പുല്‍വാമയിലെ അവന്തിപോറ… അതെ, അവിടെയാണ് സിആര്‍പിഎഫിലെ ധീരജവാന്മാര്‍ക്കുനേരെ പാക്ഭീകരന്മാര്‍ രക്തച്ചൊരിച്ചില്‍ നടത്തിയത്. ജമ്മുകാശ്മീരില്‍ കുറേനാളായി നടന്നുവരുന്ന ഭീകരവേട്ട ഏതാണ്ടൊക്കെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴാണ് സര്‍വശക്തിയും സമ്പാദിച്ച് ഇത്തരമൊരു ക്രൂരതയ്ക്ക് ജെയ്ഷ് ഇ മുഹമ്മദിലെ കൊടും ഭീകരര്‍ മുതിര്‍ന്നത്.
എത്രപേരുടെ ജീവന് നഷ്ടപ്പെട്ടു എന്നതല്ല പ്രശ്നം, ഇനി ഇതുപോലൊന്ന് ആവര്‍ത്തിച്ചുകൂടാ എന്നതാണ്. അത്തരമൊരു പ്രതിജ്ഞയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാനും തീരുമാനിക്കാനും സര്‍ക്കാര്‍ സുരക്ഷാസേനകളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവിടെ നാം ഒന്നുകൂടി കാണേണ്ടതുണ്ട്; ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ലഭിച്ച പിന്തുണ. ലോകരാജ്യങ്ങള്‍ എല്ലാം നമുക്കൊപ്പം അണിനിരന്നു, ഒരുപക്ഷേ ചൈന ഒഴികെ. ഇവിടെ പാക്കിസ്ഥാനൊപ്പം കൂട്ടുപ്രതിയാണ് ബീജിംഗ് എന്നത് മറന്നുകൂടാ. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ലാതായിരിക്കുന്നു എന്നര്‍ത്ഥം, ഒരു ആഗോള വിഷയമായിരിക്കുന്നു.
ജമ്മുകാശ്മീരില്‍ ഭീകരപ്രവര്‍ത്തനം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, അതിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പണ്ഡിറ്റ് നെഹ്റുവിന്റെ വിവരക്കേടാണ് അതിന് വഴിവെച്ചത് എന്നത് ചരിത്രമാണ്; ഷെയ്ഖ് അബ്ദുള്ളയ്ക്ക്വേണ്ടി രാജ്യത്തോട് അദ്ദേഹം ചെയ്ത ഏറ്റവും വലിയ പാതകങ്ങളില്‍ ഒന്നായിരുന്നു പാക് അധീനകാശ്മീര്‍ (പിഒകെ) തിരികെ പിടിച്ചെടുക്കാതിരുന്നതും അനുച്ഛേദം 370 കൊണ്ടുവന്നതും. അന്ന് തുടങ്ങിയ പ്രശ്നങ്ങളാണ് ഇതെന്നത് മറന്നുകൂടാ; അതാണ് ചരിത്രം, യാഥാര്‍ഥ്യം.
ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കറാണ് 1947ല്‍ കാശ്മീര്‍ രാജാവിനെക്കണ്ട് സംസാരിച്ചതും ഉപാധികള്‍ കൂടാതെ ഇന്ത്യയില്‍ ലയിക്കാന്‍ പ്രേരിപ്പിച്ചതും. പിന്നെയെന്തിന് അനുച്ഛേദം 370, 35 എ എന്നിവ കൊണ്ടുവന്നുവെന്ന ചോദ്യം മറന്നുകൊണ്ട് ആ സംസ്ഥാനത്തെ പ്രശ്നങ്ങളെ വിശകലനം ചെയ്യാനാവില്ലല്ലോ. അവിടെ ഭീകരരെ ഇറക്കി ഇന്ത്യക്ക് തലവേദനയുണ്ടാക്കാന്‍ തുടങ്ങിയത് പാക്കിസ്ഥാനാണ്; പാക് അധീന കാശ്മീരില്‍ ഭീകരപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചത് പാക്സൈന്യമാണ്. ആ വിഘടനവാദ-ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ അനവധി ജമ്മുകാശ്മീരിലുണ്ട്. ഹുറിയത്, ചില രാഷ്ട്രീയകക്ഷികള്‍ ഒക്കെയും. എന്തിനുമേതിനും പാക്കിസ്ഥാനിലേക്ക് എത്തിനോക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കെതിരായ യുദ്ധത്തിലെ പങ്കാളികളായി മാറുന്നത് പലവട്ടം കണ്ടിട്ടുണ്ട്.
സ്ഥലപരിമിതിമൂലം പലതിന്റെയും വിശദാംശങ്ങളിലേക്ക് പോകാന്‍ കഴിയില്ല; എന്നാല്‍ സൈനികരെ കല്ലെറിയുന്നവരെ സ്വാതന്ത്ര്യസമര സേനാനിമാരായി കണ്ടതും, അവര്‍ക്കെതിരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതിവരെ പോയതും, ഭീകരരെ ആക്രമിച്ചതിന് സൈനിക ഉദ്യോഗസ്ഥരെ ജയിലില്‍ അടച്ചതുമൊക്കെ രാജ്യത്തിന് മറക്കാനാവാത്ത കാര്യങ്ങളാണല്ലോ. സൂചിപ്പിച്ചത്, തീവ്രവാദികളെ ഒരുവിധത്തില്‍ സംരക്ഷിക്കുന്ന, സഹായിക്കുന്ന നിലപാട് ഇന്ത്യയിലെ കക്ഷികള്‍ പലപ്പോഴായി സ്വീകരിച്ചുപോന്നിരുന്നു.
നമ്മുടെ ക്യാമ്പസുകളില്‍ മുഴങ്ങിയ ‘കാശ്മീരിനെ സ്വാതന്ത്രമാക്കും, ഇന്ത്യയെ വെട്ടിമുറിക്കും’ എന്നും മറ്റുമുള്ള രാജ്യദ്രോഹകരമായ മുദ്രാവാക്യങ്ങള്‍ക്ക് പ്രേരണയായത് ആരാണെന്നത് രാജ്യം കണ്ടതല്ലേ. ജെഎന്‍യുവിലും ഹൈദ്രാബാദ് സര്‍വകലാശാലയിലും ഏറ്റവുമൊടുവില്‍ അലിഗറിലും നാം അതുകേട്ടു; ആദ്യ രണ്ടിടത്ത് ഇക്കൂട്ടര്‍ക്കൊപ്പം വേദിപങ്കിടാന്‍ ഇന്ത്യയിലെ മുതിര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു എന്നതോര്‍ക്കുക. കാശ്മീരില്‍ ഹുറിയത്തുകാര്‍ പരസ്യമായി നടത്തുന്ന പാക് അനുകൂല നീക്കങ്ങള്‍ തന്നെയാണ് ഈ ക്യാമ്പസുകളില്‍ കണ്ടത്; അതിനെ തുണയ്ക്കാന്‍, പ്രോത്സാഹിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയും യെച്ചൂരിയും കെജ്രിവാളും ശശിതരൂരുംവരെ ഉണ്ടായെങ്കില്‍ അതൊരു ചെറിയ പ്രശ്നമല്ലല്ലോ.
ഇപ്പോള്‍ ആക്രമണം നടത്തിയ ഭീകരപ്രസ്ഥാനത്തെ യുഎന്‍ നിരോധിച്ചതാണ്; അതിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതുമാണ്. അതിന്റെയടിസ്ഥാനത്തില്‍ ഭാവിനടപടി എടുക്കേണ്ടത് ഒരു യുഎന്‍ കമ്മിറ്റിയാണ്. അവര്‍ തീരുമാനിച്ചാലേ അയാളുടെ സ്വത്ത് കണ്ടുകെട്ടാനും അയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനും കഴിയൂ.
പക്ഷേ ചൈന മസൂദ് അസറിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയും യുഎസും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ഇക്കാര്യം ആ സമിതിയില്‍ ഉന്നയിച്ചതാണ്; അപ്പോഴൊക്കെ ചൈന വീറ്റോ പ്രയോഗിക്കുകയായിരുന്നു. പാക്ഭീകരനോട് ചൈനയ്ക്കുള്ള അടുപ്പവും വിധേയത്വവും ശ്രദ്ധിക്കേണ്ടതാണ്. ചൈന-പാക് വാണിജ്യ ഇടനാഴി, പാക്കിസ്ഥാനിലെ ചൈനീസ് താല്പര്യങ്ങള് എന്നിവയ്ക്ക് സഹായമേകുന്നത് ഈ ഭീകരപ്രസ്ഥാനം കൂടിയാണ്. ഒരര്‍ത്ഥത്തില്‍ ബീജിംഗാണ് ഇന്നിപ്പോള്‍ ഈ ഭീകരരെ താങ്ങിനിലനിര്ത്തുന്നത്. നമ്മുടെ ക്യാമ്പസുകളില്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ ഇറങ്ങിതിരിച്ചവര്‍ക്കും ഈ ബന്ധം അറിഞ്ഞോ അറിയാതെയോ ഉണ്ടാവണം. ഇതൊരു ആഗോള ചങ്ങലയാണ് എന്നര്‍ത്ഥം.
ഇതൊക്കെ ഇപ്പോഴും നമുക്ക് കാണാനാവുന്നുണ്ട്. സിപിഎം നിലപാട് ഒന്ന് നോക്കൂ; പുല്‍വാമ സംഭവത്തെ ആ പാര്‍ട്ടി അപലപിച്ചു; എന്നാല്‍ അതില്‍ ജെയ്ഷ് ഇ മുഹമ്മദിനെക്കുറിച്ച് പരാമര്‍ശമേയില്ല.
(സിപിഎമ്മിന്റെ ആദ്യ പ്രസ്താവനയെക്കുറിച്ചാണ്; ഇത് തയ്യാറാക്കുംവരെ മറ്റൊന്ന് ശ്രദ്ധയില്‍ പെട്ടതുമില്ല). ആ സംഭവമുണ്ടായപ്പോള്‍തന്നെ ആ ഭീകരപ്രസ്ഥാനം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതാണ് എന്നതോര്‍ക്കുക. എന്നിട്ടെന്ത്യേ അവരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ കഴിയാതെപോയത്. കോണ്‍ഗ്രസിന്റെ സമീപനം നോക്കുക. ആദ്യത്തെ അവരുടെ പ്രതികരണം പാര്‍ട്ടി വക്താവില്‍നിന്ന് ഉണ്ടായത് തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നു. ‘പുരകത്തുമ്പോള്‍ വാഴവെട്ടുക’ എന്നൊക്കെ പറയുന്നതുപോലെ. എന്നാല്‍, പിന്നീട്, കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി രംഗത്തുവന്നു.
പക്ഷേ, അപ്പോഴും അവരുടെ വിശ്വാസ്യത ഒരു പ്രശ്നമാണ്; കാര്‍ഗില്‍ യുദ്ധവേളയില്‍ അത് അനുഭവേദ്യമായതാണല്ലോ. യുദ്ധത്തിന് പിന്തുണനല്കിയ കോണ്‍ഗ്രസ്, അത് വിജയത്തിലേക്ക് നീങ്ങുന്ന വേളയില്‍, നട്ടാല്‍മുളയ്ക്കാത്ത കള്ളപ്രചാരണവുമായി രംഗത്തുവന്നില്ലേ; ഇന്ത്യ യുദ്ധം വിജയിച്ചാല്‍ വാജ്പേയി സര്‍ക്കാരിന്റെ ജനപിന്തുണ വര്‍ദ്ധിക്കുമെന്ന ആശങ്കയാണ് അന്ന് അവരെ അതിനൊക്കെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് മാത്രമല്ല ഇടതുപാര്‍ട്ടികളും അതിനൊപ്പം കൂടി. അത്രയ്ക്ക് കളിക്കുന്നവരാണിവര്‍. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന് അതൊക്കെ ഓര്‍മ്മയുണ്ടാവും എന്ന് കരുതുക.
ഇന്നിപ്പോള്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യക്കൊപ്പം അണിനിരന്നിട്ടുണ്ട്. ഭീകരതയ്ക്കെതിരെ ഇന്ത്യ എടുക്കുന്ന ശക്തമായ നിലപാടുകള്‍ക്കൊപ്പം അവര്‍ വരുന്നു. ഒരുപക്ഷേ ഇവിടെ വേറിട്ട് നില്‍ക്കുന്നത്, നേരത്തെ സൂചിപ്പിച്ചതുപോലെ, ചൈന മാത്രമാവും. പാക് ഭീകരപ്രവര്‍ത്തനങ്ങളുടെ ദുരന്തം പേറുന്നവരാണ് ഇന്ത്യയും അഫ്ഗാനിസ്സ്ഥാനും ഇറാനും. അയല്‍വാസികളാണ് എല്ലാം. അവിടെ തലയിട്ടവര്‍ എല്ലാം അതിന്റെ വിഷമതകള്‍ അനുഭവിച്ചിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും ഇസ്ലാമാബാദ് ഇന്ന് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ് എന്നതുമോര്‍ക്കുക.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ ഇരുപതിലൊന്ന് പോലും അവരുടെ കയ്യിലില്ല. ചൈനയെയാണ് അവര്‍ പലതിനും ആശ്രയിക്കുന്നത്; പക്ഷേ അവര്‍ വെറുതെ ഒന്നും കൊടുക്കുന്നില്ല; എന്തുകൊടുത്താലും അതിന് പകരം പലതും നേടിയെടുക്കുന്നു. പാക്കിസ്ഥാനില്‍ ചൈനയ്ക്ക് വലിയ താല്പര്യങ്ങളുണ്ട്; ഒരു കോളനിയാക്കാനുള്ള ശ്രമങ്ങള്‍ അവിടെ നിഴലിക്കുന്നുണ്ട്. അതുകൊണ്ടാണ് ഐഎസ്ഐയെയും അവര്‍ക്കൊപ്പമുള്ള ഭീകരരെയും താലോലിക്കുന്നത്. ഇന്ത്യയെ തളര്‍ത്തേണ്ടതും ചൈനയുടെ ആവശ്യമാണല്ലോ; പ്രത്യേകിച്ചും സാമ്പത്തിക ഇടനാഴിക്ക് തടസങ്ങള്‍ നീങ്ങണമെങ്കില്‍ നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തില്‍നിന്ന് പോയേതീരൂവെന്ന് അവര്‍ക്കറിയാം. അതിന്റെഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന ഈ ശ്രമങ്ങള്‍. പൊതുതെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഇത്തരമൊരു കൊടിയ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് പിന്നില്‍ ആ ഒരു കണക്കുകൂട്ടല്‍ പോലുമുണ്ടാവണം. നരേന്ദ്ര മോദിയെ തകര്‍ക്കല്‍ എന്ന പദ്ധതി.
ഈ ഭീകരാക്രമണത്തിന് തയ്യാറായവര്‍ക്കും അതിന് സഹായമേകിയവര്‍ക്കും കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവരുമെന്ന് നരേന്ദ്ര മോദി പറഞ്ഞുകഴിഞ്ഞു. ഒരു മുന്‍ പ്രധാനമന്ത്രിയും ഇത്തരത്തില്‍ ശക്തമായും വ്യക്തമായും പറഞ്ഞിരിക്കില്ല. എന്ത്, എങ്ങനെ, എപ്പോള്‍ വേണമെന്ന് തീരുമാനിക്കാന്‍ സുരക്ഷാസേനയ്ക്ക് പൂര്‍ണ്ണ അധികാരവും നല്കി. ഇന്ത്യ ഒറ്റക്കെട്ടായി അണിനിരക്കേണ്ടത് ഈ സന്ദര്‍ഭത്തിലാണ്. ഇത് കാശ്മീരിനെ സംബന്ധിച്ചുള്ള അവസാന പോരാട്ടമാവുമെന്ന് കരുതുന്നവരുണ്ട്, ആഗോള തലത്തില്‍പോലും. തീര്‍ച്ചയായും ഇത് അവസാനത്തേതായില്ലെങ്കിലും അവസാനത്തെ നീക്കങ്ങളുടെ അവസാന ഘട്ടത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: