രാജ്യത്തിനകത്തുള്ളവര്‍ക്ക് ഭരണാധികാരിയെക്കുറിച്ചും ഭരണത്തെക്കുറിച്ചും മതിപ്പില്ലെങ്കിലും ലോകം അങ്ങനെയല്ല. പ്രത്യേകിച്ച് ഇസ്ലാമികരാഷ്ട്രങ്ങള്‍ ആദരവോടും ബഹുമാനത്തോടും കൂടിയാണ് ഭാരതത്തെ നോക്കിക്കാണുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒഐസി) ഈയടുത്ത് നടത്തിയ ഒരു ക്ഷണം. മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ അബുദാബിയില്‍ ഈ സംഘടനയുടെ വിദേശകാര്യമന്ത്രിമാരുടെ കോണ്‍ക്ലേവിന്റെ ഉദ്ഘാടന സെഷനിലേക്കാണ് ഭാരതത്തെ ആദരസൂചകമെന്ന നിലയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. അതീവ ശക്തരായ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. സമ്മേളനത്തിലേക്കുള്ള ക്ഷണം ഭാരതം ഔദ്യോഗികമായി സ്വീകരിക്കുകയും അവരെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് പങ്കെടുക്കുക. സുഷമയുടെ ഇതപ്പര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ സാകൂതം വീക്ഷിക്കുന്ന ആര്‍ക്കും അവരുടെ സാന്നിധ്യം അതീവഹൃദ്യവും അര്‍ഹതപ്പെട്ടതുമാണെന്ന് മനസ്സിലാവും. ഒട്ടേറെ ഇസ്ലാം രാജ്യങ്ങളില്‍നിന്ന് ഭാരതീയരെ വിഷമസന്ധിയില്‍ കണ്‍പീലിക്ക് പോറലേല്‍ക്കാതെ രക്ഷിച്ചുകൊണ്ടുവന്നതിന്റെ ഹൃദയഹാരിയായ എത്രയെത്ര സംഭവങ്ങളുണ്ട്. അതില്‍തന്നെ ബഹുഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. മാതൃസ്നേഹത്തിന്റെ ഉദാത്തസംസ്കാരമായിരുന്നു സുഷമാസ്വരാജിലൂടെ വാര്‍ന്നുവീണത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയതുമുതല്‍ ഭാരതത്തെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഇസ്ലാമിക രാജ്യങ്ങള്‍ക്ക് അങ്ങേയറ്റം ഹൃദയഹാരിയായ പ്രവര്‍ത്തനങ്ങളാണ് ആഗോളതലത്തില്‍ ഭാരതം കാഴ്ചവെച്ചത്. സ്വന്തം രാജ്യത്തെ അജണ്ടാധിഷ്ഠിത താല്പ്പര്യക്കാരൊഴികെയുള്ളവര്ക്ക് അക്കാര്യത്തില്‍ ഒരാശങ്കയും പ്രയാസവും ഉണ്ടായിട്ടില്ല. ഇസ്ലാമികരാജ്യങ്ങള്ക്കും അത് ഏറെ വ്യക്തമായിരുന്നു. പാക്കിസ്ഥാന്റെ അതിക്രമവും ഭീകരവാദികളെ സഹായിക്കലുമുള്പ്പെടെയുള്ള കാര്യങ്ങള്‍ യഥാസമയം ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടാനായതും സഹായമായി. നാളിതുവരെ പാക്ക്ഭരണകൂടവും അവരുടെ നയതന്ത്രപ്രതിനിധികളും കെട്ടിയുയര്‍ത്തിയിരുന്ന പെരുംനുണകളുടെ കൊട്ടാരം തകര്‍ന്ന് തരിപ്പണമാവുകയാണുണ്ടായത്.
ലോകത്ത് ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ എക്കാലത്തെയും പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കാണിച്ചുകൊടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാറിന് കഴിഞ്ഞതിന്റെ ആത്യന്തിക ഫലംകൂടിയാണ് ഒഐസിയുടെ ക്ഷണം. 57 മുസ്ലീംരാജ്യങ്ങള് അംഗങ്ങളായ ലോകമുസ്ലീംങ്ങളുടെ പൊതുവേദിയായ ഒരുസംഘടന അവരുടെ ഉദ്ഘാടനസമ്മേളനത്തിലേക്ക് ഭാരതത്തെ ക്ഷണിക്കുന്നതിന്റെ പ്രാധാന്യം വളരെയേറെയാണ്; പ്രത്യേകിച്ച് പുല്‍വാമ സംഭവത്തോടെ പാക്കിസ്ഥാന് എല്ലായിടത്തും ഒറ്റപ്പെടുന്ന അവസ്ഥയില്‍. 1969ല്‍ സപ്തംബര്‍ 25ന് മൊറോക്കോയുടെ തലസ്ഥാനമായ റബാത്തില്‍ രൂപം കൊണ്ട ഈ സംഘടനയ്ക്ക് ലോകമുസ്ലീംങ്ങളുടെ സ്ഥിതിഗതികള്‍ യഥാവണ്ണം വീക്ഷിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങളുണ്ട്. 2011ലെ കണക്കനുസരിച്ച് 160 കോടിയാണ് ലോകത്ത് മുസ്ലീംജനസംഖ്യ. ജിദ്ദയിലാണ് സംഘടനയുടെ ആസ്ഥാനം.
പതിനെട്ടരക്കോടിയിലേറെ മുസ്ലീംങ്ങള്‍ ജീവിക്കുന്ന ഭാരതത്തില്‍ അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി ഭരണകൂടം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കണ്ടറിഞ്ഞതിനെ തുടര്‍ന്നാണ് ഈ അംഗീകാരം. ഒരുതരത്തിലുള്ള വിവേചനവും ആ സമൂഹത്തിന് ഉണ്ടാവുന്നില്ലെന്ന് സംഘടനയ്ക്ക് പൂര്ണബോധ്യമായിട്ടുണ്ട്. ഇവിടെയുള്ള തല്പരകക്ഷികള് വായിട്ടലയ്ക്കുന്നതില് അര്‍ത്ഥമില്ലെന്ന് വ്യക്തമാകുകയാണ് ഇതിലൂടെ. പാക് പ്രകോപനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒരുഭാഗത്ത് ഉരുണ്ടുകൂടുമ്പോള്‍ ഇസ്ലാമികരാജ്യങ്ങളുടെ ആഗോളസംഘടന സൗഹാര്‍ദ്ദപൂര്‍വം കൈനീട്ടുന്നത് പ്രശംസാര്‍ഹമാണ്. അത് ഇവിടുത്തെ ഭരണത്തെയും ഭരണാധികാരികളെയും അങ്ങേയറ്റം സ്നേഹിക്കുന്നതിന്റെ സൂചകം കൂടിയാണ്. ‘ലോകാസമസ്താ സുഖിനോഭവന്തു’ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു സംസ്കാരത്തെ പുണരാനുള്ള അദമ്യമായ താല്‍പ്പര്യം കൊണ്ടുകൂടിയാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: