പൊങ്കാലയുടെ തെലുഗു നാമമാകുന്നു ബൊനാലു. ദേവിപ്രീതിക്ക് നല്കുന്ന ഭോജനം അല്ലെങ്കില്‍ ഭക്ഷണം എന്ന് അര്‍ഥം. മധുര ചുട്ടെരിച്ചെത്തിയ കണ്ണകിയുടെ കോപം ശമിപ്പിക്കാന്‍ മധുരം വിളമ്പി കാത്തിരുന്ന പെണ്ണൊരുമയുടെ കഥയ്ക്ക് പഴക്കം ഏറെയുണ്ട്. എന്നാല്‍ സഫലമായൊരു പ്രാര്‍ഥനയുടെ നന്ദിപ്രതീകമായ ബൊനാലുവിന് ഒരു നൂറ്റാണ്ടിന്റെ പഴക്കം മാത്രം.
വസൂരിയെന്ന മഹാവിപത്തില്‍ നിന്ന് ജനങ്ങളെ കാത്ത മഹാകാളിക്ക് സ്ത്രീകള്‍ വര്‍ഷാവര്‍ഷം നടത്തുന്ന പ്രാര്‍ഥനയും നൈവേദ്യവുമാണ് ബൊനാലു. ആന്ധ്രയില്‍ ഹൈദരാബാദ്, സെക്കന്ദരാബാദ്, റായല്‍സീമ എന്നിവിടങ്ങളിലാണ് ബൊനാലു ആഘോഷിക്കുന്നത്. കേരളത്തിലെന്ന പോലെ സ്ത്രീകളുടേത് മാത്രമായ പൊങ്കാല. ആഷാഢത്തിലെ( ജൂണ്‍,ജൂലൈ മാസത്തില്‍) ആദ്യ ഞായറാഴ്ചയാണ് ബൊനാലു തുടങ്ങുന്നത്. അരിയും പാലും പഞ്ചസാരയും ചേര്ത്തുണ്ടാക്കന്ന നൈവേദ്യം ആര്യവേപ്പില, മഞ്ഞള്‍, കുങ്കുമം എന്നിവകൊണ്ട് അലങ്കരിച്ച മണ്‍ചട്ടികളില്‍ നിറച്ച്, ദീപം കൊളുത്തിയാണ് ബൊനാലു ദേവീക്ഷത്രങ്ങളിലേക്ക് കൊണ്ടു പോകുക. ആട്ടവും പാട്ടുമായി പുരുഷന്മാര് അവരെ അനുഗമിക്കും.
നൂറ്റാണ്ട് മുമ്പ് ആന്ധ്രയുടെ ഇരട്ടനഗരങ്ങളായ ഹൈദരാബാദിലും സെക്കന്ദരാബാദിലും സമീപപ്രദേശങ്ങളിലും വസൂരി പടര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. മഹാമാരി പടരുന്നതിന് തൊട്ടു മുമ്പാണ് ഹൈദരാബാദിലെ സേനാവിഭാഗത്തെ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ജോലിക്ക് നിയോഗിച്ചത്. നാട്ടില്‍ വസൂരി പടര്‍ന്ന വാര്‍ത്ത കേട്ട സെനികര്‍ ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. വൈകാതെ വസൂരി മാറി. അതിനുള്ള നന്ദി സൂചകമായി തിരികെയെത്തിയ സൈനികര്‍ സെക്കന്ദരാബാദില്‍ ദേവീവിഗ്രഹം പ്രതിഷ്ഠിച്ചു വെന്നാണ് ചരിത്രവും വിശ്വാസവും.
ആഷാഢത്തിലെ ആദ്യ ഞായറാഴ്ച ഗോല്‍ക്കൊണ്ട കോട്ടയലെ കാളീക്ഷേത്രത്തിലാണ് ബൊനാലുവിന് തുടക്കമാകുക. എഡുരുക്കോലു എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അന്ന് ഘടത്തിന്റെ രൂപത്തില്‍ ദേവി വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. മൂന്നാമത്തെ ഞായറാഴ്ചയാണ് ബൊനാലു ജാത്ര(യാത്ര) . ബൊനാലുവുമായി ക്ഷേത്രത്തിലേക്ക് നീങ്ങുന്ന സ്ത്രീകള്‍ ദേവിയെന്നാണ് സങ്കല്പം.
പട്ടു സാരിയണിഞ്ഞ് സര്‍വാഭരണ വിഭൂഷിതരായാണ് സ്ത്രീകള്‍ ബൊനാലു സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. വിശ്വാസികള്‍ അവരുടെ കാല്കഴുകുന്ന ചടങ്ങ് പതിവാണ്. തെലുഗില്‍ മഹാകാളിയ്ക്ക് നാമഭേദങ്ങള്‍ ഏറെയുണ്ട്. യെല്ലമ്മ, പോച്ചമ്മ, മൈസമ്മ,പേദമ്മ, ദോക്കലമ്മ, അങ്കലമ്മ, മാരെമ്മ, നൂകലമ്മ എന്നിങ്ങനെയാണ് കാളീക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രങ്ങളിലേക്കെല്ലാം ബൊനാലു ജാത്രകള്‍ പുറപ്പെടും.
ദേവിക്ക് പോതരാജു എന്നൊരു സഹോദരനുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. പോതരാജുവും ബൊനാലുയാത്രയില് പങ്കെടുക്കും. ചുവന്ന മുണ്ടുടുത്ത്, കൈകളില്‍ മണികള്‍ ധരിച്ച്, ശരീരം നിറയെ മഞ്ഞള്‍ പൂശി, നെറ്റിയില്‍ കുങ്കുമവും ധരിച്ചെത്തുന്ന പോതരാജുവിന്റെ രൂപം ഘോഷയാത്രയിലെ ചെണ്ടമേളത്തിനൊപ്പം നൃത്തം വെയ്ക്കും. ബോനം തലയിലേന്തിയ സ്ത്രീകളെ പോതരാജുവാണ് ക്ഷേത്രങ്ങളിലേക്ക് ആനയിക്കുക. ദേവിയുടെ രൂപത്തില്‍ അലങ്കരിച്ച ഒരു ചെമ്പുകലശം (ഘടം) പരമ്പരാഗത പൂജാരി ദേഹമാസകലം മഞ്ഞള്‍ പൂശി തലയില്‍ ചുമക്കും. ആഘോഷങ്ങള്‍ക്കൊടുവില്‍ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ഘടം നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: