തൃശൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിനെ നീരസമറിയിച്ച് സിപിഐ. തൃശൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ നിന്ന് കണ്ണൂര്‍ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും സിപിഐ നേതൃത്വം നിര്‍ദേശിക്കുന്നു. കൊലപാതകം സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന നിലപാടിലാണ് സിപിഐ. കാനം രാജേന്ദ്രന് നയിക്കുന്ന ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തേണ്ട ദിവസം തന്നെ കൊല നടന്നതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. കാനത്തിന്റെ ജാഥ ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച നടന്നില്ല.
ഈ ജാഥയും കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും മാര്‍ച്ച് 2ന് തൃശൂരില്‍ സംഗമിക്കുമെന്നാണ് തീരുമാനം. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജാഥ പാഴ്വേലയാണെന്ന നിലപാടിലാണ് സിപിഐ. അവര്‍ ഇത് തുറന്ന് പറയുന്നുമുണ്ട്.
കേരള സംരക്ഷണ യാത്ര നടക്കുമ്പോള്‍ത്തന്നെ പാര്‍ട്ടി ഇരട്ടക്കൊലപാതകം നടത്തിയത് ജാഥയുടെ അന്തഃസത്ത ചോര്‍ത്തി. ഇനി സമ്മേളനത്തിനും ജാഥക്കും പ്രതീക്ഷിച്ച പോലെ ജനപിന്തുണ കിട്ടില്ല. ശക്തി കേന്ദ്രമായി അവര്‍ കണക്കാക്കുന്ന തൃശൂരില്‍ സിപിഎമ്മിന് മേല്‍ക്കൈ കിട്ടുന്ന തരത്തില്‍ ഇനി വലിയ സമ്മേളനം വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. കണ്ണൂര്‍ നേതാക്കള്‍ കൂട്ടത്തോടെ പ്രസംഗിക്കാനെത്തുന്നത് തൃശൂരിലെ വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും സിപിഐ കരുതുന്നു. സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇതോടെ നിര്‍ജീവമായി.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചത്. 2012ലായിരുന്നു ടിപി വധം. 2014ല്‍ നടന്ന തെരഞ്ഞെടുപ്പിലും അതിന്റെ തിരിച്ചടി മുന്നണി നേരിട്ടു. ഉറപ്പായിരുന്ന കോഴിക്കോട്, വടകര സീറ്റുകള്‍ നഷ്ടമായി. ഇക്കുറി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇരട്ടക്കൊലപാതകം. അതിനുപുറമേ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരായ കുരുക്ക് മുറുകുന്നു.
ഇത് വലിയ തിരിച്ചടി സമ്മാനിക്കുമെന്നും സിപിഐ നേതൃത്വം ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ നേതാക്കളെ പങ്കെടുപ്പിച്ച് തൃശൂരില്‍ വലിയ പ്രചരണവും സമ്മേളനവും വേണ്ടെന്ന് സിപിഐ നിലപാടെടുക്കുന്നത്. സിപിഐയുടെ എതിര്‍പ്പിന് പിന്നാലെ മറ്റു ഘടക കക്ഷികളും നീരസം പ്രകടിപ്പിച്ച് രംഗത്തുണ്ട്. എന്നാല്‍ മുന്നണി ഘടനയില്‍ സിപിഎം പുലര്‍ത്തുന്ന അപ്രമാദിത്വം മൂലം തുറന്നു പ്രകടിപ്പിക്കാനാകാത്ത ഗതികേടിലാണ് അവര്‍. സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനെതിരെ അതൃപ്തി രൂക്ഷമാണ്.
സിപിഐയുടെ പ്രതിഷേധ നിലപാടിന് സിപിഎം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പരിപാടി മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് സിപിഎം നേതൃത്വം പറഞ്ഞു. പിണറായി, കോടിയേരി, ഇ.പി. ജയരാജന്, പി. ജയരാജന്, എം.വി. ഗോവിന്ദന് എന്നിവരാണ് കണ്ണൂരില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍. ഇവര്‍ എത്തുമോ എന്ന ചോദ്യത്തിന് സിപിഎം നേതൃത്വം മറുപടി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: