ആലപ്പുഴ: തരിശുകിടന്ന പാടശേഖരത്തില്‍ നെല്‍കൃഷി ചെയ്ത കര്‍ഷകനെ സിപിഎമ്മും, കൃഷിവകുപ്പും ചേര്‍ന്ന് ദ്രോഹിക്കുന്നതായി പരാതി. ലക്ഷങ്ങളുടെ കടബാധ്യതയിലായ തനിക്ക് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് എടത്വ ചങ്ങംകരി പട്ടംപറമ്പില്‍ എം. മോഹനന് പറയുന്നു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ തന്നെ പാര്‍ട്ടി നേതാക്കളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയാടുകയാണെന്നാണ് മോഹനന്റെ പരാതി.
സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വിശ്വസിച്ച് വര്‍ഷങ്ങളായി തരിശു കിടന്ന ഭൂമിയില്‍ കൃഷിയിറക്കാന്‍ തയാറായെന്നതു മാത്രമാണ് താന്‍ ചെയ്ത തെറ്റെന്നും അദ്ദേഹം പറയുന്നു. തരിശു ഭൂമിയില്‍ കൃഷി ചെയ്യാതെ കൃഷിയിറക്കിയെന്ന് വ്യാജരേഖകള്‍ ചമച്ച് വര്‍ഷങ്ങളായി സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം തട്ടിയെടുത്തിരുന്ന ചിലരാണ് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും മോഹനന് പറയുന്നു.
കുട്ടനാട് രാമങ്കരി കൃഷിഭവന് പരിധിയില്‍പ്പെട്ട പാണ്ടളം കിഴക്ക് തേനാകാപ്പ് പാടശേഖരത്തിലെ ഒന്‍പത് ഹെക്ടര്‍ പാടത്ത് മൂന്ന് വര്‍ഷത്തേക്ക് കൃഷി ചെയ്യുന്നതിന് 2016-17 സാമ്പത്തിക വര്‍ഷം മോഹനന് പാട്ടത്തിനെടുത്തു. കളകള്‍ നീക്കി കൃഷിക്ക് അനുയോജ്യമാക്കി വിത്ത് വിതച്ചെങ്കിലും വെള്ളപ്പൊക്കത്തില്‍ മട വീണ് 20 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ നശിച്ചു. 2017 നവമ്പറില്‍ കൃഷി മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. നാലു ലക്ഷം രൂപയാണ് അന്ന് നഷ്ടമായത്.
ഇക്കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം കൃഷി ചെയ്യുന്നതിന് ശ്രമിച്ചെങ്കിലും സിപിഎമ്മുകാരായ പഞ്ചായത്ത് പ്രസിഡന്റും, വാര്‍ഡ് മെമ്പറും തന്നെ ഭീഷണിപ്പെടുത്തിയതായും കാലും കൈയും തല്ലിയൊടിക്കുമെന്ന് പറഞ്ഞതായും മോഹനന് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിക്കുള്‍പ്പെടെ പരാതി നല്കി.എന്നാല്‍, പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം കൂട്ടനാട് ഏരിയ സെക്രട്ടറി തള്ളി. ഇതിനകം കൃഷിയിറക്കുന്നതിന് രണ്ടര ലക്ഷം രൂപയോളം ചെലവായി. കൃഷി ചെയ്യുന്നതിന് കൃഷി വകുപ്പ് പ്രഖ്യാപിച്ച ആനുകൂല്യം പോലും സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം കാരണം നിഷേധിക്കുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ കൃഷി മന്ത്രി നേരിട്ട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നല്കിയ ഉത്തരവ് പോലും പാലിക്കുന്നില്ല. മുന്‍കാലങ്ങളില്‍ പാണ്ടളം കിഴക്ക് തേനാകാപ്പ് പാടശേഖരത്തില്‍ കൃഷിയിറക്കിയതായി കാണിച്ച് ആരെങ്കിലും ആനുകുല്യം നേടിയിട്ടുണ്ടോയെന്ന് വിവരാവകാശ നിയമ പ്രകാരം കൃഷി ഓഫീസില്‍ അപേക്ഷ നല്‍കിയതാണ് സിപിഎം നേതാക്കള്‍ തന്നെ ശത്രുവായി കാണാന്‍ കാരണമെന്നും മോഹനന് പറയുന്നു. കാര്‍ഷിക മേഖലയിലെ വന്‍ അഴിമതിയും, കൃഷിവകുപ്പിന്റെ കാര്യശേഷിയില്ലായ്മയും വ്യക്തമാക്കുന്നതാണ് മോഹനന്റെ ദുരനുഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: