കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ തികഞ്ഞ വിശ്വാസമുണ്ടെന്ന് വീരമൃത്യു വരിച്ച സൈനികന് വയനാട് പൂക്കോട് വാഴക്കണ്ടിയിലെ വസന്തകുമാറിന്റെ ഭാര്യ ഷീന. എനിക്ക് നഷ്ടമായത് എന്റെ ഭര്‍ത്താവിന്റെ ജീവനാണ്. ഒന്നും ഇതിന് പകരമാവില്ല. എന്നാലും ഭീകരക്യാമ്പുകള്‍ തകര്‍ത്ത് അവരെ കാലപുരിക്കയച്ചതില് അതിയായ സന്തോഷമുണ്ട്.
ശക്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹം പറഞ്ഞത് ചെയ്തതില്‍ അഭിമാനിക്കുന്നു. വീടും കുടുംബവും ഉപേക്ഷിച്ച് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരെ ലോകം എത്രത്തോളം ആദരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ അറിഞ്ഞെന്നും അവര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
നല്ല വിദ്യാഭ്യാസം നല്കി കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കണം. അവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്റെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി തന്നതിനാല്‍ കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ക്ക് ജോലി നല്കിയാല് മതിയെന്ന് കേന്ദ്ര സര്‍ക്കാരിന് സമ്മതപത്രം നല്‍കിയിട്ടുണ്ട്. ജോലി സ്ഥിരമാകണമെന്നത് ഏട്ടന്റെ ആഗ്രഹമായിരുന്നു എന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് പട്ടാള ട്രക്കുകളും യുദ്ധവിമാനങ്ങളും പടക്കോപ്പുകളുമായിരുന്നു ഏട്ടന് കളിക്കോപ്പുകളായി വാങ്ങിക്കൊടുത്തിരുന്നത്. ഏട്ടന്റെ വേര്‍പാട് എനിക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. എന്നാല്‍, ആശ്വാസവാക്കുകളുമായി സമൂഹം ഒന്നായി വീട്ടിലെത്തിയതിനാല്‍ ഏറെ ആശ്വാസമുണ്ട്.
പ്രളയകാലത്ത് ഉരുള്‍പൊട്ടി വീടിന് നാശം നേരിട്ടിരുന്നു. 30 ടിപ്പര്‍ മണ്ണാണ് ഏട്ടന് അന്ന് എടുത്തു മാറ്റിയത്. വീടും സ്ഥലവും ലഭിച്ചാല്‍ മാറി താമസിക്കണം. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന സഹോദരന് സജീവന്, കൊടുങ്ങല്ലൂര്‍ ഹാര്‍ബറില്‍ സീമെനായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന് ഡെപ്യൂട്ടേഷന് വഴി വയനാട്ടില്‍ നിയമനത്തിനായി സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ജോലി സ്ഥലത്ത് ചണ്ഡീഗഡില്‍ മൂന്നു മാസം താമസിച്ചിട്ടുണ്ടെന്നും മക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന് ശ്രമിക്കുമെന്നും ഷീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: