കൊല്ലം: ആര്. ബാലകൃഷ്ണപിള്ളയെ തള്ളാനും കൊള്ളാനുമാവാതെ എല്‍ഡിഎഫ്. വിശ്വാസികളെയും സമുദായത്തെയും വഞ്ചിച്ച പിള്ളയ്ക്കെതിരെ ഉയരുന്ന കടുത്ത പ്രതിഷേധമാണ് മുന്നണിയെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ശബരിമല വിഷയത്തില്‍ വിശ്വാസികളോട് കാട്ടിയ വഞ്ചനയ്ക്കെതിരെ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാനെന്ന മട്ടിലാണ് എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കൂടിയായ ആര്. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ മുന്നണിയിലെടുത്തത്. എന്നാല്‍ ഇത് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ശബരിമല പ്രശ്നത്തില്‍ എന്‍എസ്എസിനെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായാണ് പിള്ളയെ മുന്നണിയിലെടുത്തതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
വി.എസ്. അച്യുതാനന്ദന്റെ എതിര്‍പ്പിനെ അവഗണിച്ച് പിള്ളയെ മുന്നാക്കവികസന കോര്പ്പറേഷന് ചെയര്‍മാനാക്കി കൂടെക്കൂട്ടുമ്പോഴും സിപിഎമ്മിന് ലക്ഷ്യം എന്‍എസ്എസ് പിന്തുണയായിരുന്നു. ശബരിമലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാണിച്ച ദുര്‍വാശിയും വിശ്വാസികളോടുള്ള കടുത്ത വഞ്ചനയുമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. ഇതോടെ പിള്ളയെ മുന്നണിയിലെടുത്താല്‍ അതുവഴി എന്‍എസ്എസിനെ അനുനയിപ്പിക്കാമെന്നതായി അടവുനയം. എന്നാല്‍ സമുദായവഞ്ചകനെന്ന നിലയിലാണ് സ്വന്തം താലൂക്ക് യൂണിയനില്‍ പോലും അനുയായികള്‍ വരെ പിള്ളയെ വിലയിരുത്തുന്നത്.
അഴിമതിക്കേസുകളും പിള്ളയുടെ സമുദായവഞ്ചനയും ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കവും ചര്‍ച്ചയായാല്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് എല്‍ഡിഎഫ് നേതൃത്വം. രണ്ടുവള്ളത്തിലും കാലുവെച്ചാണ് ഇപ്പോഴും പിള്ള നില്ക്കുന്നതെന്ന ആരോപണം സിപിഎം നേതാക്കളും ഉന്നയിക്കുന്നു. ആചാരങ്ങള്‍ പഴയതുപോലെ തന്നെ നിലനില്ക്കണമെന്ന് പറയുന്ന പിള്ള തന്നെ കോടതിവിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ് അവരുടെ വാദം.
എന്‍എസ്എസ് തീരുമാനം ലംഘിച്ച് ഇടതുമുന്നണിക്കൊപ്പം കൂടിയതോടെ ബാലകൃഷ്ണപിള്ളയും മകനും ഒറ്റപ്പെട്ട നിലയിലാണ്. പിള്ളയിലൂടെ പ്രതീക്ഷിച്ച എന്‍എസ്എസ് പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ ഇരുവരെയും അകറ്റിനിര്‍ത്തി തെരഞ്ഞെടുപ്പ് പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സിപിഎം നീക്കം.
ഇന്നലെ വരെ കോണ്‍ഗ്രസിനൊപ്പം നടന്ന് സിപിഎമ്മിനെ അധിക്ഷേപിച്ചിരുന്ന പിള്ളയെ സഹിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജില്ലയില്‍ പല ഏരിയാകമ്മറ്റികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: