തൃശൂര്‍: ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്ന നിലപാടില്‍ കത്തോലിക്ക സഭ. സജീവമായി തെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്കി കുടുംബയോഗങ്ങള്‍ വിളിക്കാന്‍ സഭാ നേതൃത്വത്തിന്റെ നിര്‍ദേശം. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് സഭയുടെ ശക്തമായ നീക്കം.
ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ട്രസ്റ്റ് ബില്‍ നിയമമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ സഭാനേതൃത്വത്തിന് കടുത്ത പ്രതിഷേധമാണുള്ളത്. 2009-ല്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന് രൂപം നല്‍കിയതാണ് ചര്‍ച്ച് ആക്ട്ബില്. ഇപ്പോഴത്തെ രൂപത്തില്‍ ഇത് നടപ്പിലാക്കാനാവില്ല എന്ന് സഭാ നേതൃത്വം വ്യക്തമാക്കുന്നു.
2017-ല്‍ ഇടത് സര്‍ക്കാര്‍ ബില്‍ നടപ്പാക്കാന്‍ ശ്രമമാരംഭിച്ചതു മുതല്‍ ബിഷപ്പ് കൗണ്‍സില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. ഇടവകകള്‍, രൂപത, അതിരൂപത, ജില്ല, സംസ്ഥാന തലങ്ങളില്‍ സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വേണമെന്നാണ് നിയമത്തിന്റെ കാതല്‍. ഇത് സഭയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ ഇടയാക്കുമെന്നും സ്വത്തുക്കളുടേയും സ്ഥാപനങ്ങളുടേയും നിയന്ത്രണം കയ്യാളാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമമാണ് ബില്‍ നിയമമാക്കാനുള്ള നീക്കത്തിന് പിന്നിലെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തുന്നു.
അതേസമയം ബില്‍ നിയമമാക്കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ആവശ്യമായ ഭേദഗതികള്‍ മാര്‍ച്ച് 6ന് മുന്‍പ് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സഭാ നേതൃത്വത്തിന് കത്ത നല്‍കിയിട്ടുണ്ട്. കടുത്ത പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് സഭാനേതൃത്വം ഉയര്‍ത്തുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഈ നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന നിര്‍ദേശമാണ് താഴേക്ക് നല്‍കുന്നത്. ഞായറാഴ്ച എല്ലാ ഇടവകകളിലും കുടുംബയോഗങ്ങള്‍ നടക്കും. ഇതില്‍ വായിക്കാനുള്ള ഇടയലേഖനം അതിനു മുന്‍പ് ലഭ്യമാക്കുമെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു.
സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്നതാണ് സഭയുടെ നിലപാട്. സഭക്ക് പ്രത്യേക രാഷ്ട്രീയമില്ല. പക്ഷേ ക്രിസ്ത്യന്‍ സഭയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നതരം പ്രവൃത്തികള്‍ നോക്കി നില്‍ക്കില്ല. രാഷ്ട്രീയ നിലപാട് വിശദീകരിക്കാന്‍ എല്ലാ ഇടവകകളിലും കുടുംബയോഗങ്ങള്‍ വിളിക്കണമെന്നും ഇതില്‍ ചര്‍ച്ചക്കായുള്ള ലേഖനം നല്‍കുമെന്നും കഴിഞ്ഞദിവസം ഇടവകകള്‍ക്ക് നല്കിയ കത്തില്‍ സൂചിപ്പിക്കുന്നു.
ഓഖി-പ്രളയ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അര്‍ഹരായവരെ തഴഞ്ഞുവെന്നും വ്യാപക പരാതിയുണ്ട്. പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്ക സമൂഹം കടുത്ത പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: