പാലക്കാട്: അയ്യപ്പ വിശ്വാസികള്‍ക്കെതിരെ ഇടതുസര്‍ക്കാര്‍ ചെയ്ത അത്യാചാരം കേരള ജനത ഒരിക്കലും മറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോടിക്കണക്കിന് ജനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിന്റെ അടിത്തറ തോണ്ടുന്ന നിലപാടാണിത്. ബിജെപിയും സംഘപരിവാറും അയ്യപ്പവിശ്വാസികള്ക്കൊപ്പമാണ്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷേത്ര വിശ്വാസത്തെയും കേരള സംസ്കാരത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല വിശ്വാസികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ബിജെപി പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്കും, ബലിദാനികളായ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
കേരളത്തില്‍ രണ്ടായിരത്തോളം സ്വാമിമാരെ ജയിലിലടച്ചു. മുപ്പതിനായിരത്തോളം പേര്‍ക്കെതിരെ കള്ളക്കേസെടുത്തു. സുപ്രീം കോടതി വിധി നടപ്പാക്കുവാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ മുസ്ലീം പള്ളികളിലും മസ്ജിദുകളിലും ലൗഡ് സ്പീക്കര്‍ പാടില്ലെന്ന വിധി നടപ്പാക്കുവാന്‍ തയ്യാറായിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി വിധി ഏതെങ്കിലും ഒരു വിശ്വാസിക്ക് മാത്രമാണോ എന്ന് പിണറായി വിജയന് വ്യക്തമാക്കണം. സുപ്രീംകോടതി വിധി പാലിക്കുന്നവരാണെങ്കില്‍ എത്ര വിധികള്‍ പാലിച്ചുവെന്ന് വ്യക്തമാക്കണം. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസികളെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ത്രിപുരയിലും ബംഗാളിലും ചെയ്തപോലെ സിപിഎമ്മിനെ ഗ്രാമാന്തരങ്ങളില്‍ നിന്നുപോലും പറിച്ചെറിയും, അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുവാന്‍ ശ്രമിച്ച വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. ഐഐടി, എയിംസ്, ദേശീയപാത വികസനം ഉള്‍പ്പെടെയുള്ളവക്ക് ഭൂമി കണ്ടെത്തി നല്കുവാന് മടിച്ചു. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പിണറായി വിജയന് രാഷ്ട്രീയം കളിക്കുകയാണ്. ജനപ്രിയ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഉള്പ്പെടെയുള്ളവര്ക്കായ് ഫിഷറീസ് മന്ത്രാലയം ആരംഭിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നും മോദി പ്രധാനമന്ത്രിയാകുമെന്നും കേരളത്തില്‍ നിന്നും എംപിമാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് ഓരോ ദിവസങ്ങളില്‍ ഓരോരുത്തരായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുക. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ നേതാവാണ് വേണ്ടത്. പ്രതിപക്ഷത്തുള്ളത് ഇടനിലക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. സി.വി. ആനന്ദബോസ്, ദേശീയ ദളിത് സാഹിത്യഅക്കാദമി പ്രസിഡന്റ് സി. കാളിദാസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. അമിത് ഷാ അവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: