ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ വ്യോമസേന പരാജയപ്പെടുത്തി. നിയന്ത്രണരേഖ ലംഘിച്ച് ആക്രമണത്തിനെത്തിയ മൂന്ന് എഫ് 16 യുദ്ധവിമാനങ്ങളില്‍ ഒന്ന് ഇന്ത്യ വെടിവെച്ചുവീഴ്ത്തി. ഒരു മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമായി. വിമാനം നിയന്ത്രിച്ചിരുന്ന വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ കാണാതായി. ഇദ്ദേഹം തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാക്കിസ്ഥാന് അവകാശപ്പെട്ടു. ഇന്നലെ രാവിലെ പത്ത് മണിയോടെ രജൗരി-നൗഷേര സെക്ടര്‍ ഭാഗത്തായിരുന്നു സംഭവം.
ബറ്റാലിയന്-ബ്രിഗേഡ് ആസ്ഥാനങ്ങളും ആയുധ സംഭരണ വിതരണ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയില്‍ കനത്ത ആക്രമണത്തിനാണ് പാക് യുദ്ധവിമാനങ്ങള്‍ എത്തിയത്. ഇവിടെ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും നാശനഷ്ടമുണ്ടാക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. ഇന്ത്യയുടെ പ്രത്യാക്രമണം കനത്തതോടെ പിന്മാറി. പാക്കിസ്ഥാന്റെ ഭാഗത്ത് എഫ് 16 തകര്‍ന്നുവീഴുന്നത് ഇന്ത്യന്‍ സേന കണ്ടതായി എയര്‍ വൈസ് മാര്‍ഷല്‍ ആര്.ജി.കെ. കപൂറിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഒരു മിഗ് 21 നമുക്ക് നഷ്ടമാവുകയും പൈലറ്റിനെ കാണാതാവുകയും ചെയ്തു. ഇദ്ദേഹത്തെ പിടികൂടിയെന്നാണ് പാക്കിസ്ഥാന് അവകാശപ്പെടുന്നത്. ഇത് പരിശോധിച്ചുവരികയാണ്, അദ്ദേഹം വ്യക്തമാക്കി.
പൈലറ്റിന്റെ വീഡിയോ പുറത്തുവിട്ടെങ്കിലും ഇക്കാര്യം പാക്കിസ്ഥാന് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. വീഡിയോയില്‍ മര്‍ദനത്തിന് ഇരയായതായി വ്യക്തമാകുന്നുണ്ട്. ചെന്നൈ സ്വദേശിയാണ് അഭിനന്ദന്. പാക്കിസ്ഥാന് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
രാജ്യം അതീവജാഗ്രതയില്‍
ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തതില്‍ പാക്കിസ്ഥാന് പ്രത്യാക്രമണം നടത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. അതിര്‍ത്തി മുഴുവന്‍ തയാറെടുപ്പുകളുമായി ഏറെ ജാഗ്രതയിലായിരുന്നു സൈന്യം. അതിനാല്‍ നിമിഷനേരത്തിനുള്ളില്‍ പാക്ക് യുദ്ധവിമാനങ്ങളെ തുരത്താനും സാധിച്ചു. ഇതിന് പിന്നാലെ യുദ്ധസമാനമായ മുന്നൊരുക്കങ്ങളും നടന്നു. ശ്രീനഗര്‍, ജമ്മു, ലെ, അമൃത്സര്‍ തുടങ്ങി ഏഴ് വിമാനത്താവളങ്ങളില്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചു. കശ്മീരിലെ ബദ്ഗാം ജില്ലയില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. വൈകിട്ടോടെ നിരോധനം നീക്കുകയും സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. പാക്കിസ്ഥാനും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: