തിരുവനന്തപുരം: അനുമതിയോ പണമോ നല്‍കാതെ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ പരസ്യം റെയില്‍വേ നീക്കം ചെയ്തു. തൊട്ടുപിന്നാലെ ഗുണ്ടായിസവുമായി എംപിയുടെ നേതൃത്വത്തില്‍ ഡിഫി പ്രവര്‍ത്തകര്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ മേല്‍ തട്ടിക്കയറി. ഉപരോധത്തിനും ചര്‍ച്ചയ്ക്കും ഒടുവില്‍ ഒരു തീരുമാനവുമാകാതെ സിപിഎം നേതാക്കള്‍ സ്ഥലം കാലിയാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതറിഞ്ഞ് എ. സമ്പത്ത് എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി, മുന്‍ മേയര്‍ ജയന്‍ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി സ്റ്റേഷനില്‍ എത്തിയത്.
എന്നാല്‍ അനുമതി ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ചതെന്നും പരസ്യം സ്ഥാപിക്കുന്ന കരാര്‍ കമ്പനി 55ലക്ഷം രൂപ റെയില്‍വേയ്ക്ക് നല്‍കാനുണ്ടെന്നും അതിനാലാണ് ബോര്‍ഡ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ വീഴ്ച പരസ്യ കമ്പനിയും സമ്മതിച്ചു. എന്നാല്‍ പരസ്യം സ്ഥാപിക്കണം എന്ന് വാശിപിടിച്ച് ഉദ്യോഗസ്ഥരുടെ മുന്നില്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം നിലയുറപ്പിച്ചു. പണം അടച്ചാല്‍ മാത്രമെ പരസ്യം പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് റെയില്‍വെ സീനിയര്‍ ഡിവിഷന് കൊമേഷ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്, സ്റ്റേഷന് ഡയറക്ടര്‍ അജയ് കൗശി എന്നിവര്‍ വ്യക്തമാക്കി.
ഉപരോധവും ചര്‍ച്ചയും കഴിഞ്ഞ് ഇളിഭ്യരായി നേതാക്കള്‍ പുറത്തിങ്ങിയപ്പോള്‍ തല്‍സ്ഥാനത്ത് പിണറായി വിജയന്റെ മുഖത്തോടുകൂടിയ ബോര്‍ഡ് സ്ഥാപിക്കുമെന്ന ഉറപ്പ് നല്കി എന്നാണ് മാധ്യമങ്ങളോട് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ കരാര്‍ കമ്പനി റെയില്‍വേക്ക് നല്‍കാനുള്ള പണം നല്കിയാല് മാത്രം തുടര്‍ന്ന് പരസ്യം സ്ഥാപിക്കൂ എന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലൈമാക്സ് എന്ന പരസ്യകമ്പനിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത്. കമ്പനിക്ക് 2017 മുതല്‍ 2022 വരെ അഞ്ചുവര്‍ഷത്തേയ്ക്ക് രണ്ടരക്കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 2017ല്‍ കമ്പനി സ്ഥാപിച്ച പല പരസ്യങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇത് നവീകരിക്കാനോ പുതുക്കി സ്ഥാപിക്കാനോ റെയില്‍വേ പല തവണ നോട്ടീസ് നല്‍കിയിട്ടും കമ്പനി തയാറായില്ല. മാത്രമല്ല കമ്പനി പലതവണ വരുത്തിയ 55 ലക്ഷം കുടിശ്ശികയും റെയില്‍വേയ്ക്ക് നല്‍കാനുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച് വിവരം ആരാഞ്ഞിരുന്നെന്നും ഇതിന് തൃപ്തികരമായ മറുപടി നല്‍കിയതാണെന്നും സീനിയര്‍ ഡിവിഷന് കൊമേഷ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: