കോഴിക്കോട്: പാക്് ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തി സാഹസിക വിജയം നേടിയ ഇന്ത്യയുടെ നേട്ടത്തിനെതിരെ കോണ്‍ഗ്രസ്-സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
യുവമോര്‍ച്ചയുടെ നേതൃത്വത്തിലുള്ള വിജയസങ്കല്പ ബൈക്ക് റാലി സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണുള്ളത്.
ഒരുകാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. കോടിയേരിയില്‍ നിന്നുണ്ടാകുന്നതാകട്ടെ പഴയ കമ്യൂണിസ്റ്റ് നിലപാടുകളുടെ തികട്ടിവരലാണ്. 1942ലെ ക്വിറ്റിന്ത്യാ സമരത്തെ വഞ്ചിക്കുകയും 1947ല്‍ ഭാരതം 16 രാജ്യങ്ങളായി പിരിയണമെന്ന് ക്യാബിനറ്റ് മിഷനില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത കമ്യൂണിസ്റ്റുകള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ചൈന ആക്രമണ കാലത്തെ പ്രേതമാണ് സിപിഎമ്മിനെ ഇപ്പോള്‍ വേട്ടയാടുന്നത്.
പട്ടാളക്കാര്‍ നേടിയ ഐതിഹാസിക വിജയത്തിന് നേതൃത്വം നല്കിയ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും കണ്ടില്ലെന്ന് നടിക്കുകയാണ് ഇവര്‍. ഭീകരര്‍ക്കും പാക്കിസ്ഥാനുമെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോള്‍ ഇവര്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്, അദ്ദേഹം പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിന് പൂര്ണസജ്ജമായെന്നും സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു.
ബിഡിജെഎസ് ഒറ്റക്കെട്ടായി എന്‍ഡിഎയിലുണ്ട്. താന്‍ മത്സരിക്കുമോ എന്ന കാര്യത്തെക്കുറിച്ച് പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അത് മാധ്യമങ്ങളായി പങ്കുവെക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബേപ്പൂര്‍, സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളുടെ വിജയസങ്കല്പ ബൈക്ക് റാലി മുതലക്കുളത്ത് സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: