കൊച്ചി: അതിര്‍ത്തിയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കൊച്ചി ദക്ഷിണ നാവിക ആസ്ഥാനം, തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ കമാന്‍ഡ്, പാങ്ങോട് സൈനിക കേന്ദ്രം എന്നിവിടങ്ങളിലാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം ജാഗ്രതാനിര്‍ദേശം നല്‍കിയത്.
അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരാവാനാണ് നിര്‍ദേശം. നിലവില്‍ തുടര്‍ന്നുപോന്നിരുന്ന സുരക്ഷയുടെ നാലിരട്ടിയാണ് ഇപ്പോള്‍. കൊച്ചിയടക്കമുള്ള നഗരങ്ങളിലും പ്രത്യേക നിരീക്ഷണം നടക്കുന്നുണ്ട്. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാന്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ എയ്റോസാറ്റ് റഡാര്‍ സംവിധാനം സജ്ജമാണ്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാധ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകള്‍, ബൂം ബാരിയറുകള്‍, ട്രോളിവീല്‍ റോഡ് ബാരിയറുകള്‍ എന്നിവയടങ്ങിയ സുരക്ഷാകവചമാണ് ദക്ഷിണ വ്യോമ കമാന്‍ഡില്‍ സജ്ജമാക്കിയിട്ടുള്ളത്.
രാപകല്‍ നിരീക്ഷണത്തിന് 700 ടെലിവിഷന്‍ ലെന്‍സ് (ടിവിഎല്‍) ശേഷിയുള്ള കാമറാ സംവിധാനമാണ് വ്യോമ താവളത്തില്‍. തീരദേശ മേഖലയില്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണവും പരിശോധനകളുമുണ്ട്.
കൊച്ചി നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷന് സെന്റര്‍ കേന്ദ്രീകരിച്ചാണ് വിവിധ സുരക്ഷാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നത്. മാഹി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ സുരക്ഷാ നടപടികളാണ് കൊച്ചിയിലെ സെന്ററില്‍. കേരളത്തിലെ എല്ലാ തീരദേശ മേഖലകളിലും കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്. കൊച്ചിയിലെ തന്ത്രപ്രധാന ഭാഗങ്ങളും, ജനങ്ങള്‍ വലിയ തോതില്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
രാജ്യതലസ്ഥാനമായ ദല്‍ഹിക്ക് പുറത്ത് ആദ്യമായി സേനാമേധാവികളുടെ സംയുക്ത യോഗം ചേര്‍ന്നത് കൊച്ചിയിലായിരുന്നു. അതിനാലാണ് സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നത്. 2015 ല്‍ കൊച്ചി തീരത്ത് ഐഎന്‍എസ് വിക്രമാദിത്യയിലായിരുന്നു ആ നിര്‍ണായക യോഗം. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: