പുല്‍വാമയിലെ ഫിദായീന്‍ ജിഹാദി ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ സൈനിക പ്രത്യാക്രമണത്തിന് മുതിര്‍ന്നേക്കുമെന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഇത്തരമൊരു ആക്രമണം അധികമാരും പ്രവചിച്ചിരുന്നില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പാക് അധിനിവേശ ജമ്മു കശ്മീരിലായിരിക്കുമെന്നാണ് പാക്കിസ്ഥാനുള്‍പ്പെടെ കരുതിയിരുന്നത്. എന്നാല്‍, വ്യോമസേനയുടെ ആക്രമണം നടന്ന ബലാകോട്ട് ഇസ്ലാമബാദില്‍ നിന്ന് ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം കിലോമീറ്ററുകള്‍ ദൂരമുള്ള ഒരു ടാര്‍ഗറ്റ് ആണെന്നത് അവരെ കൂടുതല്‍ ഭയചകിതരാക്കിയിട്ടുണ്ട്.
1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന പാക് അതിര്‍ത്തി ഭേദിച്ച് ആക്രമണം നടത്തുന്നത്. ഡോവല്‍ ഡോക്ട്രിന്‍ എന്നറിയപ്പെടുന്ന, ഡിഫെന്‍സില്‍ നിന്നും ഒഫന്‍സീവ് ഡിഫന്‍സിലേക്കുള്ള ചുവടു മാറ്റം നേരിട്ട് പരീക്ഷിക്കപ്പെടുന്നത് 2016 സപ്തംബറിലെ ഉറി മിന്നലാക്രമണത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ മാറിയ പ്രതിരോധ തന്ത്രത്തെ അടിവരയിടുന്നതാണ് ഇന്നലെ ഭീകര കേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങള്‍.
പാക്കിസ്ഥാന്റെ ജനവാസ കേന്ദ്രങ്ങളെയോ സൈനികത്താവളങ്ങളെയോ ഒരു തരത്തിലും ലക്ഷ്യം വയ്ക്കാതെ, പരമാധികാരത്തിനു പ്രത്യക്ഷത്തില്‍ വെല്ലുവിളി ഉയര്‍ത്താതെ, ദൗത്യം പൂര്‍ത്തീകരിച്ച് നമ്മുടെ പോര് വിമാനങ്ങള്‍ സുരക്ഷിതമായി തിരികെയെത്തി. ഇത്തരമൊരു ആക്രമണത്തിന് തയാറെടുക്കുന്നതിന് മുന്നോടിയായി ലോക ശക്തികളെ വിശ്വാസത്തിലെടുക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര ഉപാധികളും ഇന്ത്യ സ്വീകരിച്ചിരുന്നു എന്നതാണ് ഏറ്റവും പ്രധാനം. ആക്രമണത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് ഇത് ശരിവെക്കുന്നതായിരിന്നു. പാക് കേന്ദ്രമാക്കി കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടുകൂടിയാണ് ഇത്തരത്തിലുള്ള പ്രതിരോധ നീക്കമെന്നും ആഭ്യന്തര സെക്രട്ടറി വിജയ് ഗോഖലെ പറയുകയുണ്ടായി. സൈന്യം ആക്രമണം നടത്തിയ ബലാക്കോട് തീവ്രവാദ കേന്ദ്രത്തിലെ പടിക്കെട്ടുകളില്‍ കാണപ്പെട്ട അമേരിക്ക, ബ്രിട്ടന്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ജെയ്ഷെ മുഹമ്മദ് എത്രമാത്രം ലോകത്തിനകമാനം ഭീഷണിയാണ് എന്ന ഭാരതത്തിന്റെ വാദത്തിനുള്ള തെളിവായി. ആക്രമണത്തെ നിഷേധിക്കുമ്പോഴും സമാനരീതിയിലുള്ള ഒരു തിരിച്ചടിക്കുള്ള സാധ്യതയ്ക്ക് പഴുതിട്ടുകൊണ്ടാണ് പാക് സൈനികവിദേശകാര്യ വക്താക്കളുടെ പ്രതികരണം. അക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രസ്താവന പാക്കിസ്ഥാനെ കൊണ്ടെത്തിച്ചിരിക്കുന്നത് വലിയൊരു പ്രതിസന്ധിയുടെ വക്കിലാണ്. സൈനികനാശമോ ആള്‍നാശമോ ഇല്ലാത്ത ഒരു ആക്രമണത്തില്‍ എന്തിന് തിരിച്ചടിക്കണമെന്ന ചോദ്യത്തിന് അന്താരാഷ്ട്ര സമൂഹത്തിന് മുന്പില് അവര്ക്കുത്തരം പറയേണ്ടി വരും.
മോദിക്കു ശേഷം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സുശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പാക് നിലപാടുകള്‍ ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കശ്മീര്‍ താഴ്വരയിലെ ഭീകരവാദികള്‍ക്കെതിരെ നടക്കുന്ന സൈനിക നടപടികള്‍ മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വളരെ അക്രമണോത്സുകമായി ഉപയോഗിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളുടെ മാത്രം ചരിത്രം എടുത്താല്‍, ബേനസീര്‍ ഭൂട്ടോയും നവാസ് ഷെരീഫും അടക്കമുള്ള പാക് രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയുടെ പരമാധികാരത്തെ പ്രത്യക്ഷത്തില്‍ വെല്ലുവിളിച്ചു നടത്തിയ പ്രസ്താവനകളാല്‍ കലുഷിതമായിരുന്നു പാക് ആഭ്യന്തര രാഷ്ട്രീയം. ഭീകരത രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോഴും ജമ്മുകശ്മീര്‍ വിഷയത്തെ അവസരത്തിലും അനവസരത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലുപയോഗിക്കുമായിരുന്ന പതിവിന് അടുത്തകാലത്തായി വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി പ്രതികരിക്കുമ്പോള്‍ പാക് വൃത്തങ്ങള്‍ പുലര്‍ത്തുന്ന സംയമനം പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും വളരെ പ്രകടമായിരുന്നു.
രാഷ്ട്രീയ സാമ്പത്തിക പ്രതിരോധ നയതന്ത്ര ഭാരതം കൈവരിച്ച വന്‍ മുന്നേറ്റവും അതേ മേഖലകളില്‍ സമീപകാലത്ത് പാക്കിസ്ഥാനുണ്ടായ തിരിച്ചടികളും അവിടെ നിലനില്‍ക്കുന്ന സാമ്പത്തിക അരാജകത്വവും ഇതിനുള്ള മറ്റു കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. നയതന്ത്ര രംഗത്ത് കനത്ത തിരിച്ചടികളാണ് പാക്കിസ്ഥാന് പോയ വര്ഷങ്ങളിലേറ്റത്. ഇന്ത്യയെ സൈനികമായി പ്രകോപിപ്പിക്കുക എന്നത് പാക് ഭരണകൂടത്തിന് ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. ഐഎംഎഫിന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും ഭിക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആഭ്യന്തര വിലക്കയറ്റത്തിലും സാമ്പത്തിക തകര്‍ച്ചയിലും പൊറുതിമുട്ടിയ പാക്കിസ്ഥാന്.
ചൈനയും എത്രത്തോളം
ജമ്മുകശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയിയില്‍ നിന്നടക്കം നേരിട്ടുകൊണ്ടിരിക്കുന്ന ശുഭോദര്‍ക്കമല്ലാത്ത പ്രതികരണങ്ങള്‍ ഇമ്രാന് ഖാന് ഭരണകൂടത്തെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ വിഷയത്തില്‍ സുരക്ഷാ കൗണ്‍സിലിന്റെ ഇടപെടലിനായി പാക്കിസ്ഥാന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിനു മേല്‍ തുടര്‍ച്ചയായ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മാത്രമല്ല, വിഷയത്തില്‍ നിന്ന് യുഎന്‍ കൈകഴുകുകയാണോ എന്ന മട്ടിലാണ് പാക്കിസ്ഥാനില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് അമേരിക്കയും ഫ്രാന്‍സും ഇസ്രായേലുമടക്കമുള്ള പ്രധാന രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പരസ്യപിന്തുണയും അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ചൈനയാണ് പാക്കിസ്ഥാന് പിന്തുണ നല്കുന്ന ഏക അന്താരാഷ്ട്ര കക്ഷി. പക്ഷെ, സാമ്പത്തികവളര്‍ച്ചാ സൂചികകളില്‍ പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്ന ചൈന ഈ ഘട്ടത്തില്‍ ഇന്ത്യയെ പിണക്കുന്നത് ഒട്ടും പ്രയോഗികമാകില്ല. അമേരിക്കയ്ക്കും ജപ്പാനുമൊപ്പം ചൈനയുടെ വലിയ വ്യാപാര പങ്കാളികളില്‍ ഏറ്റവും പ്രധാനിയാണ് ഇന്ത്യയും.
ഒരു തുറന്ന യുദ്ധം ഇന്നത്തെ അവസ്ഥയില്‍ പാക്കിസ്ഥാന് താങ്ങാവുന്നതല്ല. എന്നാല്‍, തിരിച്ചടിക്കുക എന്നത് ഇമ്രാന് ഖാന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി താനും. മുഖം രക്ഷിക്കാനുള്ള ദുര്‍ബ്ബല ശ്രമങ്ങള്‍ക്കപ്പുറം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കാര്യമായ സൈനിക നീക്കങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: