അഞ്ചു വര്‍ഷം എത്ര പെട്ടെന്നാണ് പോയതെന്ന് പരിഭവിക്കുന്നവരുടെ കൂട്ടത്തില്‍ രാഷ്ട്രീയക്കാര്‍ ഏറെയുണ്ട്. ജനങ്ങളെ സേവിക്കാന്‍ കിട്ടിയ സമയം ആയതിന് ഉപയോഗിച്ചോ എന്ന ആശങ്കയാണ് അവരുടെ പരിഭവത്തിനും വിഷമത്തിനും കാരണം. സംഗതി എന്തായാലും അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ വരുന്ന ജനാധിപത്യോത്സവം ഇത്തിരി എരിപുളിയുള്ള സദ്യയാണ്.
വെറും സദ്യയല്ല മഹാസദ്യ. ഇപ്പോള്‍ എല്ലാത്തിനും ഒരു ‘മഹാ’ചേര്‍ത്തെങ്കിലല്ലേ കാണാനും കേള്‍ക്കാനും രുചിക്കാനും സുഖമുണ്ടാവൂ. ഏതായാലും ഏപ്രില്‍ മധ്യവാരം മുതല്‍ മെയ് രണ്ടാംവാരം വരെ ഒരു മഹാസദ്യയാണ് നടക്കാന്‍ പോകുന്നത്. അതിന്റെ ഉപദേശങ്ങള്‍ക്കായി നാലുപാടും പരക്കം പാച്ചിലാണ്.
ഈ മഹാസദ്യയ്ക്ക് ഇത്തിരി ഉശിര് ഉണ്ടാകണമെങ്കില്‍ നമ്മുടെ നാലാംതൂണുകാര്‍ വിചാരിക്കണം. അവരാണല്ലോ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളംകൈയിലിട്ട് അമ്മാനമാടുന്നത്. എന്തിലും ഇത്തിരി മുന്നെ എന്ന അഹങ്കാരത്തോടെ നില്ക്കുന്ന ഒരു നാലാംതൂണിന് പണ്ടില്ലാത്ത ആവേശമാണ് ഇപ്പോള്‍. അതിന്റെ കാരണം തിരഞ്ഞുപോയ പാണന്മാര് ഏതാണ്ടൊക്കെ കണ്ടറിഞ്ഞു, കേട്ടറിഞ്ഞു. അവരത് നാട്ടില്‍ പാടി നടക്കാന്‍ പോകയാണത്രെ. സംഗതി കുശാല്‍ ആണെന്നാണ് കേള്‍വി. പിന്നെ ഈ നാലാംതൂണുകാരന്‍ പറഞ്ഞാല്‍ അങ്ങനെ അവഗണിക്കാന്‍ കഴിയില്ലല്ലോ.
ഇക്കാണായ രാജ്യം ഭരിക്കാന്‍ പൊന്നുതമ്പുരാന് ഒരു കുടുംബത്തിനേ ക്വട്ടേഷന്‍ കൊടുത്തിട്ടുള്ളൂ. അവരല്ലാതെ ആര്‍ക്കും അതിന് അധികാരമില്ല. അഥവാ ആരാനും ആ വഴിക്കെങ്ങാന്‍ വന്നാല്‍ രണ്ട് കഷ്ണമാക്കിക്കളയും. അത് കൃത്യമായി അറിയുന്നത് കോത്താഴത്തെ നാലാംതൂണിന് മാത്രം. ഒരു ചായക്കടക്കാരന് നാടുനന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു മുതല്‍ കൃമികടി തുടങ്ങിയ കൂട്ടരില്‍ കോത്താഴത്തെ നാലാംതൂണ് മുമ്പന്തിയിലാണ്. കടി അസഹ്യമാവുമ്പോള്‍ നോട്ട് നിരോധനം, ജിഎസ്ടി, റഫാല്‍ ഇത്യാദി ലേഹ്യം വാങ്ങി, ഒരു വയറിളക്കലുണ്ട്. കുറച്ചു നാളത്തേക്ക് കടിക്ക് ശമനം വരുന്നതോടെ നാടിനും നാട്ടാര്‍ക്കും ഇത്തിരി സമാധാനമാവും.
എന്നാല്‍ ചായക്കടക്കാരനെയും സംഘത്തെയും വെട്ടിനിരത്താന്‍ ശേഖരിച്ചുവെച്ച ആയുധങ്ങളൊന്നും പോരാതെ നിരാശ ബാധിച്ചിരിക്കുന്ന കാലത്താണ് അത് സംഭവിച്ചിരിക്കുന്നത്. അതാ വരുന്നു നക്ഷത്രക്കണ്ണുള്ള രാജകുമാരി. രാജ്യം ഭരിക്കാന്‍ ക്വട്ടേഷന്‍ കിട്ടിയവരെക്കാള് ആവേശത്തോടെ, ആത്മവിശ്വാസത്തോടെ നമ്മുടെ കോത്താഴം നാലാംതൂണതാ എട്ടുനിലയില്‍ ആര്‍ത്തട്ടഹസിക്കുന്നു. അവരുടെ ഒന്നാം പുറത്ത് പൂക്കളില്‍ കുളിച്ച രാജകുമാരിയും രാജകുമാരനും. അതിന് തൊട്ടിപ്പുറത്ത് വമ്പന്‍ വെണ്ടയ്ക്ക ഇങ്ങനെ: ‘ഇതാ പ്രിയങ്ക, പുതിയൊരു ഇന്ദിര’. പോരേ, ആവേശം അലകടലാവാന്‍ ഇനിയെന്തുവേണം. രാജ്യത്തിന്റെ ഹൃദയഭൂമിയെന്ന് കാവ്യാത്മകമായും രാഷ്ട്രീയാത്മകമായും പറയുന്ന ഉത്തരപ്രദേശത്ത് നടന്ന റാലിയെ പരാമര്‍ശിച്ചായിരുന്നു നാലാംതൂണിന്റെ വിവരണം.
എന്തിനും ഏതിനും കമ്മിഷനും ദല്ലാള്‍പണിയും നടന്നിരുന്ന ഒരു സൗവര്‍ണകാലം നമ്മുടെ നാലാം തൂണ് പൊടിതട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചതിന്റെ ഉള്ളിലെന്താവാം. നാടിന്റെ ജീവനും സ്വത്വവും അടിയറവെച്ചും ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ അനേക കാതം അകറ്റിനിര്‍ത്തി അശരണര്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങ് നല്കിയ ഒരു ഭരണകൂടത്തെ വെട്ടിനിരത്താന്‍ അവസരം വന്നു എന്ന ആഹ്ലാദമാവുമോ ? അതോ ദല്ലാള്‍പ്പണി വീണ്ടും പച്ചപിടിക്കുമെന്ന മോഹമോ?
പഴയ ഇന്ദിര ആരായിരുന്നു എന്ന് ഈ രാജ്യം പത്ത് പതിനെട്ട് മാസം കൊണ്ട് നന്നായറിഞ്ഞിട്ടുണ്ട്. കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയാന്‍ പോലും തയാറായ നാലാംതൂണുകാരുടെ പ്രതിനിധിക്ക് ഒരുപക്ഷേ, സാധാരണ മനുഷ്യര്‍ അന്ന് എങ്ങനെയായിരുന്നു കഴിഞ്ഞതെന്ന് ഓര്മ കാണില്ല. ജനാധിപത്യത്തെയും ജനാവകാശങ്ങളെയും കുറിച്ച് ‘മെയിന്‍ പീസും’ ‘മിഡില്‍ പീസും’ ‘ടെയില്‍ പീസും’ കാച്ചി സുന്ദരമുഖം കാണിക്കുന്ന കോത്താഴം നാലാംതൂണ് തടവറയ്ക്കുള്ളിലേക്ക് ഈ രാജ്യത്തെ ചവിട്ടിത്തെറിപ്പിച്ച വേളയില്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ജനസാമാന്യത്തിന് ബോധ്യമുണ്ട്. അഥവാ ആര്‍ക്കെങ്കിലും വിഷമം വന്നെങ്കിലോ എന്ന് കരുതിയാവും പുതിയൊരു ഇന്ദിര എന്ന ലേബല്‍ ഒട്ടിച്ചത്.
ജനാധിപത്യാവകാശങ്ങളെ ശവപ്പെട്ടിയിലാക്കി ആണിയടിച്ച് ചിതയിലേക്കെറിഞ്ഞതിന്റെ ഭീതിദമായ ഓര്‍മകള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴും വേതാളനൃത്തം ചവിട്ടുമ്പോള്‍ ‘പുതിയ ഇന്ദിര’ എന്ന് പറയുന്നതാവുമല്ലോ ഉചിതം ! എങ്ങനെയൊക്കെ വേഷംമാറി അവതരിച്ചാലും നാടിനെ ഇരുമ്പഴിക്കുള്ളിലാക്കി നിര്‍ത്തിയതും എണ്ണിയാലൊടുങ്ങാത്ത പാവങ്ങളെ കാലപുരിക്കയച്ചതും അത്ര പൊടുന്നനെ ജനം മറന്നുപോവുമോ?
ചായക്കടക്കാരന് രാജ്യത്തെ സ്വയംപര്യാപ്തതയിലാക്കാന്‍ കൈക്കൊണ്ട പല പദ്ധതികളും ‘മുമ്പെ കയ്ക്കും, പിന്നീട് മധുരിക്കും’ രീതിയിലുള്ളതായിരുന്നു. അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും ഈരാജ്യത്തുണ്ടെന്നും അവന്റെ കൂടി നാടാണ് ഇതെന്നും മനസ്സിലാക്കിക്കൊണ്ടുള്ള ഭരണമായിരുന്നു കഴിഞ്ഞ അഞ്ചുകൊല്ലം നടന്നത്. നാടിന്റെ ചൗക്കിദാറായി നിന്നുകൊണ്ട് നാടു മുടിച്ചവരെ ഒന്നൊന്നായി പൊതുസമൂഹത്തിനു മുന്നില്‍ ‘പൊരിക്കുക’യായിരുന്നു പ്രധാനമന്ത്രി. അതില്‍ അസ്വസ്ഥരായവര്‍ അനവധിയാണ്. ഭരണത്തിന്റെ എക്കാലത്തെയും ക്വട്ടേഷന്‍ ഏറ്റെടുത്ത കുടുംബത്തിന് ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയി. ആവുന്നതൊക്കെ നോക്കിയിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ പ്രധാനമന്ത്രിയെ കള്ളന് എന്നു വിളിക്കാനാണ് കുടുംബ മഹിമ പറയുന്ന രാജകുമാരന് തയാറായത്. സ്വന്തം പേരില്‍ പോലും ‘ഗാന്ധി’യെന്ന കള്ളത്തരം തൊങ്ങല് ചാര്‍ത്തിയ ആളാണ് ആത്മാര്‍ത്ഥത മാത്രം കൈമുതലായ ഒരു വ്യക്തിയെ ‘കള്ളന്’ എന്ന് വിളിച്ചതെന്ന് ഓര്‍ക്കണം.
തന്നെക്കൊണ്ട് ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് നല്ലവണ്ണം മനസ്സിലാക്കിയതോടെയാണ് ‘പുതിയൊരു ഇന്ദിരാ’ പരീക്ഷണവുമായി രംഗത്തു വന്നതെന്നതാണ് വസ്തുത. അത് കോത്താഴം നാലാംതൂണ് നാടുനീളെ പെരുമ്പറകൊട്ടി ഘോഷിച്ചു നടക്കുന്നുണ്ടെങ്കില്‍ ഉദ്ദേശ്യം വ്യക്തമല്ലേ. രണ്ടാമൂഴത്തില്‍ എംടിയുടെ കൃഷ്ണന് പാണ്ഡവരോട് പറയുന്നില്ലേ, ‘എന്നെങ്കിലുമൊരിക്കല്‍ ഘടോല്‍ക്കചനെ നീങ്ങള്‍ക്ക് കൊല്ലേണ്ടിവരും. അതിപ്പോള്‍ കൗരവര്‍ ചെയ്തെങ്കില്‍ നന്നെന്ന് കരുതിയാല്‍ പോരേ’ എന്ന്. പുതിയൊരു ഇന്ദിരയ്ക്കായ് തുടിക്കുന്ന ആ നാലാം തൂണില്‍ നിന്ന് ഇനിയെന്തൊക്കെ കാണാനിരിക്കുന്നു, ശംഭോ മഹാദേവ.
നേര്‍മുറി
നരേന്ദ്രമോദി തന്നെ ഇനിയും
പ്രധാനമന്ത്രിയാവും: മുലായം
ഇതാ പുതിയൊരു മുലായം
പ്രതികരിക്കാൻ ഇവിടെ എഴുതുക: