പുല്‍വാമക്ക് ശേഷം ഇന്ത്യ കടുത്ത നിലപാടുകള്‍ എടുക്കുകയും പാക്കിസ്ഥാനിലുള്ള ഭീകരത്താവളങ്ങള്‍ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയും ചെയ്തതോടെ വിഷമത്തിലായത് മൂന്ന് കൂട്ടരാണ്; ഒന്ന്, ഭീകരപ്രസ്ഥാനങ്ങളും അവരെ സഹായിക്കുന്നവരും. രണ്ട്: പാകിസ്ഥാന്, മൂന്ന്: ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍. അതില്‍ ഏറ്റവുമധികം ബേജാറിലായത് തങ്ങളാണ് എന്ന് തോന്നിപ്പിക്കുന്ന മുഖഭാവവും അഭിപ്രായ പ്രകടനവുമൊക്കെ പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ, ജെയ്ഷ് ഇ മുഹമ്മദും അതിന്റെ പിന്നാമ്പുറങ്ങളില്‍ ഉള്ളവരും ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മനസിലാക്കാം; ഇസ്ലാമബാദില്‍ ആശങ്കകള്‍ ഉയരുന്നതും സ്വാഭാവികം. എന്നാല്‍ നമ്മുടെ ധീരജവാന്മാര് അതിര്‍ത്തി കടന്ന്, ഏതാണ്ട് അറുപതിലേറെ കിലോമീറ്റര്‍ യാത്ര ചെയ്ത്, ഭീകര ക്യാമ്പുകള്‍ തകര്‍ക്കുമ്പോള്‍ എന്തിനാണ് മരണവീട്ടില്‍ എന്നത് പോലെ ഇക്കൂട്ടര്‍ മുഖം വീര്‍പ്പിച്ചും കണ്ണീര് വാര്‍ത്തും ഇരിക്കുന്നത്…… ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നവും അതാണ്. അയല്പക്കത്തെ ശത്രുവിന്റെ കരുനീക്കങ്ങളെക്കാള്‍ സ്വന്തം രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ ശ്രദ്ധിക്കേണ്ടി വന്നാലോ?.
ഏതൊരു രാജ്യസ്നേഹിയെയും അക്ഷരാര്‍ഥത്തില്‍ ആഹ്ളാദിപ്പിക്കുന്നതും അതേസമയം അഭിമാനിക്കാന്‍ വക നല്കുന്നതുമാണ് കഴിഞ്ഞ ദിവസം നമ്മുടെ വ്യോമസേന നടത്തിയ ‘രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക്’. ജെയ്ഷ് ഇ മുഹമ്മദ് ഉള്‍പ്പടെയുള്ള ചില ഭീകരപ്രസ്ഥാനങ്ങളുടെ താവളങ്ങളാണ് തകര്‍ത്തത്. മാത്രമല്ല, അവിടെ കൊല്ലപ്പെട്ടവരില്‍ ജെയ്ഷിന്റെ പ്രമാണിമാരും ഉണ്ടായിരുന്നു എന്നതും ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നടപടി ഇതാദ്യമായല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കാശ്മീരിലെയും മറ്റും ഭീകര ക്യാമ്പുകള്‍ നമ്മുടെ സൈനികര്‍ തകര്‍ത്തിരുന്നു. അതാണ് നമ്മുടെ ചരിത്രത്തിലെ ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക്. അവ രണ്ടും ഫലമുണ്ടാക്കി എന്നതിന് സാക്ഷ്യപത്രമാണ് പാക് നേതാക്കളുടെ മുഖഭാവം…… ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടേതിന് സമാനമായിരുന്നു അതെന്ന് ടിവി സ്ക്രീനുകളിലൂടെ കണ്ണോടിച്ചവരൊക്കെ ശ്രദ്ധിച്ചിരിക്കും.
ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു നീക്കമായിരുന്നു. ഇവിടെയും രണ്ട് കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒന്ന്, ഇത്തരമൊരു തീരുമാനം എടുക്കാനുള്ള ചങ്കുറപ്പ് ഒരു ഭരണകൂടത്തിന് വേണ്ടതുണ്ട്. യുപിഎ-യുടെ കാലത്ത് എന്നല്ല മുന്‍പൊരിക്കലും അത് കണ്ടിട്ടില്ല; മുന്‍പ് അത് അത്യാവശ്യമായിരുന്ന സമയത്ത് പോലും ഇത്തരമൊരു തീരുമാനം ഉണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. മുംബൈ ഭീകരാക്രമണം, സൈനികരുടെ തലവെട്ടിയ സംഭവം എന്നിവയൊക്കെ ഒന്നോര്‍ത്ത് നോക്കൂ. അന്ന് തിരിച്ചടിക്കാന്‍ അനുമതി കിട്ടാത്തതില്‍ ഇന്ത്യന്‍ സേന എത്രമാത്രം വേദനിച്ചിരിക്കണം. എന്നാല്‍ ഇന്നിപ്പോള്‍ അതൊക്കെ തിരിച്ചറിയുന്ന, വേണ്ടുന്ന തീരുമാനം വേണ്ടുന്ന സമയത്ത് എടുക്കുന്ന ഒരു ഭരണകൂടം ഉണ്ടായിരിക്കുന്നു. ‘ഉറി’ക്ക് ശേഷം തങ്ങളുടെ വിരാട് രൂപം കാണിച്ചുകൊടുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്. ‘പുല്‍വാമ’ക്ക് ശേഷവും നാം അത് കണ്ടു; വേണ്ടത് വേണ്ടത് പോലെ ചെയ്യാന്‍ സൈനിക മേധാവികള്‍ക്ക് ഒരു ‘ബ്ലാങ്ക് ചെക്ക്’ പ്രധാനമന്ത്രി, രാജ്യം നല്കി. അതാണ് ഈ ഭീകര താവളങ്ങള്‍ തകര്‍ക്കുന്നതില്‍ കലാശിച്ചത്. അപ്പോള്‍ തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള, ധൈര്യമുള്ള ഒരു ഭരണകൂടം ഉണ്ടായിരിക്കുന്നു എന്നതാണ് ഏറെ പ്രധാനം.
രണ്ടാമത്തേത്; ശരിയാണ്, വേണ്ടത് ആലോചിച്ച് ചെയ്തോളാന്‍ സൈന്യത്തിന് സര്‍ക്കാര്‍ അനുമതി കൊടുത്തു. ആ സൈനിക നീക്കം വിജയിച്ചാല്‍ രാജ്യത്തിന് മുഴുവന്‍ സന്തോഷമാകും; ആഹ്ളാദം അലതല്ലും എല്ലായിടത്തും. അതാണിപ്പോള്‍ നാം കണ്ടത്. എന്നാല്‍ മറിച്ചായിരുന്നു സംഭവിച്ചത് എങ്കിലോ?. അതും സംഭവിക്കാമല്ലോ; ഇത് യുദ്ധമല്ലെങ്കിലും അതിന് സമാനമായ സൈനിക നടപടിയാണ്. തിരിച്ചടികള്‍ ഉണ്ടായിക്കൂടായ്കയില്ലല്ലോ. അങ്ങിനെ സംഭവിച്ചാലോ…….. ആരാവും അതിന്റെ ദോഷം പേറേണ്ടിവരിക?. സംശയമില്ല, ഈ സര്‍ക്കാരാണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരാണ്; പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടക്കം മറുപടി പറയേണ്ടിവരും. ചൈനീസ് യുദ്ധത്തിന് ശേഷം വികെ കൃഷ്ണമേനോനുണ്ടായ അനുഭവങ്ങള്‍, തലകുനിച്ചു നടക്കേണ്ടിവന്ന നെഹ്രുവിന്റെ ചിത്രം ………ഇതൊക്കെ ആര്‍ക്കാണ് മറക്കാനാവുക?. അപ്പോള്‍ ഈ വക തീരുമാനങ്ങള്‍ ഒരു അപകടം പിടിച്ച കാര്യമാണ്. അതുകൊണ്ടാണ്, ‘റിസ്ക് ഫാക്ടര്‍’ ഉള്ളതിനാലാണ്, പഴയകാലത്തൊന്നും ഒരു ഭരണാധികാരിയും അതിനൊക്കെ മുതിരാതിരുന്നത്. സൈന്യം അന്നും ഇന്നും ഒന്നാണ്. അവര്‍ എന്നും ആഗ്രഹിച്ചിരുന്നത് പാകിസ്താനിലെ ഭീകരരെ തകര്‍ക്കണം എന്നുതന്നെയാണ്; തങ്ങളുടെ സഹോദരങ്ങളെ ആക്രമിച്ചവരെ, വധിച്ചവരെ, എതിരിടണം എന്നുതന്നെയാണ്….. പക്ഷെ രാജ്യത്ത് ആ വിധത്തിലൊരു തീരുമാനമുണ്ടാവാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു അല്ലെങ്കില്‍ നരേന്ദ്രമോദി വരേണ്ടിവന്നു.
ഇവിടെ ഇപ്പോള്‍ ഒരു പ്രചാരണം നരേന്ദ്ര മോഡി സര്‍ക്കാരും ബിജെപിയുമൊക്കെ ഈ സൈനിക നടപടികളെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്ത് യുദ്ധം സൃഷ്ടിച്ചുകൊണ്ട് സൈനികരുടെ ജീവന് കൊണ്ട് മോദി പന്താടുകയാണ് എന്നുവരെ പറഞ്ഞവരെ ഇതിനിടയില്‍ കാണുകയുണ്ടായി. ആ വാക്കുകള്‍ വ്യത്യസ്തമാവാം; പക്ഷെ അവര്‍ പറഞ്ഞുവെച്ചത് അത്രയ്ക്ക് നികൃഷ്ടമായിട്ടാണ്. വിങ് കമാണ്ടര്‍ അഭിനന്ദിനെ ഉടനെ വിട്ടയക്കാന്‍ പാക്കിസ്ഥാനെ നിര്‍ബന്ധിതമാക്കിയ നയതന്ത്ര നീക്കങ്ങള്‍ നമ്മള് നടത്തിയപ്പോള്‍ പോലും ഇക്കൂട്ടര്‍ എന്താണ് ചെയ്തത്; അതിന്റെ ക്രെഡിറ്റ് ഇമ്രാന് ഖാന് നല്കാന് നടത്തിയ കുല്സിത നീക്കങ്ങള്‍……. നോക്കുക, നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ ദുഷ്കരമായ സാഹചര്യങ്ങളില്‍ ശത്രുസേനയോട് പടവെട്ടുന്ന വേളയിലാണ് ഇക്കൂട്ടര്‍ ഇതൊക്കെ വിളിച്ചുകൂവിക്കൊണ്ട് ഇവിടെ നടക്കുന്നത്. രാഷ്ട്രീയം ഇത്രമാത്രം തരംതാഴുന്നത് ലോകത്ത് വേറെ എവിടെയെങ്കിലും കാണാനാവുമോ?. ഇന്നിപ്പോള്‍ നമ്മുടെ നേതാക്കളുടെ പരസ്യ പ്രസ്താവനകളാണ് ഇന്ത്യക്ക് മറുപടി നല്‍കാനായി ശത്രുരാജ്യം ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാല്‍ എല്ലാമായില്ലേ?.
ശരിയാണ്, ഇന്ത്യയുടെ പ്രധാനമന്ത്രി ചിലതൊക്കെ പരസ്യമായി പറഞ്ഞിരിക്കും; അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോടാണ്; അദ്ദേഹത്തെ സ്നേഹിക്കുന്നവരോടാണ്. രാജ്യസ്നേഹം അതിന്റെ പരമോന്നതിയില്‍ എത്തിക്കേണ്ട സമയമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദേശാഭിമാനം മനസ്സില്‍ ഉണര്‍ത്താനും വളര്‍ത്താനും അദ്ദേഹം ചിലതൊക്കെ സൂചിപ്പിച്ചതാണ്. അതെങ്ങിനെ ‘യുദ്ധസമാനമായ അന്തരീക്ഷത്തെ രാഷ്ട്രീയമായി ദുരുപയോഗിക്ക’ലാവും. ദേശീയ ബോധമുണ്ടാക്കാനുള്ള അല്ലെങ്കില്‍ ദേശസ്നേഹം ഉണര്‍ത്താനുള്ള നീക്കങ്ങള്‍ ആരുനടത്തിയാലും അപകടകരമാണ് എന്നാണ് അടുത്തദിവസം ഒരു പ്രതിപക്ഷ സുഹൃത്ത് ചാനല്‍ ചര്‍ച്ചയില്‍ തുറന്നുപറഞ്ഞത്. എന്താണ് അവരോട് പറയുക…….. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഇന്നത്തെ പ്രശ്നം ഇത്തരക്കാരാണ്.
ഇവിടെയാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉയര്‍ന്നുവരുന്നത്. ഇവിടത്തെ ജനതയെ ഒറ്റക്കെട്ടായി, ഒരു മനസോടെ നിര്‍ത്തേണ്ട ചുമതല സര്‍ക്കാരിനുണ്ടല്ലോ. അത് ഒരു ഭരണകൂടം ഇത്തരം വേളകളില്‍ ചെയ്തല്ലേ പറ്റൂ. അതാണ് നരേന്ദ്രമോദി ചെയ്യുന്നത്, മറ്റ് ബിജെപി നേതാക്കള്‍ ചെയ്തത്. പിന്നെ വേറൊന്ന്, ഇവിടെ ഈ സൈനിക നടപടിയില്‍ എന്തെങ്കിലും പോരായ്മ (ആ വാക്കേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ) ഉണ്ടായാല്‍ അതിന്റെ ചുമതല ആര്‍ക്കാണ്….. സംശയമില്ല, നേരത്തെ പറഞ്ഞത് പോലെ, രാഷ്ട്രീയ നേതൃത്വത്തിനാണ്; പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കാണ്. അതില്‍ നിന്ന് തലയൂരാന്‍ നരേന്ദ്ര മോദിക്കാവില്ലല്ലോ. അപ്പോള്‍ അതിന്റെ വിജയം തീര്‍ച്ചയായും അദ്ദേഹത്തിന്റേത് കൂടിയല്ലേ. ‘അദ്ദേഹത്തിന്റെ കൂടി’ എന്ന് പറഞ്ഞത്, വിജയം എന്നും രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണ്; എന്നാല്‍ രാജ്യത്തിന്റെ നായകന് അവിടെ ഒരു പ്രാമുഖ്യമുണ്ടല്ലോ……… അതെന്തിന് മോദിക്ക് നിഷേധിക്കാന്‍ ശ്രമിക്കുന്നു. അതിനാണല്ലോ പ്രതിപക്ഷം ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. ഇവിടെ, രാജ്യത്തെ ജനത ഇതിനകം തന്നെ നരേന്ദ്ര മോദിക്കൊപ്പമായിക്കഴിഞ്ഞു. അതൊരു പരാമാര്‍ത്ഥമാണ്; ഈ സാഹചര്യം മാറാനുള്ള സാധ്യത ഇനി ഇല്ലതാനും. തെരുവില്‍ നടന്ന് ഓലിയിടുന്നവര്‍ക്ക് അത് അറിയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: