ചാത്തന്നൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ആത്മഹത്യാഭീഷണിയുമായി ഇന്നലെ എട്ട് തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത് പരിഭ്രാന്ത്രി പരത്തി. രാവിലെ ഏഴു മണിയോടെയാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിലെ എട്ട് തൊഴിലാളികള്‍ കൈയില്‍ മണ്ണെണ്ണയും തീപ്പെട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പരവൂരില്‍ നിന്നും പത്തുമണിയോടെ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ രേഖ സ്ഥലത്തെത്തി മാര്‍ച്ച് 15ന് മുന്‍പ് ലേ ഓഫ് ശമ്പളം കൊടുക്കാമെന്ന ധാരണ പ്രഖ്യാപിച്ചതോടെയാണ് സമരത്തിന് താല്‍ക്കാലിക പരിഹാരമായത്.
ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്‍ നവീകരണം ഇഴയുന്നതോടെയാണ് ലേ ഓഫ് വേതനം ഇല്ലാതെ തൊഴിലാളികള്‍ ദുരിതത്തിലായത്. ജില്ലയില്‍ സഹകരണ മേഖലയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമാണ് പ്രതിസന്ധിയിലാകുന്നത്. പുനരുദ്ധാരണ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സംസ്ഥാനം കൈമാറാത്തതാണു പ്രതിസന്ധിക്കു കാരണം.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 2015ല്‍ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നാഷനല്‍ കോ ഓപ്പറേറ്റിവ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ (എന്‍സിഡിസി) നിന്ന് 57 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിലേക്കു നല്‍കുന്ന തുക സഹകരണ മില്ലുകളുടെ ഉന്നതസമിതിയായ ടെക്സ്റ്റ്‌ഫെഡ് മുഖേനയാണു മില്ലിനു കൈമാറുന്നത്. ആദ്യം 15 കോടിയും പിന്നീട് മൂന്നു കോടി രൂപയും കൈമാറി.
യന്ത്രങ്ങള്‍ വാങ്ങി. മന്ത്രി ഇ.പി ജയരാജന്‍ എത്തി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മില്ലില്‍ ഉണ്ടായിരുന്ന പഴയ മെഷിനറികള്‍ എല്ലാം വിറ്റു. തൊഴിലാളികള്‍ പട്ടിണിയിലായി. അവശേഷിക്കുന്ന തുക സര്‍ക്കാര്‍ കൈമാറാത്തതു മൂലം നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
15 കോടി രൂപ നല്‍കിയതിനു ശേഷം കേരള സര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്ന തുകയില്‍നിന്നുതിരിച്ചു നല്‍കുമെന്ന വ്യവസ്ഥയില്‍ 2017ല്‍ കേരള ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷനു 3.50 കോടി രൂപ കൈമാറുകയും ചെയ്തു.
പിന്നീട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനമാണു മില്ലിന്റെ നവീകരണം പുനരാരംഭിക്കുന്നത്. ഏതാനും മാസത്തിനുള്ളില്‍ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്. ഇലക്ട്രിക്കല്‍, സിവില്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായില്ല. നവീകരണത്തിന് അടച്ച ശേഷം ആദ്യ രണ്ടു മാസം തൊഴിലാളികള്‍ക്ക് ലേഓഫ് വേതനം ലഭിച്ചു. ഇപ്പോള്‍ അതും മുടങ്ങി. തൊഴിലാളികള്‍ പട്ടിണിയിലാണ് അതോടെയാണ് അവര്‍ സമരവുമായി ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: