ഗ്രീക്ക് പുരാണത്തില്‍ പിറന്ന ആദ്യ മനുഷ്യകന്യകയാണ് പണ്ടോറ. സാക്ഷാല്‍ സിയൂസ് ദേവന്റെ മകള്‍. ഒരുനാള്‍ തന്റെ മനുഷ്യപുത്രിയെ സിയൂസ് ഭൂമിയില്‍ രാപാര്‍ക്കാനയച്ചു. ഒരുപാട് സമ്മാനങ്ങള്‍… ഒപ്പം അതിമനോഹരമായ ഒരു പേടകവും ദേവന് മകള്‍ക്ക് നല്കി; ~ഒരു മുന്നറിയിപ്പും. ഈ പേടകം ഒരു കാരണവശാലും നീ തുറക്കരുത്. തുറന്നാല്‍ അപകടം ഉറപ്പ്!
കാലം കടന്നുപോകവേ പണ്ടോറയുടെ മനസ്സില്‍ വല്ലാത്തൊരാകാംക്ഷ തുടികൊട്ടിത്തുടങ്ങി. എന്തായിരിക്കും സിയൂസ് ദേവന് തന്ന ആ പേടകത്തില്‍. ഒടുവില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ പണ്ടോറ ആ പേടകം തുറന്നു. പെട്ടെന്നാണത് സംഭവിച്ചത്. പെട്ടിയിലടച്ച സാധനങ്ങള്‍ അടുത്ത നിമിഷം ഭൂമിയിലേക്ക് പറന്നിറങ്ങി. വിശപ്പ്, രോഗം, യുദ്ധം, അസൂയ, അത്യാഗ്രഹം… അരുതാത്തത് ചെയ്തതിന്റെ അനുഭവം. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മനുഷ്യകുലത്തില്‍ അനര്‍ത്ഥങ്ങള്‍ പെയ്തിറങ്ങി. നൂറ്റാണ്ടുകള്‍ കൊഴിഞ്ഞുപോകവേ ‘പണ്ടോറയുടെ പെട്ടി’ ഒരു പഴംചൊല്ലായി മാറി. അരുതാത്തത് ചെയ്താല്‍ ആപത്ത് ഉറപ്പാവുമെന്ന് ആ പഴംചൊല്ല് മനുഷ്യകുലത്തെ ഓര്‍മ്മിപ്പിച്ചു.
ഹി ജിയാന്‍കു എന്ന ചൈനക്കാരന് ശാസ്ത്രജ്ഞന് നടത്തിയ ഗവേഷണമാണ് മാലോകരെ ഒരിക്കല്‍ക്കൂടി പണ്ടോറയുടെ പെട്ടിയുടെ കഥ ഓര്‍മ്മിപ്പിക്കാന്‍ കാരണമായത്. മനുഷ്യന്റെ പാരമ്പര്യവാഹിയായ ജീനുകളുടെ മേല്‍ തോന്നുംപടി കത്രികപ്പണി നടത്തി പ്രത്യേക സിദ്ധികളുള്ള ഇരട്ടക്കുട്ടികളെ ജനിപ്പിച്ചതാണ് ആ ഗവേഷണത്തിന്റെ തുടര്‍ഫലം. ശാസ്ത്രത്തിന്റെയും മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും സമസ്ത സീമകളെയും മറികടന്നാണ് ജീനുകളുടെ മേല്‍ ഹി ജിയാന്‍കു കത്രികപ്രയോഗം അഥവാ എഡിറ്റിങ് നടത്തിയത്.
രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമുള്ള ഗുണഗണങ്ങളോടുകൂടിയ കുഞ്ഞുങ്ങളെ ജീന്‍ എഡിറ്റിങ്ങിലൂടെ പടച്ചു നല്‍കാമെന്നാണ് ഹി ജിയാന്‍കു അവകാശപ്പെടുന്നത്. താന്‍ നടത്തിയ ഗവേഷണങ്ങളത്രയും സ്വന്തം പണംകൊണ്ടു മാത്രമാണെന്നും, സതേണ്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (ഷെന്‍ചെന്‍)യിലെ ഈ യുവ ഗവേഷകന് പറയുന്നു. എച്ച്ഐവി അഥവാ എയ്ഡ്സ് അണുബാധിതരായ പുരുഷന്മാരും രോഗബാധിതരല്ലാത്ത സ്ത്രീകളും തമ്മിലുള്ള സംയോഗത്തില്‍ രൂപമെടുത്ത ഭ്രൂണങ്ങളിലാണ് ഹി ജിയാന്‍കു കത്രിക പ്രയോഗം നടത്തിയത്. അതും ഭ്രൂണത്തിന് കേവലം ഒരു മാസം പ്രായമുള്ള അവസ്ഥയില്‍. അങ്ങനെ ജനിതകക്കുട്ടികള്‍ക്ക് എയ്ഡ്സ് പ്രതിരോധ ശേഷിയും സിദ്ധിച്ചിട്ടുണ്ടത്രെ.
ലോകത്ത് ഇതേവരെ ആരും പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയായ ‘ക്രിസ്പര്‍’ വിദ്യയാണ് ഹി ജിയാന്‍കു അവലംബിച്ചത്. അതില്‍ ജനിച്ച കുട്ടികളുടെ പേരും ഹി പത്രസമ്മേളനത്തില്‍ അറിയിച്ചു-ലുലു, നാന.
ക്രിസ്പര്‍ സാങ്കേതിക വിദ്യയ്ക്ക് ചെലവ് പൊതുവെ കുറവാണത്രേ. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഒട്ടേറെ ഗവേഷണശാലകളില്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ജീന്‍ എഡിറ്റിങ് ഒട്ടേറെ എതിര്‍പ്പും നേരിടുന്നുണ്ട്. പ്രധാനം ഈ സാങ്കേതിക വിദ്യയുടെ പാര്‍ശ്വഫലങ്ങളും പരിണതഫലവും ശാസ്ത്രം ഇതുവരെ പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലായെന്നതു തന്നെ. ഇതുമൂലം മനുഷ്യഭ്രൂണത്തില്‍ എന്തെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടാവുമോയെന്നതിലും ഉറപ്പില്ല. അപ്രകാരം സംഭവിച്ചാല്‍ മനുഷ്യകുലത്തോടുതന്നെ ചെയ്യുന്ന കൊടുംക്രൂരതയാവും അത്. ക്രിസ്പര്‍ വിദ്യ, അഥവാ ഒരു വിജയമാണെങ്കില്‍ത്തന്നെ അത് ഒരുതരം ‘സമ്പൂര്‍ണ മനുഷ്യരെ’ സൃഷ്ടിക്കുകയാവും ചെയ്യുക. അതാവട്ടെ മനുഷ്യവര്‍ഗത്തിലെ വൈവിധ്യം ഇല്ലായ്മ ചെയ്യും.
ജീനുകളില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്താമെന്ന ഹി ജിയാന്‍ കുവിന്റെ കണ്ടെത്തല്‍ സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടമാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ ശാസ്ത്രലോകം ഏതാണ്ട് ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുന്നു. ഇത് അന്തര്‍ദ്ദേശീയ തലത്തില്‍ത്തന്നെ ധര്‍മവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നു. കടുത്ത ചട്ടങ്ങള്‍ ഇതിനെ മൂക്കുകയറിടാന്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശാസ്ത്രത്തില്‍ എന്തുമാവാം എന്ന മനോഭാവം ശരിയല്ലെന്ന് ആവര്‍ത്തിക്കുന്നു. ഇതൊക്കെ അനുവദിച്ചുകൊടുത്താല്‍ കപട ശാസ്ത്രജ്ഞരും തെമ്മാടി ഗവേഷകരും എന്തൊക്കെയാവും കാട്ടിക്കൂട്ടുകയെന്നോര്‍ത്ത് നെടുവീര്‍പ്പിടുന്നു… (നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ മനുഷ്യാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും പേരുപറഞ്ഞ് ഹി ജിയാന്‍കുവിന് ജയ് വിളിക്കാന്‍ കുറെ ബുദ്ധിജീവികളെയും ന്യായീകരിക്കാന്‍ കുറെ നിയമജ്ഞരെയും കിട്ടാതിരിക്കില്ലായെന്ന് ഓര്‍ക്കുക…)
നാട്ടിലെ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിരുദ്ധമായി നടത്തിയ ഗവേഷണത്തിന്റെ പേരില്‍ ഈ ഗവേഷകന് ചൈനയില്‍ കടുത്ത നിയമനടപടികള്‍ നേരിടുകയാണ് ഇപ്പോള്‍. പ്രാഥമിക അന്വേഷണത്തില്‍ ടിയാന് കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുന്നുവത്രേ. അനുവാദമില്ലാതെ ഗവേഷണം നടത്തിയതും ജനിതക ശാസ്ത്രത്തിന്റെ രീതിശാസ്ത്രം മറികടന്നതും യോഗ്യതയില്ലാതെ പണിയെടുത്തതുമൊക്കെയാണ് ഹി നേരിടുന്ന ആരോപണങ്ങള്‍. പലതും ചൈനയില്‍ വധശിക്ഷവരെ കിട്ടിയേക്കാവുന്ന കുറ്റങ്ങള്‍. ഗവേഷകന് ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.
ലോകത്ത് ഇപ്പോഴും ധാര്‍മ്മികതയുടെ അടിത്തറ ഭദ്രമാണെന്ന് കാണിക്കുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍… ‘പണ്ടോറ’യുടെ പേടകം തുറക്കാനൊരുങ്ങുന്ന എടുത്തുചാട്ടക്കാര്‍ക്കുള്ള ഒരു കടുത്ത മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: