ന്യൂദല്‍ഹി: എല്ലാ പൊതുയോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്ന ഒരു വാചകമുണ്ട്- ‘യെ നയാ ഹിന്ദുസ്ഥാന്‍ ഹെ'(ഇത് പുതിയ ഇന്ത്യയാണ്). അഴിമതിയില്ലാത്ത, എല്ലാ വീടുകളിലും ഗ്രാമങ്ങളിലും ശൗചാലയവും വൈദ്യുതിയും ലഭ്യമായ പുതിയ ഇന്ത്യ. മോദി ആവര്‍ത്തിച്ച് പറയുന്ന വാചകത്തിന്റെ അര്‍ഥം ഇപ്പോള്‍ ഏറ്റവും നന്നായി ബോധ്യപ്പെട്ടിട്ടുണ്ടാവുക പാക്കിസ്ഥാനും പ്രധാനമന്ത്രി ഇമ്രാന് ഖാനുമായിരിക്കും. ഭീകരസംഘങ്ങളെ ഉപയോഗിച്ച് അയല്‍രാജ്യം നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും മറക്കുന്ന പതിവ് ഇന്ത്യ ഉപേക്ഷിച്ചു. ഒന്നിന് പത്ത് എന്ന കണക്കിലുള്ള തിരിച്ചടിയാണ് ‘പുതിയ ഇന്ത്യ’യുടെ പ്രതിരോധനയം.
പുല്‍വാമയില്‍ ജവാന്മാരുടെ ജീവന് പൊലിഞ്ഞപ്പോള്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന മുറവിളി ആദ്യമായി രാജ്യമെങ്ങും ഉയരുകയുണ്ടായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുംബൈ ഭീകരാക്രമണത്തില്‍ ഇരുനൂറോളം പേര് കൊല്ലപ്പെട്ടപ്പോള്‍ പോലും പ്രതികാരത്തിനായുള്ള ആവശ്യം രാജ്യത്ത് മുഴങ്ങിയിരുന്നില്ല. തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുവാദം നല്കാന് ധൈര്യമില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ് തങ്ങളെ ഭരിക്കുന്നതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായിരുന്നു. സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാന് മറുപടി നല്‍കുകയെന്നത് ഇന്ത്യ ചിന്തിച്ചു തുടങ്ങിയതും നടപ്പാക്കിയതും മോദി സര്‍ക്കാരിന്റെ കാലത്താണ്.
ഉറി ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ മിന്നലാക്രമണം മാറുന്ന ഇന്ത്യയുടെ പ്രഖ്യാപനമായിരുന്നു. അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ പൂര്‍ണമായും വിജയിച്ച ശേഷമാണ് നിന്ത്രണ രേഖ കടന്ന് ഇന്ത്യ ഭീകരരെ വകവരുത്തിയത്. അന്ന് മുന്നറിയിപ്പില്ലാതെയായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെങ്കില്‍ ഇത്തവണ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ആക്രമണം. സൈനികരുടെ ചോരയ്ക്ക് പകരംവീട്ടുമെന്ന് മോദി തന്നെ നാലോ അഞ്ചോ തവണ പാക്കിസ്ഥാന് വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാന്റെ എല്ലാ മുന്‍കരുതലുകളും ഭേദിച്ചാണ് ഭീകരകേന്ദ്രങ്ങള്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തത്. 2016 മിന്നലാക്രമണത്തിന്റെ എത്രയോ ഇരട്ടി കരുത്തോടെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. തിരിച്ചടിക്കാന്‍ ഇനിയും പ്രേരിപ്പിച്ചാല്‍ എത്രത്തോളം ഭീകരമായിരിക്കുമെന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്. ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും കൂടുതല്‍ ശക്തമായി ഞങ്ങള്‍ തിരിച്ചടിക്കുമെന്ന് തുറന്നടിച്ച് മന്ത്രി ജനറല്‍ വി.കെ. സിംഗ് നയം വ്യക്തമാക്കുകയും ചെയ്തു.
1971ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്റെ വ്യോമ മേഖലയിലേക്ക് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നത്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഇന്ത്യ പോകുമെന്നതിന്റെ തുറന്ന പ്രഖ്യാപനമാണ് മോദി നടത്തുന്നത്. നാല് യുദ്ധങ്ങളില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ദുര്‍ബലമായിരുന്നില്ല. സൈന്യത്തിന്റെ കൈകള്‍ക്ക് വിലങ്ങിട്ട ഭരണനേതൃത്വമായിരുന്നു തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാര്‍. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ സൈന്യത്തിന്റെ നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ തടസ്സം നില്‍ക്കാറില്ല. കശ്മീര്‍ പ്രശ്നത്തിലുള്‍പ്പെടെ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കുകയാണ് മോദി ചെയ്തത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ എഴുനൂറിലേറെ ഭീകരരെ കശ്മീരില്‍ മാത്രം സൈന്യത്തിന് വകവരുത്താന്‍ സാധിച്ചത് ’56 ഇഞ്ച് നെഞ്ചള’വിന്റെ ബലത്തില്‍ കൂടിയാണ്. പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാന്‍ സമയവും സ്ഥലവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്ന പരസ്യ പ്രഖ്യാപനം പോലും മോദി നടത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: