കൊച്ചി: നടന് ജഗതി ശ്രീകുമാര്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലൂടെയാണ് തിരിച്ചുവരവ്.
2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷമായി ചികിത്സയിലാണ്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി രാജ്കുമാര് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. രാജ്കുമാറും മകള്‍ പാര്‍വതി ഷോണും മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. നിരവധി പരസ്യ ചിത്രങ്ങളില്‍ ചെയ്തിട്ടുള്ള സിധിനാണ് ക്രിയേറ്റീവ് ഡയറക്ടര്‍.
പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ജഗതി ശ്രീകുമാര്‍ എന്റര്ടെയ്ന്മെന്റ് പരസ്യ കമ്പനിയുടെ ഉദ്ഘാടനവും 27ന് വൈകിട്ട് ഏഴിന് സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ നടക്കും. ചലച്ചിത്ര താരങ്ങളും ജഗതിയുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. പരസ്യത്തിന്റെ ലോഞ്ചിങ് തിരുവനന്തപുരത്താണ്. വരും വര്‍ഷം സിനിമയില്‍ അഭിനയിക്കാന്‍ ജഗതി തയാറെടുക്കുകയാണെന്നും രാജ്കുമാര് വ്യക്തമാക്കി. സില്‍വര്‍ സ്റ്റോം എം.ഡി ഷാലിമാര്‍, സുധീര്‍ അമ്പലപ്പാട് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: