ന്യൂദല്‍ഹി: രാജസ്ഥാനിലെ ബിക്കാനീറില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് അതിര്‍ത്തി രക്ഷാ സേനയുടെ ഡ്രോണ്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. സുഖോയ് 30 യുദ്ധവിമാനങ്ങളെയാണ് ഇതിനായി ഇന്ത്യ നിയോഗിച്ചത്.
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് നിരീക്ഷണം നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നത്. സുഖോയ് പോര്‍ വിമാനത്തിലെ എയര്‍ ടു എയര്‍ മിസൈല്‍ ഉപയോഗിച്ചാണ് ഡ്രോണ്‍ തകര്‍ത്തത്. പാക്കിസ്ഥാനിലെ മരുഭൂ പ്രദേശമായ തോബയിലാണ് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്.
പാക്കിസ്ഥാനിലെ അബ്ബാസ് കോട്ടയ്‌ക്ക് സമീപം ഇന്ത്യന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പ്രദേശവാസികള്‍ കണ്ടെടുത്തു. ചോലിസ്ഥാന്‍ മരുഭൂമിയില്‍ പാക് റേഞ്ചേഴ്‌സാണ് സുരക്ഷാ സുമതല. ഇവര്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ആളില്ലാ നിരീക്ഷണ വിമാനമാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ചൈനയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വാങ്ങിയ 48 വിങ്് ലൂങ്-രണ്ട് ഡ്രോണുകളാണ് പാക് അതിര്‍ത്തിരക്ഷാ സേനയുടെ പക്കലുള്ളത്. ഇന്ത്യ റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാറൊപ്പിട്ടതിന് പിന്നാലെയായിരുന്നു ചൈനീസ് ഡ്രോണുകള്‍ പാക്കിസ്ഥാന്‍ വാങ്ങിക്കൂട്ടിയത്.
ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയ്‌ക്ക് മസീപം ഇന്നലെ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മോര്‍ട്ടാറുകളും ലഘു തോക്കുകളും ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. അതിശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: