന്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. മറുവശത്ത് ചില പാര്‍ട്ടികള്‍ സംശയം ഉന്നയിക്കുന്നു. ഇതേയാളുകളുടെ വാക്കുകളും ചിത്രങ്ങളുമാണ് ഇന്ത്യക്കെതിരായ തെളിവുകളായി പാക്കിസ്ഥാന് പാര്‍ലമെന്റിലും അവരുടെ റേഡിയോയിലും ഉയര്‍ത്തിക്കാട്ടിയത്. നരേന്ദ്രമോദിയോടുള്ള എതിര്‍പ്പ് രാജ്യത്തോടുള്ള എതിര്‍പ്പായി മാറിയിരിക്കുന്നു. ബാലക്കോട്ടില്‍ ഭീകരതാവളം തകര്‍ത്തോ? ഭീകരര്‍ മരിച്ചോ? എന്നൊക്കെ സംശയം ഉയര്‍ത്തുന്നു. അമ്മയെ സംശയിക്കുന്നവര്ക്കേ ഇപ്പോള്‍ സൈന്യത്തെ സംശയിക്കാന്‍ സാധിക്കൂ എന്ന് ജനങ്ങള്‍ വിളിച്ചുപറയുന്ന ദിനങ്ങള്‍ അകലെയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: