ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഗാന്ധി സമാധാന പുരസ്കാരം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിനു വേണ്ടി ഡയറക്ടര്‍ പദ്മവിഭൂഷണ് പി. പരമേശ്വരന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും ഏറ്റുവാങ്ങി. പുരസ്കാരത്തുകയായ ഒരു കോടി രൂപ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് ചടങ്ങില്‍ പി. പരമേശ്വരന് വ്യക്തമാക്കി. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് ഗാന്ധിജിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ സംബന്ധിച്ചു.
രാജ്യമെങ്ങുമുള്ള വനവാസികളുടെ വികസനത്തിന് വിവേകാനന്ദ കേന്ദ്രം പ്രവര്‍ത്തിച്ചതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലകളില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ വികസനത്തിന് ക്രിയാത്മക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. 1972ല്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന ഏകനാഥ് റാനഡെയാണ് വിവേകാനന്ദ കേന്ദ്രം സ്ഥാപിച്ചത്. നിലവില്‍ രാജ്യത്താകമാനം 800 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള വിവേകാനന്ദ കേന്ദ്ര വിദ്യാലയങ്ങളില്‍ 45,500 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: