കോട്ടയം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരിതാപകരമായതിനെ തുടര്‍ന്ന് ഖജനാവ് പൂട്ടലിന്റെ വക്കില്‍. ഇന്നലെ വരെ ട്രഷറികളില്‍ 11,268 ബില്ലുകളാണ് മാറാതെ കെട്ടിക്കിടക്കുന്നത്. നാല് മാസത്തെ ക്ഷേമ പെന്ഷന് കൂടി അനുവദിച്ചതോടെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതല്‍ മോശമായത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ പിടിച്ച് വയ്ക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കരാറുകാരുടെ ബില്ലുകള്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് വാക്കാല്‍ നിര്‍ദേശം കൊടുത്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഏപ്രില്‍ മാസത്തില്‍ മാറാന്‍ ക്രമീകരണം ഒരുക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസമായ മാര്‍ച്ചില്‍ കോടികളുടെ ബില്ലുകളാണ് മാറേണ്ടത്. നിലവിലുള്ള സാഹചര്യത്തില്‍ ബില്ലുകള്‍ മാറ്റികൊടുക്കാനുള്ള ഫണ്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ മാസത്തേക്ക് നീട്ടുന്നത്. കഴിഞ്ഞ ദിവസം നാല് മാസത്തെ ക്ഷേമ പെന്ഷന് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം. ഇതോടെയാണ് ഖജനാവിന്റെ അവസ്ഥ പരിതാപകരമായത്. നിലവില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാത്രമാണ് ഖജനാവ് തുറക്കുന്നത്.
സാമ്പത്തികവര്‍ഷത്തിന്റെ അവസാനം വൈദ്യുതി, വെള്ളക്കുടിശിക തീര്‍ക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും അനുവദിക്കുന്ന വികസന ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവയില്‍ നിന്ന് തുക തിരിച്ച് പിടിച്ച് 25 ശതമാനം കുടിശ്ശിക തീര്‍ക്കാനാണ് തീരുമാനം. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നതിനാല്‍ പ്രാദേശിക സര്‍ക്കാരുകള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഇതില്‍ ഇളവ് അനുവദിച്ച് പുതിയ ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: