ഭാരതത്തെ കീഴടക്കാനുള്ള ‘അവരുടെ ആയിരത്തി ഇരുനൂറാണ്ട് പഴക്കമുള്ള സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി’ എന്നായിരുന്നു പാക്കിസ്ഥാന്റെ രൂപീകരണത്തെക്കുറിച്ച് പ്രശസ്ത ചരിത്രകാരന് അര്‍ണോള്‍ഡ് ടോയന്‍ബി നിരീക്ഷിച്ചത്. ഒരു സഹസ്രാബ്ദത്തിലേറെ നീണ്ടുനിന്ന അധിനിവേശ ശ്രമങ്ങളിലും ഫലപ്രാപ്തിയിലെത്താതെ പോയ ആ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കുമുള്ള പടവുകള്‍ പിന്നീട് ഇസ്ലാമിസ്റ്റുകള്‍ ചവിട്ടിക്കയറിയത് എങ്ങനെയാണെന്നതിന് പില്ക്കാല ചരിത്രം സാക്ഷിയാണ്. മതഭീകരത ഭരണോപാധിയായി സ്വീകരിച്ചും അതിര്‍ത്തിക്കപ്പുറം തീവ്രവാദം വളര്‍ത്തിയും ഭാരതത്തിലേക്ക് തങ്ങളുടെ അതിര്‍ത്തികള്‍ കശ്മീരിലേക്കും പഞ്ചാബിലേക്കും കൂടുതല്‍ വികസിപ്പിക്കുകയെന്ന പാക്തന്ത്രത്തിന് ആ രാജ്യത്തിന്റെ പിറവിയോളംതന്നെ പഴക്കമുണ്ട്. വിഭജനാനന്തരം കശ്മീരില്‍ നടന്ന പത്താന് അക്രമങ്ങളും തുടരെയുണ്ടായ തുറന്ന യുദ്ധങ്ങളും 2001ലെ പാര്‍ലമെന്റ് ആക്രമണവും 2016ലെ ഉറി ആക്രമണവും പോലെ ഭാരതീയ മനസ്സില്‍ മറവിക്ക് വിട്ടുകൊടുക്കാതെ എഴുതിച്ചേര്‍ക്കപ്പെടേണ്ടതാണ് നാല്‍പ്പത് ധീരജവാന്മാരുടെ ജീവനെടുത്ത ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണവും.
ജിഹാദിന്റെ വഴിയില്‍ ദൈവത്തിനുവേണ്ടി ജീവന് ബലിനല്കാന് തയ്യാറായ കൊലയാളി സംഘമാണ് ഫിദായീനുകള്‍ എന്നറിയപ്പെടുന്നത്. പുല്‍വാമയില്‍ നടന്ന ഫിദായീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് അതിനായി നിയോഗിച്ചത് ആദില്‍ മുഹമ്മദ് എന്ന ഇരുപത്തിരണ്ടുകാരനായ തീവ്രവാദിയെ ആയിരുന്നു. പേര്‍ഷ്യയിലും ഈജിപ്തിലും തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിനില്‍ക്കുന്ന ഫിദായീന്‍ അക്രമങ്ങള്‍ മതതീവ്രവാദത്തിന്റെ കലര്‍പ്പില്ലാത്ത ഉദാഹരണമാണ്. കശ്മീരിനെ ഭാരതത്തില്‍നിന്ന് അടര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദാണ് (മുഹമ്മദിന്റെ സൈന്യം) ഫിദായീനിന്റെ ഇന്ത്യയിലെ പ്രയോക്താക്കള്‍. മരണാന്തരം ഫിദായീനുകള്‍ക്ക് മതവിശ്വാസ പ്രകാരം ഉറപ്പായ സ്വര്‍ഗമെന്ന പ്രലോഭനമാണ് മറ്റെന്തിനേക്കാളും ഇവരെ ഇത്തരം ക്രൂരതയ്ക്ക് പ്രേരിപ്പിക്കുന്നത്. ‘ഫിദായീന്‍’ എന്ന പ്രയോഗം ഒഴിവാക്കി നാല്പതു സൈനികരുടെ ജീവനെടുത്ത കൊടുംഭീകരവാദിയെ ‘കാര്‍ ബോംബര്‍’ എന്നും ‘ലോക്കല്‍ യൂത്ത്’ എന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ഞെട്ടലോടെയാണ് രാജ്യം കണ്ടത്. തീവ്രവാദത്തിന് മതമുണ്ടെന്നും അതിനെ കൃത്യമായി അഭിസംബോധന ചെയ്യാതെ ഈ വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയിെല്ലന്നുമുള്ള അടിസ്ഥാനതത്വത്തെ തമസ്കരിക്കുന്ന പത്രമാധ്യമങ്ങളുടെയും ഇടതുബുദ്ധിജീവികളുടെയും പ്രഖ്യാപിത നിലപാടിന്റെ ഏറ്റവും വികൃതമായ ഉദാഹരണമായിരുന്നു ഇത്.
ഇസ്ലാമിക ഭീകരതയുടെ കൂത്തരങ്ങായ പാക്കിസ്ഥാനും ഒപ്പം ഭാരതത്തിനെതിരെ രഹസ്യയുദ്ധം നയിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയും അതിര്‍ത്തിപങ്കിടുന്ന ഭാരതത്തില്‍ അതിര്‍ത്തി-ആഭ്യന്തര സുരക്ഷാപാലനം മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഏറെ ശ്രമകരമായ ചുമതലയാണ്. അമേരിക്കയെപോലെ സുരക്ഷാ-ഇന്റലിജന്‍സ് സംവിധാനങ്ങള്‍ സുശക്തമായ രാജ്യത്തുപോലും അതിര്‍ത്തി സംരക്ഷണം ഒരു കീറാമുട്ടിയായി തുടരുകയാണ്. മെക്സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പൊതുവെ അപ്രായോഗികമെന്ന് കരുതിയിരുന്ന മതില് നിര്‍മ്മാണത്തിനായി അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രമ്പ് ഈ ദിവസങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെയിരിക്കെ ഭീകരതയുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീര്താഴ്വര പോലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക പിന്തുണ പോലുമില്ലാതെ സൈന്യം നടത്തുന്ന സുരക്ഷാപാലനത്തില്‍ വീഴ്ചകളുണ്ടാകുന്നത് അസ്വാഭാവികമല്ല.
സുരക്ഷിത ഭാരതം
ഭീകരാക്രമണങ്ങള്‍ ആഭ്യന്തരസുരക്ഷയ്ക്കും സാധാരണ ജനജീവിതത്തിനും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്ന യുപിഎ ഭരണകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് രാജ്യത്തെ പൗരന്മാര്ക്ക് ഇന്ന് ലഭിക്കുന്ന മെച്ചപ്പെട്ട സുരക്ഷ. കിലോമീറ്ററുകള്‍ മാത്രം വിസ്തീര്‍ണമുള്ള കശ്മീര്‍താഴ്വരയിലേക്ക് രാജ്യത്തെ ഭീകരവാദത്തെ ഒതുക്കാന്‍ കഴിഞ്ഞുവെന്നത് ബിജെപി സര്‍ക്കാരിന്റെ വലിയ നേട്ടമായി കാണണം. ഇക്കാലയളവില്‍ അമേരിക്കയും കാനഡയും ഫ്രാന്‍സും ഇംഗ്ലണ്ടും അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിരന്തരമുള്ള ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ നൂറുക്കണക്കിന് സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടുകൊണ്ടിരുന്നതെന്ന വസ്തുതയും ഇതിനോട് കൂട്ടിവായിക്കണം.
ഭീകരതയെ വേരോടെ പിഴുതെറിയുകയെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം ലക്ഷ്യം കണ്ടുതുടങ്ങി എന്നാണ് കണക്കുകളും അനുഭവങ്ങളും സൂചിപ്പിക്കുന്നത്. 2000 മുതലുള്ള കണക്കെടുത്താല്‍, ഏറ്റവും കൂടുതല്‍ വിദേശ തീവ്രവാദികളെ സൈന്യം വധിക്കുന്നത് 2018 ലാണ്. ജമ്മുകശ്മീര്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം 2018ല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 246 തീവ്രവാദികളില്‍ 90 പേര് വിദേശികളും 150 പേര് പ്രാദേശിക തീവ്രവാദികളുമാണ്. 99 സൈനിക ഓപ്പറേഷനുകളാണ് കഴിഞ്ഞവര്‍ഷം മാത്രം നടന്നത്. 2019ലെ ആദ്യത്തെ 46 ദിവസങ്ങളില്‍ മാത്രം 31 തീവ്രവാദികളാണ് താഴ്വരയില് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രാജ്യത്തുടനീളം അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ വേറെ. ഇതിലൂടെ 2014ന് മുന്‍പ് തകൃതിയായി നടന്നിരുന്ന തീവ്രവാദ റിക്രൂട്ടുമെന്റുകള്‍ ഏറെക്കുറെ ഇല്ലാതാക്കി. കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദിന്‍ പോലുള്ള ഭീകരസംഘടനകള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭാരതസര്‍ക്കാരിന്റെ ശക്തമായ ഭീകരവിരുദ്ധ പ്രവര്‍ത്തങ്ങളോടുള്ള പ്രതികരണമാണ് ഇപ്പോള്‍ പ്രത്യാക്രമണത്തിന്റെ രൂപത്തില്‍ നടന്നത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ അനന്തരവര് ഉള്‍പ്പെടുന്ന സംഘത്തെ വകവരുത്തിയതിന്റെ പ്രതികാരമെന്നോണമാണ് സിആര്‍പിഎഫിനെതിരെയുള്ള ഭീകാക്രമണത്തെ സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
മുമ്പെങ്ങുമില്ലാത്തതുപോലെ പ്രതികാരത്തിനായുയരുന്ന മുറവിളികള്‍ നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തോട് സാമാന്യ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. മുംബൈ ഭീകരാക്രമണകാലത്തോ അതിനു മുമ്പും പിമ്പും രാജ്യത്ത് തീവ്രവാദി ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട സമയങ്ങളിലോ പാക്കിസ്ഥാനെതിരെയുള്ള സൈനിക തിരിച്ചടിക്ക് ഭാരതം മുതിര്‍ന്നിട്ടില്ല. ഉറി സംഭവത്തിനുശേഷം സൈന്യം നടത്തിയ വിജയകരമായ മിന്നലാക്രമണമാണ് രാഷ്ട്രത്തിന്റെ ആത്മവീര്യം തിരിച്ചെടുത്തത്. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ശത്രുക്കള്‍ക്കുപോലും മുഖവിലക്കെടുക്കേണ്ടിവരും. പുല്‍വാമക്കുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് സൈന്യം എന്ത് മാര്‍ഗ്ഗം അവലംബിക്കുമെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ എന്തെങ്കിലും സാംഗത്യമുണ്ടെന്ന് തോന്നുന്നില്ല.
പാക്കിസ്ഥാനു മേല്‍ മുറുകുന്ന നയതന്ത്ര സമ്മര്‍ദ്ദം
വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക്കിസ്ഥാന് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ഒപ്പം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദിനെതിരെ നടപടികളെടുക്കണമെന്നും ഭീകരസംഘടനകളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന പാക്കിസ്ഥാന്റെ നയത്തില്‍നിന്ന് പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിനെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യത്തെക്കുറിച്ച് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇന്ത്യയുടെ നയതന്ത്രപ്രതിനിധികള്‍ അതത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളെ ബോധ്യപ്പെടുത്തുന്നത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 2016 ല്‍ നടന്ന ഉറി ഭീകരാക്രമണത്തിനുശേഷം ഇതേ രീതിയില്‍ നയതന്ത്ര സമ്മര്‍ദ്ദംചെലുത്തി ഇസ്ലാമാബാദില് ചേരാനിരുന്ന സാര്‍ക് സമ്മേളനം മാറ്റിവെയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ലോകരാജ്യങ്ങളെ നയിക്കാന്‍ ഭാരതത്തിന് കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ അംബാസിഡര്‍ കെന്നെത്ത് ജസ്റ്ററിന്റെയും ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേയുമൊക്കെ പ്രതികരണങ്ങള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണ്.
പാക്കിസ്ഥാന് സൗഹൃദരാജ്യം അല്ലാതാകുമ്പോള്‍
ഗാട്ട്കരാര് നിലവില്‍ വന്നതിനുശേഷം 1995 ലാണ് ഭാരതം ‘ങീേെ എമ്ീൗൃലറ ചമശേീി’ അഥവാ സൗഹൃദരാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നത്. ഇത് പ്രകാരം ഡബ്ല്യൂടിഒ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള താരിഫ് ഇളവുകള്‍ പാക്കിസ്ഥാനും ബാധകമാക്കിയിരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം 2016-17ല്‍ ഭാരതത്തില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയുടെ മൂല്യം ഏകദേശം രണ്ട് ബില്യണ്‍ ഡോളറാണെങ്കില്‍ തിരിച്ചുള്ള ഇറക്കുമതി ഏകദേശം 288 മില്യണ്‍ ഡോളര്‍ മാത്രമാണ്. സൗഹൃദ രാജ്യം എന്ന പദവിയില്‍ നിന്ന് പാക്കിസ്ഥാനെ നീക്കം ചെയ്യാനുള്ള തീരുമാനം പാക്കിസ്ഥാനില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാക്കിസ്ഥാന് വിദേശകാര്യ വക്താവ് ഇതിനെക്കുറിച്ച് കൃത്യമായി പ്രതികരിക്കാന്‍ പോലും വിസമ്മിതിച്ചു, കാര്യങ്ങള്‍ പഠിച്ചശേഷംപറയാം എന്നാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചത്. പ്രശസ്ത പാക് ദിനപത്രമായ ഡോണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇതിനെ വലിയ ആശങ്കയോടെയാണ് നോക്കികണ്ടത്. ഉറി ഭീകരാക്രമണത്തിനുശേഷം പോലും നാം ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയിരുന്നില്ല. ഈ തീരുമാനം അവിടുത്തെ ആഭ്യന്തര വിലക്കയറ്റത്തിനു വരെ കരണമായേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയത്. പാക്കിസ്ഥാനിലെ വിനോദ-വ്യവസായ രംഗത്തിന്റെ കുത്തക ഏകദേശം ഭാരതത്തിനാണെന്ന് പറയാം. അതുകൊണ്ട് ഈ തീരുമാനം സാധാരണ ജനങ്ങള്‍ക്കിടയിലുണ്ടാക്കാന്‍ പോകുന്ന ആഘാതം ചെറുതായിരിക്കുകയില്ല.
(ഓര്‍ഗനൈസര്‍ വാരികയുടെ സബ്-എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: