തൃശൂര്‍: ലോകത്തിന് മുന്നില്‍ കേരളത്തെ അങ്ങേയറ്റം നാണം കെടുത്തിയ സംഭവം, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മാറ്റമില്ലാതെ വനവാസികളുടെ ദുരിത ജീവിതം. അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഇനിയും ഇവിടെ മധുമാരുടെ ജീവിതം ആവര്‍ത്തിക്കുമെന്ന് വ്യക്തം. മധു കൊല്ലപ്പെട്ട കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ പോലും ആരംഭിക്കാനായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനായെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അണിയറില്‍ നടക്കുന്നത്. മധുവിന് നേരെയുണ്ടായതിലും വലിയ ക്രൂരതയാണ് കാടിന്റെ മക്കളോട് ഇപ്പോഴും തുടരുന്നത്. മധുവിന്റെ കൊലയെത്തുടര്‍ന്ന് രാഷ്‌ട്രീയ-ഭരണ നേതൃത്വവും സാംസ്‌കാരിക സംഘങ്ങളും ഇവിടേക്ക് വാഗ്ദാനങ്ങളുമായി പാഞ്ഞെത്തിയിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. അട്ടപ്പാടിയില്‍ എപ്പോള്‍ വേണമെങ്കിലും മറ്റൊരു ദുരന്തം സംഭവിക്കാം എന്നതാണവസ്ഥ. അത്രമേല്‍ ഭീഷണമായ ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഇവരെ വേട്ടയാടുന്നു.
192 ഊരുകളിലായി 33,000 ഓളം വരുന്ന വനവാസി വിഭാഗക്കാരാണ് അട്ടപ്പാടിയിലുള്ളത്. കടുത്ത മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും ബാധിച്ചവരുടെ എണ്ണം ആയിരത്തിനടുത്ത് വരും. അഗളിയിലെ കോട്ടാത്തറ ട്രൈബല്‍ ആശുപത്രിയില്‍ മാനസികരോഗത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചികിത്സ തേടിയവരുടെ എണ്ണം 500നടുത്ത് വരും. ഇതിലേറെയും യുവാക്കളാണ്. ഇതിന്റെ രണ്ടോമൂന്നോ ഇരട്ടി രോഗബാധിതരായുണ്ടെന്നും ചികിത്സ തേടാന്‍ ഇവര്‍ക്ക് മടിയാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.
കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കടുത്ത ദാരിദ്ര്യവും പിന്നാക്കാവസ്ഥയുമാണ് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, തുടങ്ങിയവയാണ് ഇവരെ വിഷാദരോഗികളും തുടര്‍ന്ന് കടുത്ത മാനസിക രോഗികളുമാക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലേറെയും മാഫിയ കൈയടക്കിക്കഴിഞ്ഞു. ഭൂ മാഫിയയുടെ കണ്ണികളായി ഇവിടെയെത്തുന്ന ദല്ലാളുമാരാണ് വനവാസി യുവാക്കള്‍ക്ക് കഞ്ചാവും മദ്യവും മറ്റ് ലഹരിവസ്തുക്കളും നല്‍കുന്നത്. ഇതിന് അടിമകളാകുന്നതോടെ സ്ഥിതി പരമ ദയനീയമാവുകയാണ്. രാഷ്‌ട്രീയക്കാരുടേയും സംഘടിത മതസംഘടനകളുടേയും പിന്‍വലമുള്ളവരാണ് ഭൂമാഫിയ.
കടുത്ത ദാരദ്ര്യവും പട്ടിണിയുമാണ് ഇപ്പോഴും മിക്ക ഊരുകളിലും നിലനില്‍ക്കുന്നത്. 2018-ല്‍ മാത്രം 15 നവജാത ശിശുക്കളാണ് കടുത്ത പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ മൃതിയടഞ്ഞത്. 2017-ല്‍ 14 കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. ഇത് ആഫ്രിക്കന്‍ ദരിദ്ര രാജ്യങ്ങളിലെ ശിശുമരണനിരക്കിനേക്കാള്‍ അധികമാണ്. കോട്ടാത്തറ ആശുപത്രിയില്‍ ഒന്നിലധികം സ്ഥിരം ഗൈനക്കോളജിസ്റ്റുമാരുടെ സേവനം സ്ഥിരമായി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: