കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടാം ദിവസം തിരുത്തിപ്പറയേണ്ടിവന്നു. പാക്കിസ്ഥാന് ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനുള്ള യുദ്ധനീക്കമെന്നാണ് ആദ്യം കോടിയേരി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമമാണ് ഇതെനെല്ലാം പിന്നില്‍ എന്നും കോടിയേരി പറഞ്ഞു വെച്ചു.
പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് സിപിഎം നേതാവിന്റെ വക്കാലത്തുപോലെയായി കോടിയേരിയുടെ പ്രസ്താവന. ഇതിനെ പാര്‍ട്ടിപ്പത്രവും തള്ളിപ്പറഞ്ഞു, ദേശീയ നേതാക്കളും ഇടപെട്ടതോടെയാണ് തിരുത്ത്.
സാമൂഹ്യ മാധ്യമങ്ങളില്ത്തുടങ്ങി ദേശീയ തലത്തില്‍ വരെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും കോടിയേരിയെ വിമര്‍ശിച്ചു. ചൈനയും റഷ്യയും ഇന്ത്യയ്ക്ക് അനുകൂലമായി പാക്കിസ്ഥാനെതിരായി നില്‍ക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിചിത്ര നിലപാട്.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് ജെയ്ഷെ മൊഹമ്മദ് ഭീകരന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും അപലപിക്കുകയും ഭീകരതയുടെ വാര്‍ത്ത മുഖ്യമാക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറി കോടിയേരി നടത്തുന്ന കേരള രക്ഷായാത്രയായിരുന്നു പാര്‍ട്ടിപ്പത്രത്തിന് മുഖ്യം. അതും വിമര്ശനത്തിനിടവരുത്തി. എന്നാല്‍, വ്യോമസേനയുടെ പാക്കിസ്ഥാന് ഭീകരകേന്ദ്രങ്ങളിലെ ആക്രമണത്തെ പാര്‍ട്ടിപ്പത്രം ‘തിരിച്ചടി’യെന്നുതന്നെ വിശേഷിപ്പിച്ചു.
ബിജെപിയുടെ തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുദ്ധക്കൊതിയെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെയും പാര്‍ട്ടിപ്പത്രം തള്ളുകയായിരുന്നു. സെക്രട്ടറിയുടെ പ്രസ്താവന പത്രത്തിന്റെ ഏതോ മൂലയ്ക്കാണ് ഇടം പിടിച്ചത്. പാര്‍ട്ടിയും തള്ളിപ്പറഞ്ഞതോടെയാണ് ”ഇന്ത്യന്‍ വ്യോമസേന ഭീകരതയ്ക്കെതിരെ ഫലപ്രദമായ ആക്രമണം നടത്തിയത് സ്വാഗതാര്‍ഹം” എന്ന് കോടിയേരി മാറ്റിപ്പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാനെതിരെ എന്ന് പറയാതിരിക്കാനും ഇന്ത്യയെ പരാമര്‍ശിക്കാതിരിക്കാനും ശ്രദ്ധിച്ചു.
പാര്‍ട്ടിപ്പത്രത്തിന്റെ ‘തിരിച്ചടിച്ചു’ എന്ന മുഖ്യ തലക്കെട്ടിനെ സാമൂഹ്യ മാധ്യമങ്ങള്‍ പ്രശംസിച്ച് വിമര്‍ശിച്ചു. പതിവില്ലാതെ ദേശസ്നേഹികളാരോ പത്രമൊരുക്കിയെന്നും വാടകയ്ക്ക് ആളെ ഇറക്കിയതാകാമെന്നും മറ്റും ‘ട്രോളുകള്‍’ വന്നു.
പാര്‍ട്ടിയിലെ ഗ്രൂപ്പുകളില്‍ ആധിപത്യം നേടാന്‍ രാജ്യ സുരക്ഷയിലും രാഷ്ട്രീയം കലര്‍ത്തിയത് അപകടമായെന്ന് മനസിലാക്കിയാണ് കോടിയേരിയുടെ തിരുത്ത്. ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനക്കെതിരേ നിയമനടപടി തുടങ്ങിയ സാഹചര്യത്തില്‍ അതും പിന്‍വലിക്കേണ്ടിവരും. കോടിയേരി സ്വയം അപഹാസ്യനാവുന്നതില് പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ രഹസ്യമായി ആഹ്ലാദിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: