ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ ആകാശയുദ്ധം നടത്തുന്നതിനിടെ മിഗ് 21 തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ 24 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കാനുള്ള തീരുമാനം പാക്കിസ്ഥാനെ കൊണ്ട് എടുപ്പിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം. നയതന്ത്ര നീക്കങ്ങള്‍ക്കൊപ്പം അതിശക്തമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന അന്തിമ മുന്നറിയിപ്പും പാക്കിസ്ഥാന്റെ തിടുക്കപ്പെട്ടുള്ള നടപടിക്ക് പിന്നിലുണ്ട്. അമേരിക്ക അടക്കമുള്ള ലോക രാഷ്‌ട്രങ്ങളുടേയും അറബ് രാഷ്‌ട്രങ്ങളുടേയും സമ്മര്‍ദത്തിന് പുറമേ സൈനികനെ വിട്ടുനല്‍കിയില്ലെങ്കില്‍ വലിയ നടപടികളിലേക്ക് ഇന്ത്യ കടക്കുമെന്ന സന്ദേശം പാക്കിസ്ഥാന്റെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് സൈനികനെ ഇന്ന് ഇന്ത്യക്ക് കൈമാറുമെന്ന തീരുമാനം ഇന്നലെ പാര്‍ലമെന്റില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.
കാര്‍ഗില്‍ യുദ്ധകാലത്ത് പാക് മിസൈലാക്രമണത്തില്‍ തകര്‍ന്ന മിഗ് പൈലറ്റ് ക്യാപ്റ്റന്‍ നചികേതയെ എട്ടു ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയാറായത്. അതിക്രൂരമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയ നചികേതയെ പാക് സൈന്യം ദിവസങ്ങളോളം ക്രൂരമായി ഉപദ്രവിച്ചിരുന്നു. 1999 മെയ് 27നാണ് നചികേതയെ മിഗ് 27 തകര്‍ന്നതിനെ തുടര്‍ന്ന് പാക് സൈന്യം പിടികൂടുന്നത്. അഞ്ചു ദിവസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷമാണ് നചികേതയെ വിട്ടയയ്‌ക്കാന്‍ പാക് സൈന്യം തീരുമാനിച്ചത്. ഏഴാം ദിവസം മാത്രമാണ് ഇന്ത്യന്‍ വ്യോമസേനാ മേധാവിക്കും പ്രധാനമന്ത്രി വാജ്‌പേയിക്കും നചികേതയുമായി ഫോണിലൂടെ സംസാരിക്കാന്‍ സാധിച്ചത്. യുദ്ധക്കുറ്റവാളിയെ കൈമാറാനുള്ള നടപടിക്രമങ്ങളുടെ പേരില്‍ പാക്കിസ്ഥാന്‍ നചികേതയെ മോചിപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോയി.
സമാനമായ സ്ഥിതി വിങ് കമാന്‍ഡര്‍ അഭിനന്ദന് സംഭവിക്കാതെ തിരികെ എത്തിക്കാനാകുന്നത ഇന്ത്യയുടെ നേട്ടമാണ്. അതിര്‍ത്തി ഗ്രാമത്തിലെ ഗ്രാമീണരുടെ മര്‍ദനം മാത്രമാണ് അഭിനന്ദന് ഏല്‍ക്കേണ്ടിവന്നതെന്നാണ് പാക് സൈനിക കേന്ദ്രത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയിലും അഭിനന്ദന്‍ അറിയിച്ചത്.
എന്നാല്‍ ഇത്തവണ ഇത്തരം നടപടിക്രമങ്ങളിലേക്കൊന്നും കടക്കാതെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയയ്‌ക്കുന്നത്. ഇന്ത്യന്‍ സൈനിക മേധാവിമാര്‍ വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പ് വിങ് കമാന്‍ഡറെ വിട്ടയയ്‌ക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിക്കുകയായിരുന്നു. അതിശക്തമായ നടപടികളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന സന്ദേശം ഇന്നലെ രാവിലെ ഇന്ത്യ അമേരിക്കയ്‌ക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് നേരില്‍ സംസാരിച്ചതായാണ് വിവരം. ഇന്ത്യയുടെ തീരുമാനം പാക് സര്‍ക്കാരിനെയും സൈന്യത്തെയും അറിയിച്ചത് അമേരിക്കയാണ്. ലോകരാജ്യങ്ങളുടെ ഒന്നും പിന്തുണ തങ്ങള്‍ക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ പാക്കിസ്ഥാന്‍ മുട്ടുമടക്കി. പതിവിന് വിപരീതമായി അറബ് രാജ്യങ്ങളും പാക്കിസ്ഥാനെ കൈവിട്ടു. സമാധാനത്തിന്റെ പേരിലാണ് സൈനികനെ വിടുന്നതെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും മറ്റുവഴികളില്ലാതെ സൈനികനെ മടക്കി നല്‍കുകയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: