നെഹ്റു കുടുംബം നടത്തിയ അന്‍പത്തിയഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാവാത്തത് താന്‍ നേതൃത്വം നല്കിയ അന്‍പത്തിയഞ്ച് മാസത്തെ ഭരണത്തിന് ചെയ്യാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അഭിമാനത്തോടെ പറയുകയുണ്ടായി. ഈ പ്രഖ്യാപനത്തിന് അടിവരയിടുന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ്. മോദി സര്‍ക്കാരിന്റെ പതിവ് വിമര്‍ശകരായ പലരെയും നിശ്ശബ്ദരാക്കിയ ഈ ബജറ്റിലെ ഏറ്റവും ആകര്‍ഷകമായ പദ്ധതികളിലൊന്നായിരുന്നു പാവപ്പെട്ട കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപ വീതം നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും അന്ധമായ മോദി വിരോധംകൊണ്ട് പദ്ധതിയെ വിമര്‍ശിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയെന്ന കോമാളി രാഷ്ട്രീയക്കാരന്റെ താളത്തിന് തുള്ളുന്ന ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ഉച്ചത്തില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കെതിരെ ഒച്ചവയ്ക്കുകയുണ്ടായി.
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിന്റെ ഈ ആനുകൂല്യം കിട്ടാതിരിക്കാനാണ് സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ സ്വീകരിച്ചപ്പോള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്ക്കുകയാണുണ്ടായത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ആയിരുന്നു. ഇതിന് മൂന്നുദിവസം മുന്‍പുമാത്രം ഇതു സംബന്ധിച്ച ഉത്തരവിറക്കി കര്‍ഷകരെ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അപേക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കിയാല്‍ പദ്ധതി അട്ടിമറിക്കാന്‍ കഴിയുമെന്ന ദുഷ്ടലാക്കോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പ്രതിയോഗികളെ കൊന്നൊടുക്കുക മാത്രമല്ല, ജനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇക്കൂട്ടര്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ജനശത്രുതയാണ്.
ഇപ്പോഴിതാ, യാതൊരു ലജ്ജയുമില്ലാതെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ബഹുമതി ചുളുവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ച കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കയ്യോടെ പിടിയിലായിരിക്കുന്നു. പദ്ധതിയുടെ പേര് പിഎം കിസാന്‍ സമ്മാന്‍ പദ്ധതി എന്ന് ചുരുക്കി തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി പോസ്റ്ററാക്കി ഫേസ്ബുക്കിലിടുകയാണ് മന്ത്രി ചെയ്തത്. ഫോട്ടോഷോപ്പ് വിദ്യയിലൂടെയാണ് പ്രധാനമന്ത്രിയെ മന്ത്രി സുനില്‍കുമാര്‍ നീക്കം ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും കോരിച്ചൊരിഞ്ഞതോടെ മന്ത്രി പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് പിണറായിയുടെയും തന്റെയും ചിത്രങ്ങള്‍ ഒഴിവാക്കി പുതിയ പോസ്റ്റിട്ടു. അപ്പോഴും പ്രധാനമന്ത്രിയെ മറച്ചുപിടിക്കാന്‍ പിഎം എന്നുതന്നെ കൊടുത്തു. ഉത്തരവാദിത്വബോധമുള്ള ഒരു മന്ത്രി ഇങ്ങനെയൊക്കെ പെരുമാറുമെന്ന് സാധാരണ മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. കിസാന്‍ പദ്ധതിക്ക് അപേക്ഷിക്കാന്‍ കരം അടച്ച രസീത് വേണം. കരമടച്ച വകയില്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് ലഭിച്ചത്. ഇതിനുള്ള നന്ദിപോലും പിണറായി സര്‍ക്കാരിനില്ല.
തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെയും ആശാവര്‍ക്കര്‍മാരുടെയും ശമ്പള വര്‍ധനവ്, പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതി എന്നിങ്ങനെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പേരുമാറ്റിയും മറ്റും തങ്ങളുടേതാണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഈ വകയില്‍ ഒടുവിലത്തേതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ കാര്യത്തില്‍ നടത്തിയ കള്ളക്കളി. കേന്ദ്രത്തിന്റേതല്ലാത്ത ഒരു രൂപപോലും സംസ്ഥാന സര്‍ക്കാരിന് ചെലവില്ലാത്തതാണ് ഈ പദ്ധതിയെന്നോര്‍ക്കണം. കൃഷി മന്ത്രിയായി അധികാരമേറ്റ നാളുകളില്‍ സുനില്‍ കുമാറില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. കടകളിലും മറ്റും കയറിയിറങ്ങി മായം ചേര്‍ത്ത വസ്തുക്കള്‍ വില്ക്കാന് അനുവദിക്കില്ലെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി. എന്നാല്‍ കാലംപോകെ പിണറായിയുടെ സ്വന്തം മന്ത്രിയാണ് താനെന്ന് സുനില്‍ കുമാര്‍ തെളിയിച്ചു. ഇതിന്റെ ക്ലൈമാക്സാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയിലെ തിരിമറി. ലജ്ജിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: