ഇക്കഴിഞ്ഞ 13ന് കണ്ണൂര്‍ സംഘജില്ലയിലെ പ്രൗഢ സ്വയംസേവകരുടെ കുടുംബസംഗമം നടക്കുമ്പോള്‍ അതില്‍ ആ ജില്ലയില്‍ മുമ്പ് പ്രചാരകരായി പ്രവര്‍ത്തിച്ചവരെക്കൂടി ക്ഷണിക്കണമെന്ന തീരുമാനം മൂലം എനിക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കുടുംബസംഗമമായതിനാല്‍ കുടുംബത്തെയും കൂട്ടി. അത്യധികം ആഹ്ളാദവും ചാരിതാര്‍ത്ഥ്യവും നല്കിയ രണ്ട് ദിനങ്ങള്‍ അതിന്റെ ഭാഗമായി ലഭിച്ചു.
കണ്ണൂരില്‍നിന്ന് 20 കി.മീ അകലെ ഒരു നൂറ്റാണ്ടിലേറെ പഴക്കം ചെന്ന കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മൈതാനമായിരുന്നു സംഗമവേദി. അവിടെ പ്രചാരകനായി പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും മുതിര്‍ന്ന ആള് ഞാന്‍തന്നെയാണ്. പൂര്‍വസൂരികളില്‍ രാ. വേണുഗോപാല്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെ ജില്ലാ പ്രചാരകനായിരുന്ന വി.പി. ജനാര്‍ദ്ദനനാണ് കൂടാളിയില് കൊണ്ടുപോയത്. പിന്നീട് തനിയെയും പോകുമായിരുന്നു.
കവിമാസ്റ്റര് എന്ന് അവിടത്തുകാര്‍ സ്നേഹാദരപൂര്‍വം വിളിച്ച മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ അന്നവിടെ ഭാഷാധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്ന ഗോവിന്ദമാരാരും (പില്ക്കാലത്ത് കെ.ജി. മാരാര്‍), അയല്‍ക്കാരനായിരുന്ന എം.ടി. കരുണാകരനും ഒപ്പമുണ്ടായിരുന്നു. കരുണാകരന് കവിതാസിദ്ധിയുണ്ടായിരുന്നതിനാല് കവിമാസ്റ്ററുടെ ഇഷ്ടനുമായിരുന്നു. മാരാര്‍ക്ക് കവിതയും സാഹിത്യവും സരസതയും പാല്പായസവും.
അല്പസമയത്തെ കവിസമ്മേളനത്തിനുശേഷം ഞങ്ങള്‍ ശാഖയിലേക്കു പോയി – കവിമാസ്റ്ററും. പിന്നീട് സന്ദര്‍ശിച്ചപ്പോള്‍ കൂടാളി ശാഖയുടെ ചുമതല വഹിച്ചിരുന്ന കെ.കെ. കൃഷ്ണന് മാസ്റ്ററുമുണ്ടായിരുന്നു. അദ്ദേഹം കൂടാളിയിലെ ജീവിതം അവസാനിപ്പിച്ച് കൊല്ലങ്കോട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് അങ്ങോട്ടു പോകാന്‍ ഒരുങ്ങുകയായിരുന്നു. ‘കവിയുടെ കാല്‍പ്പാടുകള്‍’ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ കുഞ്ഞിരാമന്‍നായരുടെ ജീവിതം നമുക്ക് വായിക്കാം.
കൂടാളി താഴത്തുവീട് എന്ന ്രപാചീന നാടുവാഴിത്തറവാടു വകയായിരുന്നു സ്കൂള്‍. അവിടത്തെ കാരണവരെയും അന്നു കണ്ടിരുന്നു. വളരെ നല്ല സഹൃദയന്, അദ്ദേഹത്തിന്റെ സഹധര്‍മിണിയുടെ അമ്മാവനായിരുന്നു മലയാളത്തിലെ ആദ്യകാല കഥാകൃത്തായി കരുതപ്പെടുന്ന വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍ (കേസരി നായനാര്‍). അദ്ദേഹത്തിന്റെ കഥാസമാഹാരമാണ് അന്ന് എനിക്ക് സമ്മാനമായി തന്നത്. പഴശ്ശി രാജാവിനെ മുഖ്യകഥാപാത്രമാക്കി കെ.എം. പണിക്കര്‍ ‘കേരളസിംഹം’ എന്ന നോവല്‍ രചിക്കാനായി കൂടാളിതാഴത്തു വീട്ടിലാണ് ഏതാനും മാസങ്ങള്‍ താമസിച്ചത്. പ്രസ്തുത പുസ്തകത്തിന്റെ പ്രസ്താവനയില്‍ പണിക്കര്‍ അതു നന്ദിപൂര്‍വം രേഖപ്പെടുത്തുന്നുമുണ്ട്.
കൂടാളിയിലെ അന്നത്തെ സ്വയംസേവകരില്‍ മിക്കവരും ഇന്നില്ല. ആദ്യം 1953-ല്‍ സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടിയ കെ.എം. ഗോവിന്ദന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ചു. അദ്ദേഹത്തിന്റെ സഹോദരന്മാരെല്ലാം എവിടെയായിരുന്നാലും സംഘത്തില്‍ സജീവമായിരുന്നു. ജലന്തര്‍ നഗരത്തിലെ മുഖ്യചുമതലകള്‍ വഹിച്ച ഒരനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. (നാരായണന്?) കൂടാളിയിലും ചുറ്റുപാടും സംഘവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗോവിന്ദന് മുന്‍കയ്യെടുത്തിരുന്നു.
അവിടത്തെ പഴയ പ്രവര്‍ത്തകനായ കെ.പി. കൃഷ്ണനെയും പരിപാടിക്കിടയില്‍ കാണാന്‍ കഴിഞ്ഞു. 60 ലേറെ വര്‍ഷങ്ങളായി വിശ്രമമില്ലാതെ സംഘപ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. ഇന്നു തീരെ അവശനാണ്. തികഞ്ഞ കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം അചഞ്ചലനായി സംഘപഥം തെരഞ്ഞെടുത്തു. വി.പി. ജനേട്ടനും, മാധവജിയുമൊക്കെ കാട്ടിക്കൊടുത്ത വഴിയില്‍ ‘ഏകനിഷ്ഠ സേവകനാ’യി നടന്നു. ‘കാഞ്ഞിരോടു നെയ്ത്തുകാരുടെ സഹകരണ സംഘ’ത്തിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ആ സംഘത്തെയും സേവിച്ചു. സംഘം സ്ഥിതിചെയ്തിരുന്ന ‘കുടുക്കിമൊട്ട’ എന്ന സ്ഥലത്ത് ബസ്സിറങ്ങി അദ്ദേഹവുമൊരുമിച്ചായിരുന്നു ആദ്യകാലങ്ങളില്‍ കൂടാളിക്കു പോയിരുന്നത്.
അപ്രതീക്ഷിതമായി മറ്റൊരു സ്വയംസേവകനെയും കൂടാളിയില് കാണാന്‍ കഴിഞ്ഞു. കല്യാട്ട് എന്ന സ്ഥലത്ത് കൂടാളിയെന്നപോലത്തെ വലിയൊരു നാടുവാഴി കുടുംബത്തിന്റെ പുത്രനായ എ.കെ. രാജഗോപാലന്‍. കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്റെ അടുത്ത ബന്ധുകൂടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഏറെ വര്‍ഷങ്ങളായി കൂടാളിയില് താമസം.
1958-ല്‍ വി.പി. ജനാര്‍ദ്ദനന്റെ സമ്പര്‍ക്കത്തില്‍ സ്വയംസേവകനായി സ്വന്തം നാട്ടിലും പരിസരങ്ങളിലും ശാഖകള്‍ ആരംഭിച്ചു. 1967-ലാണെന്നു തോന്നുന്നു തളിപ്പറമ്പ് മണ്ഡലത്തില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. പിന്നീട് മുസ്ലിം ഭൂരിപക്ഷ ജില്ലാവിരുദ്ധ സമരത്തിന്റെ ഭാഗമായി അറസ്റ്റ് വരിച്ച് ജയില്‍വാസമനുഭവിച്ചു. എ.കെ. ഗോപാലന്റെ മരുമകന് സത്യഗ്രഹത്തില്‍ പങ്കെടുത്തുവെന്ന് പത്രങ്ങള്‍ എഴുതിയപ്പോള്‍ അങ്ങനെയൊരു മരുമകന് തനിക്കില്ല എന്ന് എകെജി പ്രസ്താവിച്ചു.
കൂടാളി പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുമെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുചെല്ലണമെന്ന് കാര്യകര്ത്താക്കളോടു ചട്ടംകെട്ടിയിരുന്നു. രാജഗോപാലനും കുടുംബവും രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയിലേക്കു സംക്രമിച്ചതു കണ്ട സന്തോഷം പങ്കുവച്ചു. അവരും സംഗമത്തില്‍ പങ്കെടുത്തു.
അഭൂതപൂര്‍വമെന്നു പറയാവുന്ന പ്രൗഢസംഗമം. എല്ലാ അര്‍ത്ഥത്തിലും പ്രൗഢംതന്നെയായിരുന്നു. നാലായിരത്തില്പരം പേര്, അവിടെ സമ്മേളിച്ചതിന്റെ പ്രത്യക്ഷാനുഭവം നല്കുന്ന ആത്മവിശ്വാസം കണ്ണൂര്‍ ജില്ലയ്ക്കാകെ കരുത്തു നല്കുന്നതാവും, തലമുതിര്‍ന്ന പ്രചാരകനായ എസ്. സേതുമാധവന് സംഘവളര്‍ച്ചയുടെ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട്, ദൗത്യപൂര്‍ത്തീകരണത്തിനായി നല്കിയ ആഹ്വാനം, ആ പ്രക്രിയയില്‍ ഓരോ ആളും ഏറ്റെടുക്കേണ്ടിവരുന്ന ബഹുമുഖമായ കര്‍ത്തവ്യങ്ങളെക്കുറിച്ച് ഉത്തേജനം നല്‍കുന്നതായി. അദ്ദേഹത്തിന്റെ ആഴവും പരപ്പുമുള്ള അനുഭവ സമ്പത്ത് നിര്‍ബാധം ഒഴുകിക്കൊണ്ടിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മിക്ക പഴയ സ്ഥാനങ്ങളിലുംനിന്നുള്ള ആദ്യകാല പ്രവര്‍ത്തകര്‍ കൂടാളിയില് എത്തി. അവരെ ഒരിക്കല്‍കൂടി കാണാന്‍ അവസരം ലഭിച്ചു. അവിടത്തെ വിശാല ദൃശ്യം അവരെ ചരിതാര്‍ത്ഥമാക്കാന്‍ മതിയായി എന്നാണ് കരുതുന്നത്.
കണ്ണൂരില്‍നിന്ന് നാട്ടിലേക്കു മടങ്ങുന്ന വേളയില്‍, വകകരയ്ക്കടുത്ത് ആയഞ്ചേരിയിലെ അച്ചുതന് എന്ന പഴയ സ്വയംസേവകന്റെ ഫോണ്‍ സന്ദേശം ലഭിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് ഭോപ്പാലില്‍ താമസമാക്കിയ പി.കെ. മാധവന് അന്തരിച്ച വിവരം അറിയിക്കാനായിരുന്നു വിളിച്ചത്. 1967-70 കാലത്ത് വടകരയിലും പരിസരങ്ങളിലും സംഘ, ജനസംഘ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന മാധവന് പിന്നീട് 1969-ല്‍ ഭോപ്പാലിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശം ലഭിച്ച് പോവുകയായിരുന്നു.
അന്നു ജനസംഘം ദേശീയ കാര്യദര്‍ശിയായിരുന്ന പരമേശ്വര്‍ജിയുടെ പരിചയപത്രവുമായി അവിടെയെത്തിയ മാധവന് അവിടത്തെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പിന്നീട് ഭോപ്പാലില്‍ത്തന്നെ സഹധര്‍മിണിയെ കണ്ടെത്തി അവിടത്തുകാരനായി തുടര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ കത്തുമൂലം ബന്ധപ്പെടുമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ദേശീയ പത്രപ്രവര്‍ത്തക പുരസ്കാരം വാങ്ങാന്‍ ഭോപ്പാലില്‍ പോയപ്പോള്‍ മാധവനെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ സമ്പര്‍ക്കം ചെയ്യാന്‍ സാധിച്ചില്ല. അവിടെ ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞ മലയാളികള്‍ക്കാര്‍ക്കും മാധവനെ അറിയുമായിരുന്നില്ല.
മാധവന്റെ സഹോദരങ്ങള്‍ ആയച്ചേരി ഭാഗത്തെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരാണ്. അവരുടെ നാട്ടില്‍ പോകാനിടയായ സംഭവം മറക്കാനാവില്ല. 1967-ല്‍ കോഴിക്കോട് ജനസംഘം അഖിലഭാരത സമ്മേളനത്തിന് തയ്യാറെടുക്കുന്നതിനിടെ, അതില്‍ പ്രതിനിധിയായി വരാന്‍ തയ്യാറുള്ള ആര്‍ക്കും അംഗത്വം നല്കി പങ്കെടുപ്പിക്കാന്‍ പരമേശ്വര്‍ജി അനുവദിച്ചു. അന്ന് കോഴിക്കോട് സാമൂതിരി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പി.കെ. മാധവനെ പരിചയപ്പെടുകയും, തന്റെ അച്ഛനെ കണ്ടാല്‍ നന്നായിരിക്കുമെന്നയാള്‍ പറയുകയും ചെയ്തു.
വടകരയില്‍നിന്ന് ആയഞ്ചേരിക്ക് പോകാന്‍ അന്നു ബസ്സില്ല. തണ്ണീര്‍പന്തല്‍ എന്ന സ്ഥലത്തു ബസ്സിറങ്ങി, പുഴ കടന്ന് മൂന്നു മൈല്‍ നടക്കണം. അക്കാലത്തു വഴികാട്ടിയായി ഞാന്‍ കരുതിവന്ന എ.കെ. ശങ്കരമേനോനൊരുമിച്ച് ഓരോയിടങ്ങളില്‍ പോകവേ കടത്തനാട് രാജകുടുംബത്തിന്റെ ആസ്ഥാനമായ പുറമേരിയില്‍ ചില പരിചയക്കാരെ കണ്ടു. അവിടത്തെ ജനസംഘം പ്രവര്‍ത്തകനായിരുന്ന ഹോമിയോ ഡോക്ടര്‍ കെ.കെ. നാരായണന് അടിയോടിയോടന്വേഷിച്ചപ്പോള് പുറമേരിയില്‍നിന്ന് ആയഞ്ചേരിക്ക് പുഴ കടക്കാതെ എത്താമെന്നു മനസ്സിലായി. അവിടെനിന്ന് സൈക്കിള്‍ വാടകയ്ക്കെടുത്ത് ശങ്കരമേനോനുമൊത്ത് ആയഞ്ചേരിയിലെത്തി പുതിയോട്ടുംകണ്ടി വീട് കണ്ടെത്തി. അവിടത്തെ ഗൃഹനാഥന് അപ്പക്കുറുപ്പ് എന്ന ആജാനുബാഹു എണ്ണതേച്ചു കുളിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു.
ആ വേഷത്തില്‍ത്തന്നെ കാര്യങ്ങള്‍ സംസാരിച്ച് പ്രതിനിധിയായി മക്കളെ വിടാമെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ നിലയ്ക്ക് നല്ലൊരു തുക സംഭാവനയും തന്നു. അപ്പോഴാണ് ഒരു രഹസ്യം പുറത്തുവിട്ടത്. തലശ്ശേരിക്കടുത്ത് കോടിയേരിയില്‍ സ്വയംസേവകനായ പത്മനാഭന് മാസ്റ്റര്‍ അദ്ദേഹത്തിന്റെ മകനായിരുന്നു. ഇഷ്ടന് ആ രഹസ്യം അച്ഛനോട് ഭയന്ന് വെളിപ്പെടുത്താതിരുന്നു. ആ യാത്ര ശുഭപര്യവസായിയായി. അവിടെ നല്ല ശക്തമായൊരു ജനസംഘ സമിതിയും, പിന്നാലെ ശാഖയും രൂപംകൊണ്ടു. ആ ശാഖയില്‍ സ്വയംസേവകനായി വളര്‍ന്ന എം.ടി. രമേശ് ഇന്ന് സംസ്ഥാന നേതാവാണല്ലോ.
പി.കെ. മാധവന് അന്തരിച്ച വിവരം അറിയിക്കാന്‍ എങ്ങിനെയോ എന്റെ നമ്പര്‍ തപ്പിപ്പിടിച്ച് അച്ചുതന് വിളിച്ചതായിരുന്നു. അരനൂറ്റാണ്ടിനു മുമ്പത്തെ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കാനും അവരൊക്കെ ഇന്നും സംഘാഗ്നി കെടാതെ സൂക്ഷിക്കുക മാത്രമല്ല, അതു തിരി പകരാനും ശ്രദ്ധിക്കുന്നുവെന്നറിയുന്നതിന്റെ സന്തോഷം അനുഭവിക്കാനും കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: