നരേന്ദ്ര മോദിയുടെ ഭരണ നേതൃത്വത്തില്‍ പുതിയ ഭാരതം പിറന്നോയെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നു. ആ സംശയം ഇതോടെ നീങ്ങിയിരിക്കുന്നു. വ്യോമസേന പാക്കിസ്ഥാനിലെ ഭീകരതത്താവളങ്ങള് തകര്‍ത്തതിനു തൊട്ടുപിന്നാലെ ഭാരതം തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാനില്‍ മോദി പ്രഖ്യാപിച്ചത് ഒരിക്കല്‍ക്കൂടി ശരിയായിരിക്കുന്നു. രാജ്യത്തിന്റെ സൈനിക കേന്ദ്രം ആക്രമിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ പോര് വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്ന് പിടിയിലായ വ്യോമസേനയുടെ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ നിരുപാധികമായി വിട്ടുനല്‍കേണ്ടിവന്ന പാക്കിസ്ഥാന്റെ നടപടി പുതിയ ഭാരതത്തിന്റെ പിറവി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അഭിനന്ദിനെ വച്ച് വില പേശാനുള്ള പാക് ഭരണകൂടത്തിന്റെ ശ്രമം മുളയിലെ നുള്ളിയ ഭാരതം, ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് ഭാരതം നല്കിയ തിരിച്ചടിയില്‍ പതറിപ്പോയ പാക്കിസ്ഥാന് മുഖം രക്ഷിക്കാനുള്ള അവസാന ശ്രമം നടത്തുകയായിരുന്നു. തങ്ങള്‍ മാന്യമായാണ് പെരുമാറുന്നതെന്ന് വിശ്വസിപ്പിക്കാനുള്ള വിഫലശ്രമം.
സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് അഭിനന്ദിനെ വിട്ടുനല്‍കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞത് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. എന്നാല്‍ യുദ്ധത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി ഭാരത സര്‍ക്കാര്‍ താക്കീതു നല്കിയപ്പോള് ഇമ്രാനും കൂട്ടര്‍ക്കും ഗത്യന്തരമില്ലാതെ വന്നു. നിശ്ചിത സമയത്തിനകം അഭിനന്ദിനെ വിട്ടു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന അന്ത്യശാസനം പാക്കിസ്ഥാനെ ചൊല്‍പ്പടിക്ക് നിര്‍ത്തി എന്നതാണ് വാസ്തവം. പാക്കിസ്ഥാന് മാന്യമായി പെരുമാറുന്നില്ലെങ്കില്‍ ഭാരതം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന സൂചന ലഭിച്ച അമേരിക്കയും ചൈനയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാക് ഭരണനേതൃത്വത്തെ വിവരം ധരിപ്പിച്ചു. ഭാരതത്തിന്റെ അന്തര്‍വാഹിനികള്‍ കറാച്ചിക്ക് സമീപം എത്തിയെന്നറിയുമ്പോള്ത്തന്നെ സ്ഥിതിഗതികള്‍ എങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു. പാക്കിസ്ഥാന് വിരണ്ടത് സ്വാഭാവികം.
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാല്പതിലേറെ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടപ്പോള്‍ തിരിച്ചടി നല്കാന് ‘സര്‍ക്കാരിനൊപ്പം നിന്ന’ പ്രതിപക്ഷം, പാക്കിസ്ഥാനില്‍ കയറിയും വ്യോമസേന കനത്ത തിരിച്ചടി നല്കിയപ്പോള് മലക്കം മറിഞ്ഞു. മോദിക്കല്ല, സൈന്യത്തിനാണ് ഇതിന്റെ ബഹുമതിയെന്നായി വ്യാഖ്യാനം. സൈന്യമാണ് ഭീകരത്താവളങ്ങള്‍ തകര്‍ത്തതെന്ന് പ്രത്യേകം പറയേണ്ടതില്ല. പക്ഷേ ആ തീരുമാനം രാഷ്ട്രീയമായിരുന്നു. അതെടുത്ത് മോദി സര്‍ക്കാരും. സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്ന് വരുത്തിയശേഷം തിരിച്ചടിക്കാതെ വന്നാല്‍ മോദിയെ പ്രതിക്കൂട്ടിലാക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചിന്ത. ഇക്കാര്യത്തില്‍ പാക്കിസ്ഥാനെപ്പോലെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷവും നിരാശരായി. അപ്പോഴാണ് അഭിനന്ദന് വര്ധമാന് പാക് പിടിയിലാവുന്നത്. അഭിനന്ദിനെ മോചിപ്പിക്കാനാവാതെ വരുമെന്നും, ഇതുപറഞ്ഞ് സര്‍ക്കാരിനെ പഴിക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടി. ഇവിടെയും പരാജയപ്പെടാനായിരുന്നു അവരുടെ വിധി. ഭാരതത്തിന്റെ ശക്തമായ നേതൃത്വത്തിനു മുന്നില്‍ പാക്കിസ്ഥാന് മുട്ടുകുത്തുന്നത് ലോകം കണ്ടു. ഭാരതം ശക്തമായ കൈകളിലാണെന്ന പ്രധാനമന്ത്രി മോദി പറഞ്ഞത് വെറും വാക്കല്ലെന്ന് ഓരോ പൗരനും ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: