ന്യൂദല്‍ഹി: ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ അംഗങ്ങളായ തൊഴിലാളികള്‍ അടയ്‌ക്കേണ്ട തുകയില്‍ ഒന്നര ശതമാനത്തിന്റെ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം പിടിക്കുന്ന തുകയിലാണ് കുറവ് വരുത്താന്‍ ഇഎസ്‌ഐ ബോര്‍ഡ് യോഗം തീരുമാനിച്ചത്.
ശമ്പളത്തിന്റെ ആറര ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായാണ് ഇഎസ്‌ഐ വിഹിതം കുറച്ചിരിക്കുന്നത്. ഇഎസ്‌ഐയില്‍ അംഗമായ തൊഴിലാളിയുടെ ശമ്പളത്തിന്റെ തൊഴിലുടമയുടെ ഇഎസ്‌ഐ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായും തൊഴിലാളി വിഹിതം 1.75%ല്‍ നിന്ന് ഒരു ശതമാനവുമായാണ് വെട്ടിക്കുറിച്ചത്. പതിനായിരം രൂപ ശമ്പളമുള്ള ഇഎസ്‌ഐ അംഗത്തിന്റെ പ്രതിമാസ വിഹിതം 650ല്‍ നിന്ന് 500 രൂപയായി കുറയും. പുതിയ ബോര്‍ഡ് തീരുമാന പ്രകാരം വര്‍ഷം 1800 രൂപയുടെ ലാഭമാണ് തൊഴിലാളിക്ക് ലഭിക്കുക. നിലവില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനമെന്ന് ഇഎസ്‌ഐ ബോര്‍ഡംഗം വി. രാധാകൃഷ്ണന്‍ അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.
ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 20,000 കോടിയും ചിലവ് 9000 കോടിയുമാണ്. വരുമാനത്തിലെ വര്‍ദ്ധനവിന് പ്രയോജനം എല്ലാ തൊഴിലാളികള്‍ക്കുമായി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ 11 ലക്ഷം ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പുതിയ തീരുമാന പ്രകാരം ഇളവുകള്‍ ലഭിക്കും. ഇഎസ്‌ഐ അംഗങ്ങളായവരുടെ രക്ഷിതാക്കള്‍ക്ക് 5000 രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടേല്‍ ചികിത്സാ സൗജന്യത്തിന് അര്‍ഹത ഉണ്ടായിരുന്നില്ല. രക്ഷിതാക്കളുടെ ഈ വരുമാന പരിധി 9000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ ഇടുക്കി ജില്ലയില്‍ മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സിലും മണ്ണന്‍കണ്ടതും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പുതിയ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാനും ഇഎസ്‌ഐ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് 146 ഡിസ്‌പെന്‍സറികളും ഒമ്പത് ആശുപത്രികളും ഉണ്ട്. എല്ലാ ആശുപത്രികളിലും ഐസിയു സംവിധാനങ്ങള്‍ അടക്കം സജ്ജമാവുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇഎസ്‌ഐ സംവിധാനങ്ങള്‍ ഉള്ള സംസ്ഥാനമായി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ ഉയര്‍ത്താന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: