വാര്‍ത്തയില്‍ നിന്ന്:
”ഫയര്‍ യൂണിറ്റുകള്‍ ഏറെനേരം പരിശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല”.
”മറ്റ് ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ എത്തിയതോടെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു”.
ചിലര്‍ക്ക് എന്തിനെയും ‘വിധേയ’മാക്കണം. ആ ശീലമാണ് ഈ വാക്യങ്ങളില്‍ കാണുന്നത്. ആദ്യ വാക്യത്തില്‍ ‘തീ നിയന്ത്രിക്കാന്‍ സാധിച്ചില്ല’ എന്നും രണ്ടാമത്തേതില്‍ ‘തീ നിയന്ത്രിക്കാന്‍ കഴിഞ്ഞു’ എന്നും മതി. ആവശ്യമില്ലാതെ വിധേയരാകുകയോ വിധേയരാക്കുകയോ വേണ്ട!
”ഹോട്ടലുകളില്‍ നിന്നും ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ മാലിന്യമാണ് കുടിവെള്ള സ്രോതസ്സായ പെരിയാറ്റിലേക്ക് ഒഴുക്കിവിടുന്നത്! (തെറ്റ്, ‘നിന്നും’ വേണ്ട ‘നിന്ന്’ മതി)
”ഹോട്ടലുകളില്‍ നിന്നും ദിവസങ്ങളും ലക്ഷക്കണക്കിന് ലിറ്റര്‍ മാലിന്യമാണ് കുടിവെള്ള സ്രോതസ്സായ പെരിയാറ്റിലേക്ക് ഒഴുക്കിവിടുന്നത്” (ശരി).
”ഹോട്ടലുകളില്‍ നിന്നും ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ മാലിന്യം കുടിവെള്ള സ്രോതസ്സായ പെരിയാറ്റിലേക്ക് ഒഴുക്കിവിടുന്നു”. (ശരി)
”മത്സ്യലഭ്യതകുറവിന് പരിഹാരവും തീരസുരക്ഷയ്ക്കും പ്രാധാന്യം നല്‍കണം”
വികലമായ തലക്കെട്ട് ഇങ്ങനെ തിരുത്താം:
”മത്സ്യലഭ്യതക്കുറവ് പരിഹരിക്കണം
തീരസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം”
”അടുത്തകാലത്ത് മുനമ്പം തീരത്തുണ്ടായ മത്സ്യക്കടത്ത് തീരസുരക്ഷയിലെ ജാഗ്രത കുറവിനെയാണ് സൂചിപ്പിക്കുന്നതെന്നും സമ്മേളനം വിലയിരുത്തി”. ‘ജാഗ്രതക്കുറവ്’ എന്നുവേണം.
”സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇരുകൂട്ടരുമായി എടുത്ത തീരുമാനം ഹോട്ടലുടമകള്‍ പ്രാവര്‍ത്തികമായിട്ടില്ല” (തെറ്റ്)
”ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി എടുത്ത തീരുമാനം ഹോട്ടലുടമകള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല”. (ശരി)
”തൊഴുത്തുകളുടെ ആധുനികവത്കരണത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു”. (തെറ്റ്)
‘ആധുനീകരണം’ (ശരി)
”കൊച്ചി മെട്രോയ്ക്ക് പുതിയൊരു നേട്ടം കൂടി”.
‘ഒരു’വും ‘കൂടി’യും വേണ്ട
”കൊച്ചി മെട്രോയ്ക്ക് പുതിയ നേട്ടം”. (ശരി)
”കൊച്ചി മെട്രായ്ക്ക് ഒരു നേട്ടം കൂടി”. (ശരി)
”നഗരസഭയ്ക്ക് കിഴിലുള്ള ഫോര്‍ട്ടുകൊച്ചി വെളി മൈതാനം, റവന്യൂ വകുപ്പിനെ പരേഡ് മൈതാനം എന്നിവയാണ് അധികൃത അവഗണനയില്‍ തകരുന്നത്. 2017 ലെ അണ്ടര്‍ 17 ഫിഫ വേള്‍ഡ് കപ്പ് മത്സരടീമുകള്ക്കായി പരിശീലനമൈതാനമായാണ് ഇരു മൈതാനങ്ങളും നവീകരിച്ചത്. പതിനാല്കോടി രൂപ ചെലവില്‍ കൊച്ചി നഗരത്തിലെ നാലു മൈതാനങ്ങളാണ് ഫുട്ബോള്‍ അസോസിയേഷന് നവീകരിച്ചത്. 8 കോടി രൂപയാണ് പശ്ചിമകൊച്ചി മൈതാനങ്ങള്‍ക്കായി ചെലവഴിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച നാല് മൈതാനങ്ങളില്‍ നഗരത്തിലെ രണ്ടെണ്ണം സംരക്ഷിക്കപ്പെടുമ്പോഴാണ് പശ്ചിമകൊച്ചിയില്‍ അവഗണന തുടരുന്നത്”.
അടുത്തടുത്തുള്ള അഞ്ചു വാക്യങ്ങള്‍ ഒരേ വിധത്തില്‍ അവസാനിക്കുന്നു. അരോചകമാണ് ഈ ആവര്‍ത്തനം. അല്പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാം.
”നഗരസഭയ്ക്ക് കീഴിലുള്ള ഫോര്‍ട്ടുകൊച്ചി വെളിമൈതാനം റവന്യൂവകുപ്പിന്റെ പരേഡ് മൈതാനം എന്നിവ അധികൃതരുടെ അവഗണനയാല്‍ തകരുന്നു. 2017 ലെ അണ്ടര്‍ 17 ഫിഫ വേള്‍ഡ്കപ്പ് മത്സരടീമുകള്ക്ക് പരിശീലനമൈതാനമായി രണ്ടും നവീകരിച്ചിരുന്നു. പതിനാലുകോടി രൂപ ചെലവില്‍ കൊച്ചിനഗരത്തിലെ നാലു മൈതാനങ്ങളാണ് ഫുട്ബോള്‍ അസോസിയേഷന് നവീകരിച്ചത്. പശ്ചിമ കൊച്ചി മൈതാനങ്ങള്‍ക്ക് 8 കോടി രൂപ ചെലവഴിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച നാലു മൈതാനങ്ങളില്‍ നഗരത്തിലെ രണ്ടെന്നം സംരക്ഷിക്കപ്പെടുമ്പോള്‍ പശ്ചിമകൊച്ചിയില്‍ അവഗണന തുടരുകയാണ്”.
ലേഖനത്തില്‍ നിന്ന്:
”ആത്മത്താല് അധിനിവേശം ചെയ്യപ്പെടാത്ത അപരമാണ് സാഹിത്യത്തിന്റെ അനുഭൂതി മേഖല”
ഭാഷാ പണ്ഡിതരും ഗവേഷകരും ചേര്‍ന്ന് അര്‍ത്ഥം കണ്ടുപിടിക്കട്ടെ!
പിന്കുറിപ്പ്:
പാടത്ത് പണിക്ക് വരമ്പത്ത് കൂലി എന്നത് അലങ്കാര പ്രയോഗം – കോടിയേരി ബാലകൃഷ്ണന്
എതിരാളികളെ, വിമര്‍ശനം നിര്‍ത്തി സഹൃദയരാകൂ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: