ന്യൂദല്‍ഹി: സംവരണം സംബന്ധിച്ച 2019 ലെ ഭരണഘടനാഭേദഗതി(ജമ്മുകശ്മീരിന് ബാധകമായത്) ഉത്തരവിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജമ്മുകശ്മീര്‍ സര്‍വീസില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെ ആനൂകൂല്യങ്ങളും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്യോഗങ്ങളിലും 10 ശതമാനം സംവരണവും പ്രോത്സാഹിപ്പിക്കുന്ന നിയമ ഭേദഗതിയാണ് പാസായിരിക്കുന്നത്. താഴ്വരയില് മുസ്ലിം സംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുവാനുള്ള സധ്യത നിലനില്‍ക്കുമ്പോഴും അധിക സേനാ വിന്യാസം മൂലമാണ് വിഘടനവാദ ശക്തികള്‍ നിശബ്ദരായിരിക്കുന്നത്.
ജമ്മുകശ്മീരിന് ബാധകമായ 1954ലെ ഭരണഘടനാ ഭേദഗതിയില്‍ വീണ്ടും നിര്‍ണായക ഭേദഗതി വരുത്തിയതോടെ കശ്മീരിന്റെ പ്രത്യേകാവകാശങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. പുതിയ നിയമം വിജ്ഞാപനം ചെയ്തതോടെ നിലവില്‍ ജമ്മുകശ്മീരിലുള്ള സംവരണത്തിന് പുറമെ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍വീസുകളില്‍ കൂടുതല്‍ ഗുണമുണ്ടാക്കുന്നതിനും ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും.
പശ്ചാത്തലം
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ജമ്മുകശ്മീരിലും 10 ശതമാനം സംവരണം ബാധകമാക്കി. ഇത് ജമ്മുകശ്മീരിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഏത് ജാതിയിലും മതത്തിലും പെട്ടതായാലും സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണത്തിനുള്ള വഴിതുറക്കും. 2019ലെ 103-ാം ഭരണഘടനാഭേദഗതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ജനുവരി 2019ല്‍ രാജ്യത്താകമാനം നടപ്പാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലികളിലും നിലവിലുള്ളതിന് പുറമെ ഈ സംവരണവും ലഭിക്കും.
ഗുജ്ജര്‍, ബക്കാര്‍വാലാ ഉള്‍പ്പെടെയുള്ള പട്ടിക ജാതി, പട്ടികവര്‍ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ജമ്മുകശ്മീര്‍ സംസ്ഥാനത്തിനും നിയമഭേദഗതി വഴി ബാധകമാകും. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 1995ലെ 77ാമത് ഭരണഘടനാഭേദഗതിയാണ് ഇപ്പോള്‍ കശ്മീരിനും ബാധകമാക്കിയത്.
അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരേയും നിയന്ത്രണരേഖയ്ക്ക് സമീപം വസിക്കുന്നവരായി പരിഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ സംവരണത്തിനായി ജമ്മുകശ്മീര്‍ സംവരണ നിയമം 2004 ഒരു ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. നേരത്തെ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയുടെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് മാരതമാണ് ഈ നിലയിലുള്ള 3 ശതമാനം സംവരണം ലഭിച്ചിരുന്നത്. ഇനി ഈ വ്യവസ്ഥ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്കും ലഭിക്കും. അതിര്‍ത്തികടന്നുള്ള ശക്തമായ വെടിവയ്പ്പ് നേരിടുന്ന അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: