”കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണ്” എന്ന പെരിയ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ പീതാംബരന്റെ ഭാര്യയുടെയും മകളുടെയും വാക്കുകള്‍ സിപിഎം നേതൃത്വത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തുന്നു. പാര്‍ട്ടി ആസൂത്രിതമായി നടത്തുന്ന ഏതൊരു രാഷ്ട്രീയ കൊലപാതകത്തെയും പോലെയാണ് കൃപേഷ്, ശരത്ലാല് എന്നീ യുവാക്കളുടെ ജീവനെടുത്ത പെരിയ ഇരട്ടക്കൊലയും. അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാവുന്ന സത്യമാണ് ഇതെന്നിരിക്കെ, ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്ന യുക്തികളും വിശദീകരണങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നോട്ടുവയ്ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ”ഇടതുമുന്നണിയുടെ ജാഥ നടക്കുമ്പോള്‍ രാഷ്ട്രീയത്തിന്റെ ആദ്യക്ഷരമറിയുന്ന കൂട്ടരാരും ഇങ്ങനെ ചെയ്യില്ല. പാര്‍ട്ടിക്ക് ബന്ധമില്ല.” വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇങ്ങനെ പറഞ്ഞത്. ഈ ഒറ്റവാചകത്തില്നിന്ന് ഉറപ്പിക്കാം; പെരിയയിലെ ഇരട്ടക്കൊല സിപിഎമ്മിന്റെ അറിവോടെയാണെന്ന്. കൊലപാതകങ്ങള്‍ നടക്കുമ്പോഴൊക്കെ പിണറായി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കാണാപ്പാഠം പഠിച്ചുവച്ചിട്ടുള്ള വാക്കുകളാണിത്.
ഇതേ വാചകംതന്നെയാണ് ടി.പി. ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടപ്പോഴും, അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി പറഞ്ഞത്. 2012 മെയ് നാലിനാണ് ടിപിയെ കൊലചെയ്യുന്നത്. ജൂണ്‍ രണ്ടിനായിരുന്നു സിപിഎമ്മിലെ ആര്. സെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നുള്ള നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനും വോട്ടെടുപ്പിനുമിടയില്‍ കൃത്യം ഒരു മാസത്തിന്റെ അകലം.
ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമോ എന്നാണ് ടിപി കൊലചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് പിണറായി ചോദിച്ചത്. ‘മാഷാ അള്ളാ’ എന്നെഴുതിയ കാറിലാണ് ടിപിയുടെ കൊലയാളികള്‍ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇസ്ലാമിക ഭീകരവാദികളായിരിക്കാം കൊലചെയ്തതെന്നും പിണറായി പറഞ്ഞു. അവസാനം ശിക്ഷിക്കപ്പെട്ടത് മൂന്നു പ്രമുഖ സിപിഎം നേതാക്കളും, സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘത്തില്‍പ്പെടുന്ന ഒന്‍പത് പേരും. എന്നിട്ടും കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം മുതല്‍ വിചാരണക്കാലത്ത് ഉടനീളം സിപിഎം പ്രചരിപ്പിച്ചത് ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു.
”ഞങ്ങള്‍ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായാണ് നേരിടുന്നത്. പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്താല്‍ രാഷ്ട്രീയ എതിര്‍പ്പ് ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ സ്വര്‍ഗത്തിലല്ല ഞങ്ങള്‍ ജീവിക്കുന്നത്” എന്നും ടിപിയുടെ വധത്തെ ‘തള്ളിപ്പറഞ്ഞ്’ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വാദിച്ചു. ഇതേ അവകാശവാദം തന്നെയാണ് ഇന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉന്നയിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ നടത്താന്‍ പാടില്ല എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല. അണികള്‍ ഇത് ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ല. എന്നൊക്കെയാണ് കോടിയേരി പറയുന്നത്. ജനങ്ങളോട് ബഹുമാനമില്ലാത്തവര്‍ക്ക് എന്താണ് പറയാന്‍ പാടില്ലാത്തത്. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ഞങ്ങള്‍ ബോംബുണ്ടാക്കുമെന്നും, പാടത്ത് പണി തന്നാല്‍ വരമ്പത്ത് കൂലി നല്കുമെന്നുമൊക്കെ പറഞ്ഞ് പാര്‍ട്ടി അണികളില്‍ ശത്രുതവളര്ത്തുകയും അവരെ അക്രമാസക്തരാക്കുകയും ചെയ്തയാളാണ് നല്ലപിള്ള ചമയുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി മൃഗീയമായ കൊലപാതകങ്ങള്‍ നടത്തുമോയെന്ന് സാധാരണക്കാര്‍ക്ക് തോന്നാം. പക്ഷേ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്കേ ഇത് ബാധകമാവുന്നുള്ളൂ. സിപിഎം ഒരു ജനാധിപത്യ പാര്‍ട്ടിയല്ല. ജനാധിപത്യത്തില്‍ അവര്‍ക്ക് വിശ്വാസവുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് കൊലപാതകം നടത്തിയാല്‍ ജനപിന്തുണ നഷ്ടമാവുമെന്ന ആശങ്ക ജനാധിപത്യ പാര്‍ട്ടികള്‍ക്കേ ഉണ്ടാവൂ. പാര്‍ട്ടി വിടുന്നവനും, പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നവനും, പുതിയ പാര്ട്ടിയുണ്ടാക്കുന്നവനും ഉന്മൂലനം ചെയ്യപ്പെടണം എന്ന നയമാണ് സിപിഎം പിന്തുടരുന്നത്.
ടിപി വധത്തിന്റെ തനിയാവര്‍ത്തനമാണ് പെരിയ ഇരട്ടക്കൊലപാതകത്തിലും കാണുന്നത്. പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആദ്യം പ്രസ്താവിക്കുക. പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് പിന്നീട് പറയുക. ലോക്കല്‍ കമ്മിറ്റിയംഗം പിടിയിലായതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുക. വ്യക്തിവൈരാഗ്യംകൊണ്ട് താനാണ് കൊലചെയ്തതെന്ന് പിടിയിലായയാള്‍ സമ്മതിക്കുക. പാര്‍ട്ടിയുടെ തിരക്കഥയില്‍ വിശദമായി സന്നിവേശിപ്പിച്ചിട്ടുള്ള രംഗങ്ങളാണ് ഇവയൊക്കെയെന്ന് സിപിഎമ്മിന്റെ ‘മോഡസ് ഓപ്പരാന്റി’ അറിയാവുന്നവര്‍ക്ക് മനസ്സിലാവും.
കൊലചെയ്തിട്ടുണ്ടെങ്കില് അത് പാര്‍ട്ടി അറിവോടെയാണെന്നു പറയുന്ന പീതാംബരന്റെ കുടുംബം, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷയനുഭവിക്കണമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. പാര്‍ട്ടിക്കുവേണ്ടി പീതാംബരന് ഇത്തരമൊരു കൃത്യം ചെയ്യാനുള്ള സാധ്യതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ് പീതാംബരനെന്നും ഇവിടെ ഓര്‍ക്കാം. അത്ര ഗൗരവമല്ലാത്ത ഒരു അടിപിടിക്കേസിന്റെ പേരില്‍ രണ്ട് യുവാക്കളെ പച്ചയ്ക്ക് കൊന്നുതള്ളുക. അതിനായി കാറ് സംഘടിപ്പിക്കുക, കൊലയാളി സംഘത്തെ നിയോഗിക്കുക. പാര്ട്ടിക്കാരനായാല്പ്പോലും വ്യക്തിപരമായി ഒരാള്‍ക്ക് ചെയ്യാനാവുന്ന കാര്യമല്ല ഇതൊന്നും. മറ്റാര്‍ക്കോവേണ്ടി പീതാംബരന് കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഭാര്യ പറയുന്നതിനാണ് കൂടുതല്‍ വിശ്വാസ്യത.അതു പാര്‍ട്ടി നിര്‍ദ്ദേശം തന്നെയാവാനേ തരമുള്ളൂ.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തങ്ങള്ക്കെതിരാക്കുന്ന ഇത്തരമൊരു കൊലപാതകം സിപിഎം ചെയ്യുമോയെന്ന് സംശയിക്കുന്നവര്‍ക്ക്, പിണറായി വിജയന് പണ്ട് പറഞ്ഞപോലെ, ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല. കാസര്‍കോട്ട് കൊലചെയ്യപ്പെട്ടിരിക്കുന്നത് കേവലം രണ്ട് യുവാക്കളല്ല, അവര്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകരാണ്. പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് മറ്റുള്ളവരെ പിന്മാറ്റുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. പാര്‍ട്ടി പ്രവര്ത്തനത്തിനുപോയി മക്കള്‍ കൊല്ലപ്പെടാന്‍ മാതാപിതാക്കള്‍, അവര്‍ ഏതു പാര്‍ട്ടിക്കാരാണെങ്കിലും ആഗ്രഹിക്കില്ലല്ലോ. ഇത് പീതാംബരന്റെ ആവശ്യമല്ല, സിപിഎമ്മിന്റെ ആവശ്യമാണ്. ഇതില്‍നിന്നൊക്കെ ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ ഭീകരസംഘടനയാണ് സിപിഎം എന്നുവരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സഖ്യത്തിനും ധാരണയ്ക്കുമൊക്കെ ശ്രമിക്കുകയാണ്. ഇത്തരമൊരു ബന്ധത്തെ ബാധിക്കുന്നത് സിപിഎം ചെയ്യുമോയെന്നും തോന്നാം. ഈ യുക്തി കോണ്‍ഗ്രസ്സിന് ബാധകമല്ല. ടിപി വധത്തിന്റെ ഗൂഢാലോചനയില്‍ പിണറായിക്ക് പങ്കുണ്ടെന്ന സംശയം ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാര്യമായെടുത്തില്ല. ഇക്കാര്യം അന്വേഷിക്കാതെ ഇരുപാര്‍ട്ടി നേതൃത്വവും ഒത്തുകളിച്ചു. ത്രിപുരയിലും പശ്ചിമബംഗാളിലും ആയിരക്കണക്കിന് കോണ്‍ഗ്രസ്സുകാരെയാണ് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ സിപിഎം കൊന്നൊടുക്കിയിട്ടുള്ളത്.
രക്തപങ്കിലമായ ഈ ചരിത്രം വിസ്മരിച്ചാണ് അധികാരക്കൊതി മൂത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്നത്. പെരിയയില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടിലെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പൊട്ടിക്കരഞ്ഞത് വെറും റിയാലിറ്റി ഷോ. അധികാരം കിട്ടാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്തൊക്കെയാണ് ചെയ്യുകയെന്ന് അവര്‍ക്കുപോലും അറിയില്ല. മുല്ലപ്പള്ളിയെപ്പോലെ കരയും. രാഹുല്‍ഗാന്ധിയെപ്പോലെ കൊല്ലിച്ചവരെക്കുറിച്ച് നിശ്ശബ്ദത പാലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: