ന്യൂദല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസിലെ അന്തിമവാദം ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റി സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. അഴിമതിക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതിനെതിരെ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് വിശദമായ വാദം സിബിഐ ആവശ്യപ്പെട്ടത്.
കേസിലെ പ്രധാന പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്നു പ്രതികള്‍ തങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ വാദങ്ങളും ഹോളിക്ക് ശേഷം ഏപ്രില്‍ ആദ്യവാരം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എന്‍.വി. രമണ, ജസ്റ്റിസ് ശന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. കൃത്യമായ തീയതി പിന്നീട് നല്‍കാമെന്നും കോടതി അറിയിച്ചു.
കേസില്‍ സിബിഐക്ക് വിശദമായ വാദമുഖങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ടെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കുറച്ചു സമയം എടുക്കുന്ന വാദമാണുള്ളത്. അതിനാല്‍ ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ കേസ് ലിസ്റ്റ് ചെയ്യണം. ഇതംഗീകരിച്ച കോടതി വിശദമായ വാദത്തിനായി ഏപ്രിലിലേക്ക് കേസ് മാറ്റി. വി. ഗിരി പിണറായി വിജയന് വേണ്ടി ഹാജരായി കേസ് ഹോളിക്ക് ശേഷം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസില്‍ കക്ഷി ചേരാനുള്ള വി.എം. സുധീരന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എതിര്‍ത്തു. ക്രിമിനല്‍ കേസില്‍ കക്ഷി ചേരാന്‍ പ്രൈവറ്റ് പാര്‍ട്ടിയെ അംഗീകരിക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍, കോടതി ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: